ഡബ്ലിന്‍: അയര്‍ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ബാറ്റിംഗ് വിരുന്നൊരുക്കി ന്യൂസിലന്‍ഡ് വനിതകള്‍. ഏകദിനത്തിലെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ കിവികള്‍ ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വ്വ നിമിഷമാണ് ഡബ്ലിനില്‍ ലോകത്തിന് കാണിച്ചുകൊടുത്തത്.
50 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസിലാന്‍ഡ് അടിച്ചെടുത്തത് 490 എന്ന ഹിമാലയന്‍ സ്‌കോറാണ്.
നായിക സുസീ ബേറ്റ്‌സ് മുന്നില്‍നിന്ന് നയിച്ചപ്പോള്‍ ഐറിഷ് ബോളര്‍മാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. ബേറ്റ്‌സ് 94 പന്തില്‍ 151 റണ്‍സെടുത്തപ്പോള്‍ ഗ്രീന്‍ 77 പന്തില്‍ 121 റണ്‍സെടുത്തു. അമേലിയ കെര്‍ 45 പന്തില്‍ 81 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡ് 35.3 ഓവറില്‍ 144 റണ്‍സിന് എല്ലാവരും പുറത്തായി. ന്യൂസിലാന്‍ഡിനായി കാര്‍പെര്‍ക്ക് നാല് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് പൂര്‍ണ്ണമായും കളിയുടെ നിയന്ത്രണം ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു ഡബ്ലിനില്‍ കണ്ടത്.
ഒന്നാം വിക്കറ്റില്‍ ജെസ് വാട്കിനൊപ്പം 172 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ബേറ്റ്‌സ് രണ്ടാം വിക്കറ്റില്‍ ഗ്രീനിനൊപ്പം 116 റണ്‍സും അടിച്ചെടുത്തു. അയര്‍ലന്‍ഡിന്റെ കാരാ മുറെയ്ക്ക് ആദ്യമത്സരം തന്നെ കയ്‌പേറിയതായി. ലെഗ്‌സ്പിന്നറായി അരങ്ങേറിയ മുറെ 10 ഓവറില്‍ വഴങ്ങിയത് 119 റണ്‍സാണ്. രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ താരം എന്ന റെക്കോഡ് മുറെയുടെ പേരിലായി.
ഇത് രണ്ടാം തവണയാണ് ഏകദിനത്തില്‍ ന്യൂസിലാന്‍ഡ് 400 കടക്കുന്നത്. ഏറ്റവും ഉയര്‍ന്ന ടോട്ടലില്‍ രണ്ടാമതും ന്യൂസിലാന്‍ഡ് തന്നെയാണ്. പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 455 റണ്‍സ്.