ന്യൂദല്‍ഹി: പട്‌നക്ക് ശേഷം സംയുക്ത പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ജൂലൈ 13, 14 തീയതികളില്‍ ബെംഗളൂരുവില്‍ നടക്കും. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ ആണ് ഈ വിവരം പ്രഖ്യാപിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ജൂണ്‍ 23ന് പട്‌നയില്‍ വെച്ച് നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആദ്യ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഭ്രാന്തനായിട്ടുണ്ടെന്നും ശരദ് പവാര്‍ പറഞ്ഞു. 15 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ബിഹാറിന്റെ തലസ്ഥാനത്ത് വെച്ച് നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയില്‍ യോഗം ചേര്‍ന്ന പ്രതിപക്ഷ നേതാക്കള്‍ ജൂലൈ 10നും 12നും തീയതികളില്‍ ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ നേതാക്കളുടെ സൗകര്യം കൂടി പരിഗണിച്ചാണ് ബെംഗളൂരുവിലേക്ക് ചര്‍ച്ച മാറ്റിയത്.
2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ നേരിടാന്‍ അതത് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരുമിച്ച് മുന്നോട്ട് പോകുന്നതിനുള്ള അജണ്ട തയ്യാറാക്കുന്നതിനാണ് യോഗം ചേരുന്നത്.
അതേസമയം, ദല്‍ഹിയിലെ കെജ്‌രിവാള്‍ സര്‍ക്കാരിന്റെ അധികാരം വെട്ടിക്കുറച്ച കേന്ദ്ര ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും എ.എ.പിയും തമ്മില്‍ അഭിപ്രായവ്യത്യാസം രൂക്ഷമാണ്.
യോഗത്തിന് ശേഷം ഓര്‍ഡിനന്‍സില്‍ നിലപാട് വ്യക്തമാക്കാത്തതിന് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് എ.എ.പി പ്രസ്താവന പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് സാന്നിധ്യമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാവി യോഗങ്ങളില്‍ പങ്കെടുക്കുന്നത് ബുദ്ധിമുട്ടാണെന്നും ആം ആദ്മി പരസ്യമായി പ്രഖ്യാപിച്ചിരുന്നു.