| Tuesday, 28th April 2020, 12:11 pm

ലോകം അടച്ചിരിക്കുമ്പോൾ ന്യൂസിലാന്റ് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു; ജസീന്ത ആർഡെന്റെ നേതൃത്വത്തിൽ കൊവിഡിനെ പിടിച്ചു കെട്ടി രാജ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂസിലാൻഡ്: ലോകത്തെ കൊവിഡ് 19 കേസുകൾ 30 ലക്ഷത്തിലേക്കെത്തി നിൽക്കുമ്പോൾ ജസീന്ത ആർഡെൻ എന്ന വനിതാ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കൊവിഡിനെ പിടിച്ചു കെട്ടിയ ന്യൂസിലാൻഡ് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ വലിയ ഇളവുകളാണ് ന്യൂസിലാൻഡ് നൽകിയിരിക്കുന്നത്. ആളുകൾക്ക് ജോലിക്ക് പോകാനും, പുറത്ത് പോയി സമയം ചിലവഴിക്കാനും, ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാനുമുള്ള അനുമതി ന്യൂസിലാൻഡ് പ്രഖ്യാപിച്ചു കഴിഞ്ഞു. നാലാഴ്ച്ചത്തെ കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷമാണ് ന്യൂസിലാൻഡ് ലോക്ക് ഡൗണിൽ ഇളവുകൾ നൽകുന്നത്.

ന്യൂസിലാൻഡ് പൂർണമായും കൊവിഡ് മുക്തമായിട്ടില്ലെന്നും ജാ​ഗ്രത തുടരണമെന്നും ലോക ശ്രദ്ധ നേടിയ ന്യൂസിലാൻഡിന്റെ പ്രധാനമന്ത്രി ജസീന്ത ആർഡെൻ പറയുന്നു. കൊവിഡുമായി ബന്ധപ്പെട്ട ഒറ്റപ്പെട്ട കേസുകൾ രാജ്യത്ത് വാക്സിൻ കണ്ടുപിടിക്കുന്നത് വരെ ഇനിയുമുണ്ടാകാൻ സാധ്യത ഉണ്ടെന്നും അവർ പറഞ്ഞു.

ജോലി സ്ഥലങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കാൻ ആരംഭിക്കുമെങ്കിലും വർക്ക് ഫ്രം ഹോം ചെയ്യാൻ സാധിക്കുന്നവർ അത് തന്നെ തുടരുന്നതായിരിക്കും നല്ലെതെന്നും സർക്കാർ അറിയിച്ചു.

നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടെങ്കിലും അടുത്ത രണ്ടാഴ്ച്ചത്തേക്ക് മാളുകൾ, പബ്ബുകൾ എന്നിവിടങ്ങളിൾ സാമൂഹിക അകലം പാലിക്കണമെന്ന നിർദേശമുണ്ട്. ജസീന്ത ആർഡെന്റെ നേതൃത്വത്തിലുള്ള ന്യൂസിലാന്റിന്റെ കൊവിഡ് പ്രതിരോധം ഏറെ ശ്രദ്ധ നേടിയിരുന്നു. പത്രസമ്മേളനത്തിലൂടെയും ഫെയ്സ്ബുക്ക് ലെെവിലൂടെയുമൊക്കെ ജനങ്ങളുടെ ആശങ്കകൾ മനസിലാക്കിയാണ് ജസീന്ത കൊവിഡ് കാലത്ത് പ്രവർത്തിച്ചത്. ന്യൂസിലാന്റിൽ മുസ്ലിം പള്ളികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കറുത്ത വസ്ത്രവും തലയിൽ ഷാളും ധരിച്ച് ആശ്വാസവാക്കുമായി മുസ്ലിംകളുടെ അടുത്തെത്തിയും ജസീന്ത മാധ്യമ ശ്രദ്ധ നേടിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

 

We use cookies to give you the best possible experience. Learn more