| Monday, 23rd October 2023, 11:23 pm

ആര്‍ക്കാണ് നന്നായി പെനാല്‍ട്ടി അടിക്കാന്‍ അറിയുക? മറുപടിയുമായി നെയ്മര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിക്കായി ബൂട്ടുകെട്ടുന്ന സമയത്ത് ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ നല്‍കിയ അഭിമുഖം ശ്രദ്ധ നേടുകയാണിപ്പോള്‍. അഭിമുഖത്തിനിടെ മെസിയാണോ എംബാപ്പെയാണോ നെയ്മറാണോ നന്നായി പെനാല്‍ട്ടി ചെയ്യുന്നതെന്ന് അവതാരകന്‍ താരത്തോട് ചോദിച്ചിരുന്നു. അതിന് മെസിയുടെ പേരാണ് നെയ്മര്‍ പറഞ്ഞത്.

താനും എംബാപ്പെയും ചെയ്യുന്നതിനെക്കാള്‍ നന്നായി പെനാല്‍ട്ടിയെടുക്കാന്‍ മെസിക്ക് സാധിക്കുമെന്ന് അതിന് നല്ല പരിശീലനം ആവശ്യമുണ്ടെന്നും നെയ്മര്‍ പറഞ്ഞു. 2021ല്‍ ‘ഓ മൈ ഗോള്‍’ എന്ന ഷോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നെയ്മര്‍ ഇക്കാര്യം പറഞ്ഞത്.

‘എനിക്ക് തോന്നുന്നത് മെസിയാണ് നന്നായി പെനാല്‍ട്ടി ചെയ്യുന്നത് എന്നാണ്. അദ്ദേഹത്തിന്റെ ഷോട്ടുകള്‍ ബെറ്ററാണ്. അതിന് ഒരുപാട് പരിശീലനം വേണം,’ നെയ്മര്‍ പറഞ്ഞു.

2017ലാണ് ബാഴ്സലോണയില്‍ നിന്ന് പി.എസ്.ജി 222 മില്യണ്‍ യൂറോയുടെ റെക്കോഡ് തുകക്ക് നെയ്മറെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. പി.എസ്.ജിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറിയ നെയ്മര്‍ക്ക് ലോകകപ്പിന് ശേഷം തന്റെ പഴയ മികവിലേക്ക് തിരിച്ചെത്താന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നെയ്മര്‍ക്ക് സീസണില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായിരുന്നു.

അര്‍ജന്റൈന്‍ ഇതിഹാസം പാരീസിയന്‍ ക്ലബ്ബിന്റെ പടിയിറങ്ങിയതിന് പിന്നാലെ നെയ്മറും ക്ലബ്ബുമായി പിരിയുകയായിരുന്നു. ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് നെയ്മര്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലുമായി കരാറില്‍ ഒപ്പുവെച്ചത്.

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ നെയ്മര്‍ക്കായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് അല്‍ ഹിലാല്‍ ഒരുക്കിയിരിക്കുന്നത്. യാത്രകള്‍ക്കായി സ്വകാര്യ വിമാനവും താമസിക്കാന്‍ കൊട്ടാരം പോലുള്ള വീടും പരിചാരകരെയും അല്‍ ഹിലാല്‍ നെയ്മര്‍ക്ക് ഓഫര്‍ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വാര്‍ഷിക പ്രതിഫലത്തിനും സീസണ്‍ ബോണസിനും പുറമെയാണ് നെയ്മര്‍ക്കായി അല്‍ ഹിലാല്‍ ഓഫറുകള്‍ വെച്ചുനീട്ടിയിരിക്കുന്നത്. അല്‍ ഹിലാലുമായി നെയ്മര്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്.

അതേസമയം, വേള്‍ഡ് കപ്പ് ക്വാളിഫയേഴ്‌സില്‍ കഴിഞ്ഞ ദിവസം ഉറുഗ്വേക്കെതിരെ നടന്ന മത്സരത്തില്‍ നെയ്മര്‍ പരിക്ക് പറ്റിയിരുന്നു. മത്സരത്തിന്റെ 46ാം മിനിട്ടിലാണ് താരത്തിന് കാലിന്റെ ലിഗ്മെന്റിന് പരിക്കേറ്റത്.

ഉടന്‍ തന്നെ താരത്തെ സ്ട്രക്ച്ചറില്‍ കളത്തില്‍ നിന്ന് പുറത്തുകൊണ്ടുപോവുകയായിരുന്നു. നെയ്മറിന്റെ പരിക്ക് ഗുരുതരമാണെന്നും താരത്തിന് ശസ്ത്രക്രിയ ആവശ്യമാണെന്നും സൗദി ക്ലബ്ബായ അല്‍ ഹിലാല്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. താരത്തിന് ഈ സീസണ്‍ പൂര്‍ണമായും നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Content Highlights: Neymar about Lionel Messi’s penalty

We use cookies to give you the best possible experience. Learn more