ന്യൂസീലന്റ് ലോകകപ്പ് സെമിയില്‍
Daily News
ന്യൂസീലന്റ് ലോകകപ്പ് സെമിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st March 2015, 2:48 pm

Worldcupവെല്ലിങ്ടണ്‍: വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ന്യൂസീലന്റ് ലോകകപ്പ് സെമിയിലെത്തി. 143 റണ്‍സിനാണ് ന്യൂസീലന്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്റ് 394 റണ്‍സ് വിജയലക്ഷ്യം പടുത്തുയര്‍ത്തിയതോടെ വെസ്റ്റിന്‍ഡീസിന്റെ സ്ഥിതി പരുങ്ങലിലാവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസ് 250 റണ്‍സില്‍ പുറത്താവുകയും ചെയ്തു.

ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ന്യൂസീലന്‍ഡിനെ ശക്തമായ നിലയിലേക്കെത്തിച്ചത്. ഓപ്പണറായിറങ്ങിയ ഗുപ്റ്റില്‍ പുറത്താകാതെ 163 പന്തില്‍ 237 റണ്‍സാണ് അടിച്ചു കൂട്ടിയത്. ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഇതാണ്. വെസ്റ്റ് ഇന്‍ഡീസ് താരമായ ക്രിസ് ഗെയിലിന്റെ 215 എന്ന റെക്കോര്‍ഡാണ് ഗുപ്റ്റില്‍ തകര്‍ത്തത്. ബ്രണ്ടന്‍ മക്കല്ലം(12), കേയിന്‍ വില്ല്യംസണ്‍ (33), റോസ് ടെയ്‌ലര്‍(42), കോറെ ആന്റേഴ്‌സണ്‍(15), ഗ്രാന്റ് എല്ലിയോട്ട് (27), ലൂക്ക് റോഞ്ചി (9), ഡാനിയല്‍ വെട്ടോറി(8) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍ നില.

വെസ്റ്റിന്‍ഡീസിനു വേണ്ടി ക്രിസ് ഗെയില്‍(61) മാത്രമാണ് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചത്. ന്യൂസീലന്റിനു വേണ്ടി ട്രെന്റ് ബോള്‍ട് നാല് വിക്കറ്റുകളും ടിം സൗത്തി, ഡാനിയല്‍ വെട്ടോറി എന്നിവര്‍ രണ്ടും ആദം മില്‍നെ കോറെ ആന്റേഴ്‌സണ്‍ എന്നിവര്‍ ഒന്നും വിക്കറ്റെടുത്തു.

മാര്‍ച്ച് 24 ന് സെമി ഫൈനല്‍ മത്സരങ്ങള്‍ തുടങ്ങും ഓക്ക്‌ലാന്റ് സ്‌റ്റേഡിയത്തില്‍ വെച്ച് ന്യൂസീലന്റും സൗത്ത് ആഫ്രിക്കയുമാണ് ആദ്യ മത്സരം. മാര്‍ച്ച് 26 വ്യാഴാഴ്ച്ച സിഡ്‌നിയില്‍ ഇന്ത്യയും ആസ്‌ത്രേലിയയും തമ്മിലുള്ള പോരാട്ടവും നടക്കും. മാര്‍ച്ച് 29നാണ് ഫൈനല്‍ മത്സരം നടക്കുക.