ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയിലാകെ ചര്‍ച്ച ചെയ്യപ്പെടുന്ന ബദല്‍ രാഷ്ട്രീയത്തിന്റെ പേരാണ് യഥാര്‍ത്ഥത്തില്‍ ‘കേരള സ്റ്റോറി’.
ഇന്ത്യയില്‍ ഏറ്റവും മെച്ചപ്പെട്ട ജീവിതം സാധ്യമാകുന്ന മനുഷ്യര്‍ ജീവിക്കുന്ന പ്രദേശം എന്ന നിലയിലാണ് കേരളം ഇന്ത്യയില്‍ ഒരു പ്രതീക്ഷയാകുന്നത്. ജീവിത നിലവാരത്തിന്റെ എല്ലാ സാമൂഹിക സൂചികകളിലും ഉയര്‍ന്നു നില്‍ക്കുകയാണ് കേരളം. നീതി ആയോഗിന്റെ കണക്കുകള്‍ കേരളത്തിന്റെ മേന്മയെ ശരി വെയ്ക്കുകയും അംഗീകരിക്കുകയുമാണ് ചെയ്യുന്നത്.
രാജ്യം ഒരു പൊതു തെരഞ്ഞെടുപ്പിനെ നേരിടുന്ന ഈ ഘട്ടത്തില്‍ കേരളത്തിന്റെ ഈ യഥാര്‍ത്ഥ സ്റ്റോറി ഒരു ബദല്‍ രാഷ്ട്രീയത്തിന്റെ ശംഖൊലി മുഴക്കുന്നുണ്ട്.
മെച്ചപ്പെട്ട ആരോഗ്യം, വിദ്യാഭ്യാസം എന്നിവ ഉറപ്പു നല്‍കുന്നതോടൊപ്പം, ശിശുമരണ നിരക്കും ആയുര്‍ദൈര്‍ഘ്യവും കേരളം നേടിയെടുത്ത അഭിമാനകരമായ നേട്ടമാണ്. കേരളത്തില്‍ ജനിച്ചാല്‍ ഇന്ത്യയില്‍ മറ്റെവിടുത്തേക്കാളും കൂടുതല്‍ കാലം ജീവിക്കാന്‍ ആകും എന്നാണ് ഇവിടുത്തെ ആയുര്‍ദൈര്‍ഘ്യത്തിന്റെ പ്രത്യേകത.
ആഗോള പട്ടിണി സൂചികയില്‍ ഇപ്പോഴും പുറകെ നില്‍ക്കുന്ന ഒരു ദരിദ്ര രാജ്യമായി ഇന്ത്യ തുടരുമ്പോഴാണ് കേരളം എന്ന അമര്‍ത്യ സെന്‍ വിശേഷിപ്പിച്ച ‘ഏഷ്യയുടെ സുവര്‍ണ്ണ തിലകം’ ഇന്ത്യയിലെ ജനങ്ങളാകെ ഉറ്റു നോക്കുകയാണ്.
ഈ തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ മനുഷ്യര്‍ക്കും വേര്‍തിരിവുകള്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയുന്ന മതനിരപേക്ഷ രാജ്യമായി ഇന്ത്യയെ നിലനിര്‍ത്താന്‍ വേണ്ടിയാണ് ഓരോ പൗരനും അവരുടെ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്താന്‍ വേണ്ടി പോകുന്നത്.
അതിനവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ ബദല്‍ കേരളം തന്നെയാണ്.
ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമം നടത്തുന്നവരും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഈ തെരഞ്ഞെടുപ്പ്. വെറുപ്പും വിദ്വേഷവും പരമാവധി ഉല്പാദിപ്പിച്ചാണ് ഭരണം നിലനിര്‍ത്താനും അതിലൂടെ ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനും സംഘപരിവാര്‍ ശ്രമിക്കുന്നത്. അതിനായി മതനിരപേക്ഷ സ്വഭാവമുള്ള അവസാനത്തെ ഭൂപ്രദേശം പോലും ഇല്ലാതാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.
ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ മാനവികതയുടെ ബദലായ കേരളത്തെ അപമാനിക്കുന്നതിനും അപനിര്‍മ്മിക്കുന്നതിനുമായുള്ള ശ്രമത്തിന്റെ ഭാഗമായി കൊണ്ടു വന്ന ‘കേരള സ്റ്റോറി’ എന്ന സിനിമ ഇപ്പോള്‍ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി പോവുന്നതും ഈ രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമായാണ്.
നിരോധിക്കാതെ തന്നെ കേരളത്തിന് ഈ സിനിമയെ പരാജയപ്പെടുത്താനായത് യഥാര്‍ത്ഥ സ്റ്റോറി അതല്ലാത്തതുകൊണ്ടു മാത്രമാണ്. ഒ.ടി.ടി റിലീസിന് പോലും ആരും തയ്യാറാവാതെ കേരള സ്റ്റോറി അട്ടത്തുകയറ്റി വെക്കേണ്ടി വന്നപ്പോഴാണ് ദൂരദര്‍ശനിലൂടെ പ്രദര്‍ശിപ്പിക്കാനായി കൊണ്ടുവരുന്നത്.
മതനിരപേക്ഷമായ ഒരു സമൂഹത്തെ തെറ്റായി ചിത്രീകരിക്കാനുള്ള വിഫലമായ ശ്രമമാണ് ദൂരദര്‍ശനിലൂടെ സാധിച്ചെടുക്കാനാകുമോ എന്ന് വീണ്ടും പയറ്റി നോക്കുന്നത്. മതന്യൂനപക്ഷങ്ങളെ തെറ്റായി ചിത്രീകരിക്കാനുള്ള നിരവധിയായ ശ്രമങ്ങള്‍ സംഘപരിവാര്‍ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
മുസ്‌ലിം വിരുദ്ധ മനോഭാവത്തിലേക്കും പൊതുബോധത്തിലേക്കും കാഴ്ചക്കാരെ കൊണ്ടുവരുന്നതിന് കഴിയുന്ന നിരവധി സിനിമകള്‍ ഇക്കാലത്ത് നമുക്ക് കാണാനാവും. ഒരു വെടിക്ക് രണ്ടു പക്ഷി എന്നതുപോലെയാണ്
കേരള സ്റ്റോറിയെ ഇവിടെ മുസ്‌ലിം വിരുദ്ധതയും, കേരള വിരുദ്ധതയും പ്രചരിപ്പിക്കാനുള്ള ഉണ്ടയില്ലാ വെടിയായി സംഘപരിവാര്‍ ഉപയോഗപ്പെടുത്തുന്നത്.
സിനിമയ്ക്ക് അകത്തും പുറത്തും തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള പദ്ധതികള്‍ കൃത്യമായിത്തന്നെ സംഘപരിവാര്‍ മെനഞ്ഞതിന്റെ ബാക്കി പത്രങ്ങളാണ് നാമാഘോഷിച്ച പുതിയകാല ഇന്ത്യന്‍ സിനിമകള്‍. ചരിത്രത്തെ ഹിന്ദുത്വവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള ബൃഹത് പദ്ധതികളുടെ ചുവടുപിടിച്ച് ധാരാളം ചിത്രങ്ങള്‍ ബോളിവുഡില്‍ അടുത്തകാലത്തായി ഇങ്ങനെ പിറവിയെടുത്തിട്ടുണ്ട്.
ധീരരായ ഹിന്ദു രാജാക്കന്മാരുടെയും, അവരുടെ കൃത്രിമമായി സൃഷ്ടിച്ചെടുത്ത വിരേതിഹാസ ചരിത്രത്തിന്റെയും കഥകള്‍ തിരശ്ശീലയെ തീവ്ര ഹൈന്ദവ വികാരത്താല്‍ മയക്കിയ ഒരു അവസ്ഥയാണ് ഇന്നുള്ളത്.
ചരിത്രത്തിന്റെ കാവി വല്‍ക്കരണത്തോടൊപ്പം തന്നെ നരേന്ദ്രമോദിയുടെ ധീരമായ നടപടികളെ വാഴ്ത്തി പാടുന്ന ‘ഉറി’ പോലുള്ള ചിത്രങ്ങളും യാദൃശ്ചികമായി സംഭവിച്ചതല്ല. ഹിന്ദുത്വ പ്രചരണത്തോടൊപ്പം ദളിത്, ന്യൂനപക്ഷ, മുസ്ലിം വിരുദ്ധ സിനിമകളും ഇതോടൊപ്പം തന്നെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.
കാശ്മീര്‍ ഫയല്‍സ് അത്തരത്തില്‍ സംഘപരിവാറിന് വേണ്ടി നിര്‍മ്മിക്കപ്പെട്ട ഒരു സിനിമയാണ്.
യഥാര്‍ത്ഥ പ്രശ്‌നത്തെ മറച്ചുവെച്ചുകൊണ്ട് യഥാര്‍ത്ഥ രാഷ്ട്രീയ സാഹചര്യങ്ങളെ പൂര്‍ണ്ണമായും റദ്ദു ചെയ്യാനുള്ള ശ്രമമാണ് ‘കശ്മീര്‍ ഫയല്‍സ്’ നടത്തുന്നത്. സിനിമ പോലൊരു മാധ്യമത്തെ തങ്ങള്‍ക്ക് അനുകൂലമായി പ്രത്യശാസ്ത്രപരമായി നിര്‍വചിച്ചടുക്കാനുള്ള വലിയ പദ്ധതിയാണ് സംഘപരിവാര്‍ ഇതിലൂടെ നടത്തുന്നത്. കേരള സ്റ്റോറി എന്ന സിനിമയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട ഒന്നു തന്നെയാണ്.
ചരിത്രത്തെ മാത്രമല്ല, വര്‍ത്തമാനകാലാനുഭവങ്ങളേയും വക്രീകരിച്ചവതരിപ്പിക്കാനുള്ള ശ്രമമായി അവതരിപ്പിക്കപ്പെട്ട ‘2018’ എന്ന സിനിമയും ഇത്തരത്തില്‍ ഭാവികാലത്തേക്കുള്ള ഒരു നിക്ഷേപമാണ്. കേരള ചരിത്രം നാളെ തിരയുമ്പോള്‍ നൂറ്റാണ്ടിലെ മഹാപ്രളയത്തെ നാം നേരിട്ടതെങ്ങനെയെന്ന് ഇതിലൂടെ തെറ്റായി പഠിപ്പിക്കാനാവും.
അതുകൊണ്ടു തന്നെ ചരിത്രത്തിലും, വര്‍ത്തമാനത്തിലും നഞ്ഞു കലര്‍ത്തി നിര്‍മ്മിക്കപ്പെടുന്ന സിനിമകള്‍ ഭാവിയിലെ ചരിത്ര രേഖകളായാണ് മാറുക. ഇതിനെ അതാതു കാലത്തു തന്നെ തുറന്നു കാണിക്കാനും, തുറന്നെതിര്‍ക്കാനും നമുക്കാവേണ്ടതുണ്ട്.
കേരള സ്റ്റോറിയെ ദൂരദര്‍ശനിലൂടെ പ്രദര്‍ശിപ്പിക്കാനുള്ള ഈ തിരഞ്ഞെടുപ്പ് കാലത്തെ ശ്രമം ഭാവിയിലല്ല, ഈ വര്‍ത്തമാനകാലത്തു തന്നെ സംഘപരിവാറിന് നേട്ടം ഉണ്ടാക്കാന്‍ വേണ്ടിയാണ്.
ഇന്ത്യയില്‍ എണ്‍പതുകളുടെ അവസാനം വന്ന രാമായണം, മഹാഭാരതം മെഗാ സീരിയലുകള്‍ ടെലിവിഷന്‍ രംഗത്ത് ഉണ്ടാക്കിയ മാറ്റങ്ങള്‍ വലുതാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ വലിയ തോതിലുള്ള ഹിന്ദുവത്ക്കരണം ആരംഭിക്കുന്നതിന് തുടക്കം കുറിച്ചത് ഇക്കാലത്താണ്.
ഇന്ത്യക്ക് ഉണ്ടായിരുന്നു എന്ന് സ്വയം പ്രഖ്യാപിക്കുന്ന സുവര്‍ണ്ണ ഭൂതകാലത്തില്‍ അഭിരമിക്കല്‍, അമിതമായ ദേശീയ ബോധം, ന്യൂനപക്ഷ വിഭാഗങ്ങളുടെ അപരദൃശ്യവല്‍ക്കരണങ്ങള്‍ എന്നിവയൊക്കെ ഈ കാലത്താണ് വിത്തിടുന്നത്.
ഒരുകാലത്ത് അമര്‍ചിത്രകഥകള്‍ നിര്‍വഹിച്ചിരുന്ന അതേ സാമൂഹ്യ ദൗത്യമാണ് ഈ സീരിയലുകളും നിര്‍വഹിച്ചത്.
വീരസവര്‍ക്കര്‍ എന്ന ബാലരമ അമര്‍ചിത്രകഥ വായിച്ചു സവര്‍ക്കറെ ധീര ദേശാഭിമാനിയായി കണ്ടിരുന്ന ഒരു കുട്ടിക്കാലത്തില്‍ നിന്ന്, സമ്പന്നമെന്ന് പ്രചരിപ്പിക്കപ്പെടുന്ന ഹിന്ദു രാജാക്കന്മാരുടെ ഭൂതകാലത്തെ സ്വീകരിക്കാന്‍ വെമ്പുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ കഴിയും വിധം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള മെഗാ സിനിമകള്‍ക്കും സീരിയലുകള്‍ക്കും കഴിഞ്ഞിട്ടുണ്ട്.
സമകാലിക സിനിമകള്‍ യാഥാര്‍ത്ഥ്യത്തോട് മൗനം പാലിക്കുകയും മറ്റു ചിലപ്പോള്‍ യാഥാര്‍ത്ഥ്യത്തെ വെല്ലുവിളിക്കുന്ന നുണക്കഥകള്‍ പൊലിപ്പിക്കുകയും ചെയ്യുന്നതിനെ സമര്‍ത്ഥമായി തിരിച്ചറിയാനായില്ലെങ്കില്‍ ഈ സമൂഹത്തെയാകെ ഹിന്ദുത്വ രാഷ്ട്രത്തിന്റെ പ്രജകളാക്കി മാറ്റാന്‍ വളരെ എളുപ്പത്തിലാവും.
നാളത്തെ തലമുറ ചരിത്രത്തെ മനസ്സിലാക്കുന്നത് യഥാര്‍ത്ഥ ചരിത്രത്തെ റദ്ദുചെയ്ത് പോപ്പുലര്‍ സിനിമ ആഖ്യാനങ്ങളിലൂടെ ദേശാഭിമാനത്തിന്റെ മസിലുപിരിപ്പിച്ച കഥാപാത്രങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്ന കാഴ്ചകളിലൂടെയാവും.
അതുകൊണ്ടുതന്നെയാണ് കേരളത്തെ കുറിച്ചുള്ള തെറ്റായ ഒരു ചിത്രം നല്‍കാന്‍ സംഘപരിവാര്‍ കേരള സ്റ്റോറിയെ ഉപയോഗപ്പെടുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിത്തറ പാകാന്‍ ദൂരദര്‍ശനെ ഉപയോഗപ്പെടുത്തിയതുപോലെ തന്നെയാണ് ഇപ്പോഴും രാജ്യത്തിന്റെ സ്വന്തം ചാനലിനെ സംഘപരിവാര്‍ അജണ്ടക്ക് കീഴ്‌പ്പെടുത്തുന്നത്.
ഹിന്ദുത്വത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കാന്‍ കഴിയുന്ന സിനിമകളിലൊന്നാണ് ‘കേരള സ്റ്റോറി’. അതു പ്രദര്‍ശിപ്പിക്കാന്‍ ദൂരദര്‍ശനെ ദുരുപയോഗം ചെയ്യുന്ന രീതിയെ മതനിരപേക്ഷ ഇന്ത്യ ചെറുത്തു തോല്‍പ്പിക്കുമെന്നു തന്നെ കരുതാം. അന്യമത വിദ്വേഷം വിളമ്പുന്ന കേരള സ്റ്റോറിയെന്ന കെട്ടുകഥയെ കേരളത്തിന്റെ യഥാര്‍ത്ഥ സാമൂഹ്യ നേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടിയാണ് നാം പ്രതിരോധിക്കേണ്ടത്.
ആശുപത്രിയില്‍ നടക്കുന്ന പ്രസവത്തിന്റെ കണക്കു പരിശോധിച്ചാല്‍ ഇന്ത്യയുടെ ദേശീയ ശരാശരി 78.9% ആണെങ്കില്‍ കേരളത്തിലത് 99.8% ആണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ എട്ടാം ക്ലാസിനു മുമ്പുള്ള കൊഴിഞ്ഞുപോക്ക് ഇന്ത്യയുടെ ദേശീയ ശതമാനം 5.27% ആണെങ്കില്‍ കേരളത്തില്‍ അത് 0.25 ശതമാനമാണ്. കാണാതായ കുട്ടികളില്‍ കണ്ടെത്തിയവരുടെ എണ്ണം ദേശീയ ശരാശരി 63.3% ആണെങ്കില്‍ കേരളത്തില്‍ അത് 93.3% ആണ്.
മിസ്സിംഗ് കേസുകളില്‍ കണ്ടെത്തിവരുടെണ്ണം ദേശീയ ശരാശരി 52.9% ആണെങ്കില്‍ കേരളത്തിലത് 86 ശതമാനമാണ്. രാജ്യത്ത് പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 11050 തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളില്‍ 979327 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.
ജനുവരി മുതല്‍ ജൂണ്‍മാസം വരെയുള്ള ഇന്ത്യയിലെ 26 സംസ്ഥാനങ്ങളുടെ പി.എസ്.സി നിയമനം 23,798 മാത്രമാണ്. 2023 ജനുവരി മുതല്‍ ജൂണ്‍ വരെ നടന്ന നിയമനങ്ങള്‍ പരിശോധിച്ചാല്‍ 15146 നിയമനങ്ങളാണ് കേരളത്തില്‍ മാത്രം നടന്നത്. ഇന്ത്യയില്‍ 25 വയസ്സിന് താഴെയുള്ള ബിരുദധാരികളില്‍ തൊഴിലായ്മയുടെ നിരക്ക് 42.3 ശതമാനമാണ്.
2014 മുതല്‍ 2022 വരെയുള്ള മോദി ഭരണകാലത്ത് ഇന്ത്യയില്‍ കര്‍ഷകരും കര്‍ഷക തൊഴിലാളികളുമായ ഒരു ലക്ഷം മനുഷ്യരാണ് ജീവനൊടുക്കിയത്. ഇന്ത്യയിലെയും കേരളത്തിലെയും മനുഷ്യരുടെ ജീവിത നിലവാരത്തെ സംബന്ധിച്ച ഏതു കണക്കെടുത്തു പരിശോധിച്ചു നോക്കിയാലും കേരള സ്റ്റോറിയുടെ യാഥാര്‍ത്ഥ്യങ്ങള്‍ ആര്‍ക്കും മനസ്സിലാവും.
സത്യങ്ങള്‍ വിളിച്ചു പറയുന്ന കണക്കുകള്‍ ഇന്ത്യയില്‍ ലഭ്യമാകുന്ന ഇക്കാലത്താണ് നുണ പ്രചരിപ്പിക്കുന്ന സിനിമയുമായി ദൂരദര്‍ശന്‍ ഇറങ്ങിയിരിക്കുന്നത്.
കേരള സ്റ്റോറിയെ കഴിഞ്ഞ കര്‍ണാടക ഇലക്ഷന്‍ കാലത്തും മോദിയും അമിത്ഷായും ഓര്‍മ്മപ്പെടുത്തിയിരുന്നു. കേരള സ്റ്റോറി കണ്ടോ? എന്നവര്‍ പൊതുയോഗങ്ങളില്‍ ചോദിച്ചു. ബി.ജെ.പിയില്ലെങ്കില്‍ കര്‍ണാടകയും കേരളം പോലെയാവും ! കേരളത്തിന്റെ യഥാര്‍ത്ഥ സ്റ്റോറിയറിയാവുന്ന കര്‍ണാടകക്കാര്‍ ചിന്തിക്കുകയും വോട്ടു ചെയ്യുകയും ചെയ്തതിന്റെ ഫലമായാണ് ബി.ജെ.പിയെ അവര്‍ അകറ്റി നിര്‍ത്തിയത്.
കര്‍ണാടക കേരളം പോലെയാവുന്നതില്‍ തടസ്സം ബി.ജെ.പിയാണെങ്കില്‍ പന്ത്രണ്ട് മന്ത്രിമാരെ ഉള്‍പ്പെടെ അവര്‍ തോല്പിച്ചു വിട്ടു. ‘നിങ്ങളുടെ അടുത്തുള്ള കേരളത്തിലേക്കു നോക്കൂ ‘എന്നവര്‍ പറഞ്ഞപ്പോള്‍ കര്‍ണാടകക്കാര്‍ കേരളത്തിലേക്കു നോക്കി, കേരളത്തെ പഠിച്ചു. വര്‍ഗീയ കലാപങ്ങളില്ല, ഹിജാബ് ലഹളയില്ല, ഇനിയും ബി.ജെ.പി കര്‍ണാടക ഭരിക്കേണ്ടതില്ല എന്നവര്‍ തീരുമാനമെടുത്തു.
‘കേരള സ്റ്റോറി’ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ ബി.ജെ.പി.ക്ക് നേരിടേണ്ടിവന്ന അവസ്ഥയാണിത്. എന്നിട്ടും പഠിക്കാതെയാണ് കേരള സ്റ്റോറി ഇന്ത്യയിലാകെ പ്രചരിപ്പിക്കാന്‍ ദൂരദര്‍ശനെ ചട്ടം കെട്ടിയിരിക്കുന്നത്. കേരളത്തിനെതിരായ ഒരു സത്യവിരുദ്ധ പ്രചാരണമായ ഈ സിനിമ കണ്ടതുപോലെ ഇന്ത്യയൊട്ടാകെ വിശ്വസിക്കുമെന്നാണവര്‍ പ്രതീക്ഷിക്കുന്നത്.
കേരളത്തെ കുറിച്ചുള്ള യഥാര്‍ത്ഥ കഥ അന്വേഷിക്കാന്‍ ഇത് എല്ലാവരെയും പ്രേരിപ്പിക്കുമെന്നാണ് കരുതേണ്ടത്. അങ്ങനെ വന്നാല്‍ സംഘപരിവാറിനെ കേരള സ്റ്റോറി തിരിഞ്ഞു കുത്തും. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനെതിരായ തെറ്റായ പ്രചരണം രാജ്യത്തിന്റെ സ്വന്തം ചാനലിലൂടെ തന്നെ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി കൊടുക്കുന്നു എന്നത് മതനിരപേക്ഷതയ്ക്കും, ഫെഡറലിസത്തിനും നേര്‍ക്കുള്ള ഇരട്ട തോക്ക് പ്രയോഗമാണ്.
മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കാനായുള്ള ഈ തെരഞ്ഞെടുപ്പില്‍ നുണപ്രചരണങ്ങളുടെ കെട്ടുകഥകള്‍ക്കിടയില്‍ കേരളത്തിന്റെ യഥാര്‍ത്ഥ സ്റ്റോറികള്‍ പ്രതീക്ഷയുടെ ഒരു നിലാവെളിച്ചമായി ഉദിച്ചു നില്‍ക്കുക തന്നെ ചെയ്യും.
content highlights: Next on Doordarshan is the movie Kerala Story after Ramayanam serial