| Friday, 17th May 2019, 8:50 pm

ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അടുത്ത തവണ അമിത് ഷാ അവസരം തരും; മോദിയെ പരിഹസിച്ച് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആദ്യമായി പത്രസമ്മേളനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതിനെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

അഭിനന്ദനങ്ങള്‍ എന്ന് തുടങ്ങുന്നതായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഞങ്ങള്‍ പകുതി യുദ്ധം ജയിച്ചെന്നും അടുത്ത തവണ അമിത്ഷാ നിങ്ങളെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അനുവദിക്കും എന്നും രാഹുലിന്റെ ട്വീറ്റില്‍ പറയുന്നു.

‘അഭിനന്ദനങ്ങള്‍ മോദിജി, നല്ല വാര്‍ത്താ സമ്മേളനം! നിങ്ങള്‍ വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോള്‍ തന്നെ ഞങ്ങള്‍ യുദ്ധം പാതി ജയിച്ചു. അടുത്ത തവണ മിസ്റ്റര്‍ ഷാ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ നിങ്ങളെ അനുവദിക്കും. നന്നായി ! ‘

പ്രധാനമന്ത്രി പദത്തിലെത്തിയതിന് ശേഷം ആദ്യമായി വാര്‍ത്ത സമ്മേളനത്തിനെത്തിയ മോദി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിരുന്നില്ല. അമിത് ഷായടക്കം പാര്‍ട്ടി നേതാക്കളുടെ അകമ്പടിയോടെ വാര്‍ത്താ സമ്മേളനത്തിന് എത്തിയ മോദി തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വിശദീകരിച്ച് മിണ്ടാതിരിക്കുകയാണ് ചെയ്തത്.

67 ദിവസം നീളുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം ആറുമണിയോടെ കൊട്ടിക്കലാശം അവസാനിക്കാനിരിക്കെയാണ് മോദി വാര്‍ത്താ സമ്മേളനത്തിനെത്തിയത്.

വാര്‍ത്താ സമ്മേളനത്തില്‍ കൂടുതലും സംസാരിച്ച അമിത് ഷാ ഭരണനേട്ടം എണ്ണിപ്പറഞ്ഞാണ് സംസാരിച്ചത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതി ഉറപ്പാക്കുന്ന തരം ഭരണമാണ് രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ളതെന്നും ഈ വികസനം മനസിലാക്കി ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും മോദി പറഞ്ഞു.

എന്നാല്‍ തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ നാലോ അഞ്ചോ ദിവസം ബാക്കിയുള്ളപ്പോഴാണെന്നും ഈ സമയത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുന്നത് ഇത് ആദ്യമാണെന്ന് രാഹുല്‍ഗാന്ധി നേരത്തെ പ്രതികരിച്ചിരുന്നു.നരേന്ദ്രമോദി പങ്കെടുക്കുന്ന ആദ്യ വാര്‍ത്താ സമ്മേളനം ദല്‍ഹിയില്‍ നടക്കുന്ന അതേ സമയത്ത് തന്നെ രാഹുലിന്റെയും വാര്‍ത്താ സമ്മേളനം നടന്നിരുന്നു.

We use cookies to give you the best possible experience. Learn more