മാഡ്രിഡ്: പരിക്ക് വേട്ടയാടിയ വര്‍ഷമാണെങ്കിലും 2018 തന്നെ സംബന്ധിച്ചിടത്തോളം ഗംഭീരമായിരിന്നുവെന്ന് ടെന്നീസ് സൂപ്പര്‍താരം റാഫേല്‍ നദാല്‍. വരാനിരിക്കുന്ന വര്‍ഷത്തെ പ്രതീക്ഷയോടെ കാണുന്ന താരം കൂടുതല്‍ കിരീടങ്ങള്‍ നേടാമെന്നും കണക്കുകൂട്ടുന്നു.
ഒരു ഗ്ലാന്‍ഡ്സ്ലാമും മൂന്നു മാസ്റ്റേഴ്സ് കിരീടങ്ങളടക്കം നദാലിന് ഇക്കൊല്ലം ഭേദപ്പെട്ടതാണ്. വര്‍ഷാവസാനമാണ് നദാല്‍ പരിക്കേറ്റ് വിശ്രമത്തിലായത്.
ഒരു വര്‍ഷം അവസാനിക്കുമ്പോള്‍ ലോക രണ്ടാം റാങ്കുകാരനാകുകയെന്നത് ചെറിയ കാര്യമല്ലെന്നും നദാല്‍ കൂട്ടിച്ചേര്‍ത്തു. ഫ്രഞ്ച് ഓപ്പണ്‍, മോണ്ടെ കാര്‍ലോ, ബാഴ്സലോണ, റോം, ടൊറന്റോ കിരീടങ്ങളാണ് നദാല്‍ നേടിയത്.
ഇത്രയും നേട്ടമുണ്ടായൊരു വര്‍ഷം അത്രമോശമല്ലെന്നാണ് സ്പാനിഷ് താരത്തിന്റെ വിലയിരുത്തല്‍. എല്ലാ പ്രശ്നങ്ങള്‍ക്കുമിടയില്‍ ഇത്രയും കിരീടങ്ങള്‍ വിലമതിക്കാനാകാത്തതാണ്. അടുത്തവര്‍ഷവും വിജയക്കുതിപ്പ് തുടരാനാകുമെന്നാണ് പ്രതീക്ഷയെന്നും നദാല്‍ പറഞ്ഞു.
സെപ്റ്റംബറില്‍ യുഎസ് ഓപ്പണ്‍ ടെന്നീസിനിടെ പരിക്കുമൂലം പിന്മാറിയ നദാല്‍ പിന്നീട് കളിക്കളത്തില്‍ ഇറങ്ങിയിട്ടില്ല. ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണിലൂടെ തിരിച്ചുവരാനുള്ള ശ്രമത്തിലാണ് താരം. തിരിച്ചുവരവ് ആവേശത്തോടെയാണ് കാണുന്നതെന്നാണ് 17 ഗ്ലാന്‍ഡ്സ്ലാമിനുടമയായ നദാല്‍ പറയുന്നു. 32-ാം വയസിലും ചെറുപ്പത്തിന്റെ ആവേശമുണ്ട്. അത് താന്‍ ആസ്വദിക്കുകയാണെന്നും താരം വ്യക്തമാക്കി.