| Tuesday, 3rd November 2020, 6:49 pm

മലയാളിയായ പ്രിയങ്കയെ സ്വീകരിച്ച ന്യൂസിലാന്‍ഡിലെ ഇടത് രാഷ്ട്രീയം

ശ്രിന്‍ഷ രാമകൃഷ്ണന്‍

പ്രവര്‍ത്തന മികവുകൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിച്ച ജസീന്ത ആര്‍ഡന്‍ എന്ന ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി രണ്ടാമൂഴത്തിലും ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് അധികാരത്തിലേറുന്നത്. രാഷ്ട്രീയം പറയാനുള്ളതല്ല, പ്രവര്‍ത്തിക്കാനുള്ളതാണെന്നതിന്റെ ഉത്തമ മാതൃകയാവുകയാണ് ജസീന്ത ആര്‍ഡനും ലേബര്‍ പാര്‍ട്ടിയും.

ലോകത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന പാര്‍ലമെന്റ് തന്റേതെന്ന് ജസീന്ത ആര്‍ഡന് അഭിമാനത്തോടെ പറയാന്‍ കഴിയും. 20 അംഗ മന്ത്രി സഭയില്‍ എട്ടുപേരും സ്ത്രീകള്‍. അതില്‍ അഞ്ച് പേര്‍ മവോരി ഗോത്രവിഭാഗത്തില്‍പ്പെടുന്നവര്‍.

മൂന്ന് പേര്‍ പസഫിക്ക വിഭാഗത്തിലുള്ളവര്‍. മുന്ന് പേര്‍ എല്‍.ജി.ബി.ടി വ്യക്തികള്‍. ജസീന്ത ആര്‍ഡന്റെ മന്ത്രിസഭയില്‍ മലയാളികള്‍ക്ക് അഭിമാനമായി പറവൂര്‍ സ്വദേശി പ്രിയങ്ക രാധാകൃഷ്ണനുമുണ്ട്.

ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരാള്‍ ന്യൂസിലാന്‍ഡിന്റെ മന്ത്രിയാകുന്നത്. അതും നിര്‍ണായക വകുപ്പുകളുടെ ചുമതലയോടെ. യുവജനക്ഷേമം, സാമൂഹിക വികസനം, സന്നദ്ധ മേഖല, എന്നീ വകുപ്പുകളുടെ പ്രധാന ചുമതലയും തൊഴില്‍ വകുപ്പിന്റെ സഹമന്ത്രി സ്ഥാനവുമാണ് പ്രിയങ്കയ്ക്കുള്ളത്.

പതിനാല് വര്‍ഷമായി ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയാണ് പ്രിയങ്ക രാധാകൃഷ്്ണന്‍. ഇത് രണ്ടാം തവണയാണ് പ്രിയങ്ക രാധാകൃഷ്ണന്‍ എം.പി സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ നിന്നും മത്സരിച്ച് വിജയിച്ച പ്രിയങ്ക രാധാകൃഷ്ണന്‍ എത്ത്‌നിക് കമ്മ്യൂണിറ്റി വിഭാഗം മന്ത്രിയായ ജെന്നി സെയില്‍സയുടെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തുകൂടിയാണിവര്‍. ഭരണ നിര്‍വഹണത്തിലെ കഴിവും ആത്മാര്‍ത്ഥതയും തന്നെയാണ് പ്രിയങ്ക രാധാകൃഷ്ണനെ രണ്ടാമൂഴത്തില്‍ സുപ്രധാന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാക്കി മാറ്റുന്നത്.

പ്രിയങ്കയും സഹോദരി മാനവിയും ജനിച്ചത് ചെന്നൈയിലാണ്. ചെന്നൈയിലും സിംഗപ്പൂരിലുമായിയിരുന്നു തുടര്‍ പഠനം. ന്യൂസിലാന്‍ഡിലെ വെല്ലിങ്ടണ്‍ സര്‍വ്വകലാശാലയില്‍ നിന്നും ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയതിന് ശേഷമാണ് അവര്‍ പൊതുരംഗത്തിറങ്ങുന്നത്.

ലേബര്‍ പാര്‍ട്ടയുടെ ചരിത്രത്തില്‍ എക്കലാത്തും നിര്‍ണായകമായിരുന്ന മവോരി ഗ്രോത വിഭാഗക്കാര്‍ക്കും നിര്‍ണായക വകുപ്പുകള്‍ നല്‍കിയിട്ടുണ്ട് ജസീന്ത ആര്‍ഡന്റെ ലേബര്‍ പാര്‍ട്ടി. മവോരി ഗോത്രവിഭാഗത്തില്‍പ്പെടുന്ന നനയ്യ മഹൂട്ട ന്യൂസിലാന്‍ഡിന്റെ ചരിത്രത്തിലെ തന്നെ ആദ്യ വനിതാ വിദേശകാര്യ മന്ത്രിയാണ്.

ന്യൂസിലാന്‍ഡിലെ മുന്‍ വിദേശകാര്യ മന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്‌സും മവോരി വിഭാഗത്തില്‍പ്പെടുന്നയാളായിരുന്നു. ലോക ചരിത്രത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന മന്ത്രി സഭയുമായി തലയുയര്‍ത്തി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ നില്‍ക്കുമ്പോള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന ലേബര്‍ പാര്‍ട്ടിയെക്കുറിച്ചും പറയേണ്ടതുണ്ട്.

1916ലാണ് ന്യൂസിലാന്‍ഡില്‍ ലേബര്‍ പാര്‍ട്ടി സ്ഥാപിതമാകുന്നത്. വിവിധ ട്രേഡ് യുണിയന്‍ ഗ്രൂപ്പുകളുടെയും ഡെമോക്രാറ്റിക്ക് പാര്‍ട്ടികളുടെയും ലയനത്തിലൂടെയാണ് ന്യൂസിലാന്‍ഡിന്റെ ചരിത്രത്തില്‍ നിര്‍ണായക സ്വാധീനമായ ലേബര്‍ പാര്‍ട്ടിയുണ്ടാകുന്നത്.

1910ല്‍ രൂപീകൃതമായ യൂണിഫൈഡ് ലേബര്‍ പാര്‍ട്ടിയും, 1913ല്‍ രൂപീകൃതമായ സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. പരമ്പരാഗതമായി തൊഴിലാളിവര്‍ഗവും ദരിദ്രവിഭാഗങ്ങളും വിശ്വസിക്കുന്ന പാര്‍ട്ടികൂടിയാണ് ജസീന്ത ആര്‍ഡന്റെ ലേബര്‍ പാര്‍ട്ടി.

ഒന്നാം ലോക മഹായുദ്ധകാലത്ത് നിര്‍ബന്ധിത മിലിറ്ററി സേവനത്തിനനുകൂലമായ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായി പോരാടിയാണ് ലേബര്‍ പാര്‍ട്ടി ജനസമ്മിതി നേടുന്നത്. സര്‍ക്കാര്‍ വ്യാപകമായി ന്യൂസിലാന്‍ഡ് സൈനിക സേനയിലേക്ക് പതിനായിരക്കണിക്കിനാളുകളെ എത്തിച്ചു നിര്‍ബന്ധിത സൈനിക സേവനമെന്നത് ഒന്നാം ലോക മഹായുദ്ധം ആരംഭിച്ച നാലു വര്‍ഷക്കാലം ന്യൂസിലാന്‍ഡ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനകളിലൊന്നായിരുന്നു. ഇതിനെതിരെ ജനരോഷവും ഉയര്‍ന്നിരുന്നു.

ന്യൂസിലാന്‍ഡില്‍ ലേബര്‍ പാര്‍ട്ടി സ്ഥാപിതമായ വര്‍ഷം തന്നെ അന്നത്തെ പ്രധാനമന്ത്രി ഡബ്ല്യു. എഫ് മസി-ാമലൈ്യ നിര്‍ബന്ധിത മിലിറ്ററി സേവനവുമായി ബന്ധപ്പെട്ട് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

20 മുതല്‍ 45 വയസുവരെയുള്ള പുരുഷന്മാരെ നിര്‍ബന്ധിത മിലിറ്ററി സേവനത്തിലേക്ക് അയയക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതായിരുന്നു നിയമം.

ഇതിനെതിരെയുള്ള പോരാട്ടം അന്ന് ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് ന്യൂസിലാന്‍ഡില്‍ ശക്തിപ്പെടുന്നത്. പുതുതായി രൂപപ്പെട്ട ലേബര്‍ പാര്‍ട്ടിയുടെ മുഖമുദ്രയും വ്യത്യസ്തത തന്നെയായിരുന്നു.

റാഡിക്കല്‍ ലിബറല്‍ മുതല്‍ മിലിറ്റന്റ് സോഷ്യലിസ്റ്റ് ആശയം വെച്ചു പുലര്‍ത്തുന്നവര്‍ വരെ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. നിര്‍ബന്ധിത മിലിറ്ററി സേവനത്തിനെതിരായി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കിയതിന് ജയിലില്‍ അടക്കപ്പെട്ടവരായിരുന്നു ലേബര്‍ പാര്‍ട്ടിയിലെ ആദ്യകാല എക്‌സിക്യൂട്ടീവ് അംഗങ്ങള്‍.

സൈനികര്‍ക്ക് മെച്ചപ്പെട്ട ശമ്പളം നല്‍കണമെന്നും അവരുടെ കുടുംബത്തിന്റെ ക്ഷേമം ഉറപ്പുവരുത്തണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ലേബര്‍ പാര്‍ട്ടി സമരമുഖത്തുണ്ടായിരുന്നു. 1919ലെ തെരഞ്ഞെടുപ്പില്‍ ന്യൂസിലാന്‍ഡില്‍ എട്ടു സീറ്റുകള്‍ നേടാന്‍ ലേബര്‍ പാര്‍ട്ടിക്കായി. 1922ലെ തെരഞ്ഞെടുപ്പില്‍ ഇത് 17ആയി മെച്ചപ്പെടുത്തി.

1926 ആകുമ്പോഴേക്കും ന്യൂസിലന്‍ഡിലെ നിര്‍ണായക സ്വാധീനമായി ലേബര്‍ പാര്‍ട്ടി വളര്‍ന്നു. അങ്ങിനെ ലേബര്‍ പാര്‍ട്ടി ഹാരി ഹോളന്റെ നേതൃത്തില്‍ 1926 ല്‍ ന്യൂസിലന്‍ഡിന്റെ ശക്തമായ പ്രതിപക്ഷ സ്ഥാനത്തേക്കുയര്‍ന്നു.

ഗ്രേറ്റ് ഡിപ്രഷന്‍ കാലത്ത് പിറന്ന ആദ്യ ലേബര്‍ സര്‍ക്കാര്‍

ലോകത്തെ ആകെ വലച്ച ഒരു കഷ്ണം ബ്രെഡിനായി ആളുകള്‍ വരി നിന്ന മഹാസാമ്പത്തിക മാന്ദ്യം, ഗ്രേറ്റ് ഡിപ്രഷന്‍ ന്യൂസിലാന്‍ഡിനെയും വലച്ചു. ഇക്കാലയളവില്‍ തന്നെയാണ് ന്യൂസിലാന്‍ഡില്‍ ആദ്യ ലേബര്‍ സര്‍ക്കാര്‍ അധികാരത്തിലേറുന്നതും.

1930-35കാലയളവില്‍ നിര്‍ണായകമായ വളര്‍ച്ചയാണ് ലേബര്‍ പാര്‍ട്ടി കൈവരിച്ചത്. 1935ലെ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ 53 സീറ്റുകള്‍ നേടിയാണ് ലേബര്‍ പാര്‍ട്ടി അധികാരത്തിലേറുന്നത്. മൈക്കിള്‍ ജോസഫ് സാവേജ് ലേബര്‍ പാര്‍ട്ടിയുടെ ന്യൂസിലന്‍ഡിലെ ആദ്യ പ്രധാനമന്ത്രിയുമായി.

1949വരെ തുടര്‍ച്ചായി ന്യൂസിലാന്‍ഡില്‍ വിജയിക്കാനും ലേബര്‍ പാര്‍ട്ടിക്ക് സാധിച്ചു. പീറ്റര്‍ ഫ്രേസറും ഇക്കാലയളവില്‍ ലേബര്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രിയായി. യുദ്ധാനന്തരം ഐക്യരാഷ്ട്ര സഭയുടെ രൂപീകരണത്തിലുള്‍പ്പെടെ നിര്‍ണായക സ്വാധീനം വഹിച്ച പീറ്റര്‍ ഫ്രസര്‍ അന്നേ അന്തരാഷ്ട്ര ശ്രദ്ധ നേടിയ ന്യൂസിലാന്‍ഡിന്റെ പ്രധാനമന്ത്രിയാണ്.

രണ്ടാം ലോക മഹായുദ്ധം, സാമ്പത്തിക മാന്ദ്യം തുടങ്ങിയ സങ്കീര്‍ണമായ പ്രതിസന്ധികളിലൂടെ ലോകം കടന്നു പോകുന്ന സമയത്ത് ന്യൂസിലാന്‍ഡ് ഭരിച്ചത് ലേബര്‍ പാര്‍ട്ടിയാണ്. ഇക്കാലയളവിലും നിര്‍ണായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്ക് ചെയ്യാന്‍ സാധിച്ചു.

പക്ഷേ പല നയങ്ങളും വ്യാപകമായി എതിര്‍ക്കപ്പെടുകയുമുണ്ടായി. സ്വാകാര്യവത്കരണം നടപ്പിലാക്കിയതിനെതിരെ പാര്‍ട്ടി വലിയ വിമര്‍ശനവും നേരിട്ടിരുന്നു.

സാമൂഹിക സുരക്ഷ, വിലക്കയറ്റം, മവോരി പ്രൊട്ടക്ഷന്‍, തുടങ്ങിയ വിഷയങ്ങളില്‍ അന്നേ ലേബര്‍ പാര്‍ട്ടി ശ്രദ്ധ കൊടുക്കുന്നുണ്ടായിരുന്നു.

1940കള്‍ക്ക് ശേഷം അത്ര സുഖമമായ വളര്‍ച്ചയായിരുന്നില്ല ലേബര്‍ പാര്‍ട്ടിയുടേത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ശിഥിലമായി സാമ്പത്തിക മേഖലയെ പിടിച്ചു നിര്‍ത്തുന്നതുള്‍പ്പെടെ ലേബര്‍ പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയായെന്ന് പാര്‍ട്ടി തന്നെ സമ്മതിക്കുന്നു.

ഇതാകട്ടെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ക്ക് കാരണമായി, ഫലത്തില്‍ അത് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്തും. 1950മുതല്‍ 1975 വരെയുള്ള കാലയളവില്‍ രണ്ട് തവണ മാത്രമേ ലേബര്‍ പാര്‍ട്ടിക്ക് അധികാരം ലഭിച്ചുള്ളൂ.

1984ലാണ് പിന്നീട് ശക്തമായൊരു തിരിച്ചു വരവ് ലേബര്‍ പാര്‍ട്ടി നടത്തുന്നത്. പിന്നീട് വന്ന ലേബര്‍ സര്‍ക്കാരുകളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതില്‍ ഒന്നാണ് ജസീന്ത ആര്‍ഡന്‍ എന്ന വനിതയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ. കൊവിഡ് പോരാട്ടത്തെയും, ന്യൂസിലന്‍ഡിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ മുസ്ലിം വിഭാഗങ്ങളെ ചേര്‍ത്തു പിടിച്ച അവരുടെ നിലപാടുകളെയും ലോകം നെഞ്ചിലേറ്റി.

ഇതാകട്ടെ ശക്തമായ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുന്നതിന് അവര്‍ക്ക് സഹായകവുമായി. 1946ന് ശേഷം ആദ്യമായാണ് പാര്‍ട്ടി ഇത്രയധികം ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്നത്. ആകെ പോള്‍ ചെയ്ത് വോട്ടിന്റെ 49.1 ശതമാനവും അറുപത് സീറ്റുകളും പിടിച്ചെടുക്കാന്‍ ലേബര്‍ പാര്‍ട്ടിക്ക് സാധിച്ചു.

വൈവിധ്യത്തിന്റെ രാഷ്ട്രീയം പറയുന്ന ജസീന്ത ആര്‍ഡന്‍ എന്ന പ്രധാനമന്ത്രിയും, അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തേയും ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Newzealand PM Jacinda Arden and Priyanka Radhakrishnan

ശ്രിന്‍ഷ രാമകൃഷ്ണന്‍

We use cookies to give you the best possible experience. Learn more