| Thursday, 23rd May 2019, 4:32 pm

പശ്ചിമ ബംഗാളും ഒഡീഷയും പിടിച്ചെടുത്തതുപോലെ കേരളം പിടിച്ചെടുക്കുമെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം പിടിക്കുമെന്ന് ബി.ജെ.പി നേതൃത്വം. അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ബി.ജെ.പി ദേശീയ വക്താവ് ജി.വി.എല്‍ നരസിംഹ റാവു പറഞ്ഞു.

ഇത്തവണ പശ്ചിമ ബംഗാളും ഒഡീഷയും പിടിച്ചതുപോലെ അടുത്ത തവണ കേരളവും ബി.ജെ.പി പിടിച്ചടക്കുമെന്ന് നരസിംഹ റാവു പറഞ്ഞു. ശബരിമല വിഷയം പുറത്തെടുത്തായിരുന്നു ബി.ജെ.പി കേരളത്തില്‍ വോട്ടു പിടിച്ചത്. എന്നാല്‍ പകുതിയില്‍ കൂടുതല്‍ വോട്ടെണ്ണിത്തീര്‍ന്നപ്പോള്‍ കേരളത്തില്‍ ഒരു അക്കൗണ്ടു പോലും തുറക്കാന്‍ ബി.ജെ.പിക്കായിട്ടില്ല.

പശ്ചിമ ബംഗാളില്‍ ബി.ജെ.പി 19 സീറ്റില്‍ ലീഡ് നേടിയിട്ടുണ്ട്. ഒഡീഷയിലെ 21 സീറ്റില്‍ ഏഴു സീറ്റില്‍ ലീഡ് നേടാനും ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ യു.ഡി.എഫ് 20 ല്‍ 19 സീറ്റിലും മുന്നിട്ടുനില്‍ക്കുകയാണ്. ഏഴിടങ്ങളില്‍ ഒരു ലക്ഷം വോട്ടിന്റെ ലീഡുണ്ട് യു.ഡി.എഫിന്.

കൊല്ലം, ആലത്തൂര്‍, പൊന്നാനി, മലപ്പുറം, ഇടുക്കി, എറണാകുളം, വയനാട് തുടങ്ങി മണ്ഡലങ്ങളിലാണ് യു.ഡി.എഫ് ലക്ഷത്തില്‍പ്പരം വോട്ടുകളുടെ ലീഡ് നേടി വിജയം ഉറപ്പിച്ചത്. ഇതില്‍ വയനാടും മലപ്പുറവും ഭൂരിപക്ഷം രണ്ട് ലക്ഷം പിന്നിട്ടു.

വയനാട് രാഹുല്‍ ഗാന്ധി 341743 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി 246624 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് 171050 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. എറണാകുളത്ത് ഹൈബി ഈഡന്‍ 169618 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ 168859 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ആലത്തൂരില്‍ രമ്യാ ഹരിദാസ് 158302 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. കൊല്ലത്ത് എന്‍.കെ പ്രോമചന്ദ്രന്‍ 128395 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.

19 മണ്ഡലങ്ങളില്‍ യു.ഡി.എഫ് മുന്നേറുമ്പോള്‍ ആലപ്പുഴയില്‍ മാത്രമാണ് എല്‍.ഡി.എഫ് ലീഡ് തുടരുന്നത്. ദേശീയ തലത്തില്‍ ബി.ജെ.പി ഇതിനകം തന്നെ കേവലഭൂരിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. 348 സീറ്റുകളിലാണ് എന്‍.ഡി.എ മുന്നിട്ടു നില്‍ക്കുന്നത്. യു.പി.എ 86 സീറ്റുകളിലും മറ്റു പാര്‍ട്ടികള്‍ 108 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more