|

'ദലൈലാമയുടെ പിന്‍ഗാമി ചൈനകാരനാകണം'; നിര്‍ദേശരേഖ പുറത്തിറക്കി ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിങ്: ദലൈലാമയുടെ പിന്‍ഗാമി പുറത്തുനിന്നാകരുതെന്ന് ചൈന. 88 കാരനായ ദലൈലാമയുടെ പിന്‍ഗാമി രാജ്യത്തിനകത്തുനിന്ന് ആയിരിക്കണമെന്നും അതിന് അനുമതി തേടണമെന്നും ചൈന വെള്ളിയാഴ്ച നിര്‍ദേശരേഖയില്‍ പറഞ്ഞു.

ടിബറ്റില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളും വികസനവും കൊണ്ടുവന്ന് ആ പ്രദേശത്തെ ദക്ഷിണേഷ്യയിലേക്കുള്ള കവാടമാക്കാനാണ് പദ്ധതിയെന്ന് ചൈന പുറത്തിറക്കിയ രേഖയില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണ് ടിബറ്റ്. ദലൈലാമക്ക് പുറമേ മേഖലയിലെ രണ്ടാമത്തെ പ്രധാന ആത്മീയ നേതാവായ ‘പഞ്ചന്‍ റിംപോചെ’ മാരും ചൈനക്കാരാകണമെന്നും ചൈനീസ് രേഖയില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

ഇന്ത്യയിലെ ധര്‍മ്മശാലയില്‍ കഴിയുന്ന ദലൈലാമ തന്റെ പിന്‍ഗാമിയെ നിയമിക്കുമോ എന്ന ആശങ്കയും ചൈനക്കുണ്ട്. ടിബറ്റ് പ്രശ്‌നങ്ങള്‍ക്കായി യു.എസ് പ്രത്യേക കോര്‍ഡിനേറ്ററെ നിയമിച്ചതിനെതിരെ ചൈന ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ദലൈലാമയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതില്‍ ചൈനീസ് സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്ന അമേരിക്കയുടെ വാദത്തെയും ധവള പത്രത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്.

കൂടാതെ ദലൈലാമ പതിനാലാമന്‍ വെറുമൊരു മതവിശ്വാസി മാത്രമല്ല മറിച്ച് ദീര്‍ഘകാലമായി ചൈന വിരുദ്ധ വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരന്‍ കൂടിയാണെന്നും ടിബറ്റിനെ വിഭജിക്കാന്‍ അദ്ദേഹം നിരന്തരം ശ്രമിക്കുന്നതായും ചൈന ആരോപിച്ചു.

അതേസമയം മേഖലയില്‍ പൂര്‍ണ മതവിശ്വാസസ്വാതന്ത്ര്യം ഉണ്ടാകുമെന്നും ഒരുതരത്തിലും ടിബറ്റന്‍ ബുദ്ധിസ്റ്റുകളെ അടിച്ചമര്‍ത്തില്ലെന്നും ചൈന പറഞ്ഞു.

അതിര്‍ത്തി മേഖലയിലെ ജനതയുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും നേപ്പാള്‍ വഴി ടിബേറ്റിലേക്കുള്ള സഞ്ചാരസൗകര്യം വര്‍ദ്ധിപ്പിക്കാനും പദ്ധതികള്‍ ഉള്ളതായി ധവളപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. ടിബറ്റിനെ ചൈന ജിസാംഗ് എന്നാണ് വിശേഷിപ്പിക്കുന്നത്.

Content Highlight: Next Dalailama should be from china