വില്യം പീറ്റര്‍ ബ്ലാറ്റിയുടെ തിരക്കഥയില്‍ വില്യം ഫ്രീഡ്കിന്‍ സംവിധാനം ചെയ്ത് 1973ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ചിത്രമാണ് ദി എക്‌സോര്‍സിസ്റ്റ്. 1971ല്‍ വില്യം പീറ്റര്‍ ബ്ലാറ്റി തന്നെ എഴുതിയ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു ഇതിന്റെ തിരക്കഥയൊരുക്കിയത്.
എലന്‍ ബര്‍സ്‌റ്റൈന്‍, മാക്സ് വോണ്‍ സിഡോ, ജേസണ്‍ മില്ലര്‍, ലിന്‍ഡ ബ്ലെയര്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രം 12 വയസുക്കാരിയായ റീഗനെ ചുറ്റിപ്പറ്റിയായിരുന്നു കഥ പറഞ്ഞത്. ഹോയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വാര്‍ണര്‍ ബ്രോസ് വിതരണത്തിന് എത്തിച്ച സിനിമയാണ് ദി എക്‌സോര്‍സിസ്റ്റ്.
ഇതിന്റെ ചിത്രീകരണത്തിനിടയില്‍ നിരവധി അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ചിലര്‍ മരിക്കുകയും അസാധാരണമായ അപകടങ്ങള്‍ കാരണം ഷൂട്ടിങ്ങ് വൈകുകയുമൊക്കെ ചെയ്തിരുന്നു. ശപിക്കപ്പെട്ട സിനിമയെന്ന് പോലും വിശ്വസിക്കപ്പെട്ടതാണ് ദി എക്‌സോര്‍സിസ്റ്റ്. എന്നാല്‍ അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ചിത്രം സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
പിന്നീട് ദി എക്‌സോര്‍സിസ്റ്റ് ഫിലിം സീരീസിന്റെ തുടര്‍ച്ചയെന്നോണം ‘ദി എക്‌സോര്‍സിസ്റ്റ് 2: ദി ഹെറെറ്റിക്’ പുറത്തിറങ്ങിയത് 1977ലായിരുന്നു. വില്യം ഗുഡ്ഹാര്‍ട്ടിന്റെ തിരക്കഥയില്‍ ജോണ്‍ ബൂര്‍മാന്‍ സംവിധാനം ചെയ്ത ചിത്രം 16 വയസുള്ള റീഗന്‍ മാക്‌നീലിനെ കേന്ദ്രീകരിച്ചുള്ള കഥയായിരുന്നു.
വാര്‍ണര്‍ ബ്രോസ് വിതരണത്തിന് എത്തിച്ച ചിത്രത്തിന് ക്രിട്ടിക്‌സില്‍ നിന്ന് മോശം അഭിപ്രായമായിരുന്നു ലഭിച്ചത്. ഒപ്പം വാര്‍ണര്‍ ബ്രോസ് നിര്‍മിച്ചതില്‍ വച്ച് ഏറ്റവും മോശം ചിത്രങ്ങളിലൊന്നായാണ് ഇതിനെ അന്ന് കണക്കാക്കപ്പെട്ടിരുന്നത്.
പിന്നീട് 1983ല്‍ വില്യം പീറ്റര്‍ ബ്ലാറ്റി തിരക്കഥയെഴുതി സംവിധാനം ചെയ്ത ദി എക്‌സോര്‍സിസ്റ്റിന്റെ മൂന്നാം ഭാഗവും പുറത്ത് വന്നു. 2004ല്‍ എക്‌സോര്‍സിസ്റ്റ്; ദി ബിഗിനിങ്ങ്’ എന്ന പേരിലും 2005ല്‍ ‘ഡൊമീനിയന്‍; പ്രീക്വല്‍ റ്റു ദി എക്‌സോര്‍സിസ്റ്റ്’ എന്ന പേരിലും 2023ല്‍ ‘ദി എക്‌സോര്‍സിസ്റ്റ് ബിലീവര്‍’ എന്ന പേരിലും തുടര്‍ച്ചകള്‍ വന്നിരുന്നു.
അവസാനമിറങ്ങിയ ദി എക്‌സോര്‍സിസ്റ്റ് ബിലീവര്‍ ബോക്സ് ഓഫീസില്‍ 137 മില്യണ്‍ ഡോളറാണ് കളക്ഷന്‍ നേടിയത്. സിനിമക്ക് മോശം അഭിപ്രായമായിരുന്നു ലഭിച്ചത്. ഇപ്പോള്‍ ദി എക്‌സോര്‍സിസ്റ്റ് അടുത്ത ഭാഗം 2026 മാര്‍ച്ച് 13ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹൊറര്‍ സിനിമകള്‍ക്ക് പേരുകേട്ട മൈക്ക് ഫ്‌ലാനഗന്റെ സംവിധാനത്തിലാണ് ചിത്രമെത്തുക. അബ്‌സെന്‍ഷ്യ, ഒക്കുലസ്, ഹുഷ് , ബിഫോര്‍ ഐ വേക്ക്, ഒയിയ: ഒറിജിന്‍ ഓഫ് എവിള്‍, ജെറാള്‍ഡ്‌സ് ഗെയിം, ഡോക്ടര്‍ സ്ലീപ്പ് തുടങ്ങിയ ഹൊറര്‍ സിനിമകളിലൂടെ അറിയപ്പെടുന്ന ചലച്ചിത്രകാരനാണ് മൈക്ക് ഫ്‌ലാനഗന്‍. മുമ്പത്തെ ദി എക്‌സോര്‍സിസ്റ്റ് സിനിമകളുടെ തുടര്‍ച്ചയല്ലാത്ത കഥയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Next Part Of The Exorcist Film Hit Theaters On 2026