ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ സൗത്ത് ആഫ്രിക്കക്കെതിരെ ന്യൂസിലൻഡിന് ഡക്ക്വർത്ത്-ലൂയിസ്-സ്റ്റേൺ നിയമപ്രകാരം ഏഴ് റൺസിന്റെ വിജയം.
തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലൻഡിന് വേണ്ടി ഡെവോൺ കോൺവേ 78(73), ടോം ലാതം 52(56), ഗ്ലെൻ ഫിലിപ്പ്സ് 43(40) എന്നിവർ മികച്ച പ്രകടനം നടത്തി.
മത്സരത്തിൽ ന്യൂസിലാൻഡ് 321 എന്ന കൂറ്റൻ വിജയലക്ഷ്യം ഉയർത്തുകയായിരുന്നു.
ദക്ഷിണാഫ്രിക്കക്ക് വേണ്ടി ലുങ്കി എൻകിടി, മാർക്കോ ജാൻസൺ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.
മറുപടി ബാറ്റിങിനിറങ്ങിയ സൗത്ത് ആഫ്രിക്ക 37 ഓവറിൽ 211-4 എന്ന നിലയിൽ നിൽകുമ്പോൾ മഴ വില്ലനായി വരുകയായിരുന്നു. സൗത്ത് ആഫ്രിക്കക്ക് വേണ്ടി ഓപ്പണർ ക്വിന്റൺ ഡി കോക്ക് 89 പന്തിൽ പുറത്താവാതെ നിന്നു. റാസി വാൻ ഡെർ ഡുസ്സൻ 51 റൺസും, ഹെൻറിച്ച് ക്ലാസൻ 39 റൺസും നേടി മികച്ച പ്രകടനം നടത്തി.
കിവീസ് നിരയിൽ ട്രെൻഡ് ബോൾട്ട് രണ്ട് വിക്കറ്റും മിച്ചൽ സാന്റർ, ഇഷ് സോദി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഒടുവിൽ മഴ തകർത്തുപെയ്തതോടെ ന്യൂസിലാൻഡ് ഡക്ക്വർത്ത്-ലൂയിസ്-സ്റ്റേൺ നിയമപ്രകാരം ഏഴ് റൺസിന് വിജയിക്കുകയായിരുന്നു.
ലോകകപ്പിൽ ഒക്ടോബർ അഞ്ചിന് ഇംഗ്ലണ്ടിനെതിരെയാണ് കിവീസിന്റെ ആദ്യ മത്സരം. അതേ സമയം ഒക്ടോബർ ഏഴിന് പ്രോട്ടീസ് ശ്രീലങ്കയെയും നേരിടും.