| Thursday, 27th July 2023, 10:55 pm

പ്രതിപക്ഷ സഖ്യത്തിന്റെ മുംബൈയിലെ അടുത്ത യോഗത്തിന്റെ തീയതി പ്രഖ്യാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ അടുത്ത യോഗം ഓഗസ്റ്റ് 25, 26 തീയതികളില്‍ മുംബൈയില്‍ വെച്ച് ചേരും. ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗവും എന്‍.സി.പിയുടെ ശരദ് പവാര്‍ വിഭാഗവും യോഗത്തിന് ആതിഥേയത്വം വഹിക്കും.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ശേഷമാണ് യോഗം നടക്കുക. മുംബൈയില്‍ സംയുക്ത റാലി നടത്താന്‍ പദ്ധതിയുണ്ടെങ്കിലും യോഗം ചേരുന്ന സമയത്തെ കാലാവസ്ഥ കൂടി പരിഗണിച്ചാകും അന്തിമ തീരുമാനങ്ങള്‍ നടത്തുക.

പ്രതിപക്ഷ മുന്നണിയുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, ആം ആദ്മി, ജെ.ഡി.യു, ആര്‍.ജെ.ഡി, ശിവസേന (ഉദ്ധവ് വിഭാഗം), എന്‍.സി.പി, ജെ.എം.എം, സമാജ്‌വാദി പാര്‍ട്ടി, സി.പി.എം, സി.പി.ഐ, കേരള കോണ്‍ഗ്രസ് (എം) മാണി വിഭാഗം, മുസ്‌ലിം ലീഗ് തുടങ്ങിയ 11 പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തിനെത്തും.

വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ മൂന്നാമത്തെ യോഗമാണിത്. ആദ്യ യോഗം ജൂണ്‍ 23ന് പട്‌നയിലും തുടര്‍ന്ന് ജൂലൈ 17, 18 തിയതികളില്‍ ബെംഗളൂരുവിലും യോഗം നടന്നിരുന്നു. പട്‌നയില്‍ 15 പാര്‍ട്ടികളാണ് പങ്കെടുത്തത്. ബെംഗളൂരു യോഗത്തില്‍ അംഗങ്ങളുടെ എണ്ണം 26 ആയി ഉയര്‍ന്നിരുന്നു.

മണിപ്പൂര്‍ വിഷയത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച പാര്‍ലമെന്റിലെ ഗാന്ധി പ്രതിമക്ക് സമീപം ഇന്ത്യ പ്രതിനിധികള്‍ സംയുക്തമായി പ്രതിഷേധിച്ചിരുന്നു.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം രൂപപ്പെടുത്താനാണ് ഇന്ത്യ മുന്നണി ലക്ഷ്യമിടുന്നത്.

Content Highlights: next mumbai opposition meeting dates announced
We use cookies to give you the best possible experience. Learn more