ലങ്ക കടക്കുമോ കിവികള്‍
സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ ടി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ന്യൂസിലാന്റും ശ്രീലങ്കയും തമ്മിലുള്ള മത്സരം ഇന്ന് വൈകീട്ട് 4.30 ന് വാക്ക സ്റ്റേഡിയത്തില്‍ നടക്കും.

സൂസി ബേറ്റ്സ് നയിക്കുന്ന ബാറ്റിംഗ് നിരയിലാണ് കിവീസിന്റെ പ്രതീക്ഷ. ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് സൂസി ബേറ്റ്സ്.

28 മത്സരങ്ങളില്‍ നിന്ന് 881 റണ്‍സാണ് സൂസിയുടെ സമ്പാദ്യം. ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ച്വറിയും ഏറ്റവും കൂടുതല്‍ ബൗണ്ടറിയും സൂസിയുടെ പേരിലാണ്.

ക്യാപ്റ്റന്‍ സോഫി ഡിവൈനിന്റെ തന്ത്രങ്ങളിലാണ് കിവീസ് നോട്ടം വെക്കുന്നത്. വിക്കറ്റിന് പിന്നില്‍ റേച്ചല്‍ പ്രീസ്റ്റിന്റെ പ്രകടനവും നിര്‍ണായകമാകും.

ബൗളിംഗില്‍ ഹോളി ഹഡില്‍സ്റ്റണും ജെസ് കേറും സ്ഥിരതയുള്ള പ്രകടനമാണ് കാഴ്ചവെക്കുന്നത്.

മറുവശത്ത് ലങ്കയെ കുഴക്കുന്നതും സ്ഥിരത തന്നെയാണ്. പുരുഷടീമിന് സമാനമാണ് ലങ്കന്‍ വനിതാ ടീമിന്റെയും അവസ്ഥ. ആരെ വേണമെങ്കിലും തോല്‍പ്പിക്കാം, ആരോടും തോല്‍ക്കാം.

ചമാരി അട്ടപ്പട്ടു എന്ന ക്യാപ്റ്റന്റെ തന്ത്രങ്ങളായിരിക്കും ലങ്കയെ മുന്നോട്ടുനയിക്കുക. സൂസി ബേറ്റ്സിന് മറുപടിയായി ലങ്കന്‍ ബൗളിംഗ് നിരയിലുള്ളത് വെറ്ററന്‍ താരം സുഗന്ധിക കുമാരിയാണ്.

വിക്കറ്റ് കീപ്പര്‍മാരില്‍ ദിലാനി മനോദര അവസാന ഇലവനില്‍ കളിക്കാനാണ് സാധ്യത.