ബെയ്ജിങ്: ന്യൂയോര്‍ക്ക് ടൈംസിന് ചൈനയില്‍ വിലക്ക്. ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയബാ ഓയുടെ കുടുംബം കോടിക്കണക്കിന് ഡോളറിന്റെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന വാര്‍ത്ത അന്വേഷണാത്മക റിപ്പോര്‍ട്ടിലൂടെ പുറത്തുകൊണ്ടുവന്നതിനാണ് ന്യൂയോര്‍ക്ക് ടൈംസിന് ചൈന വിലക്കേര്‍പ്പെടുത്തിയത്.പത്രത്തിന്റെ ഇംഗ്ലീഷ്, ചൈനീസ് വെബ്‌സൈറ്റുകളാണ് ചൈനയില്‍ നിരോധിച്ചത്.[]
താന്‍ പരമദരിദ്രരായ മാതാപിതാക്കളുടെ പുത്രനായി ജനിച്ച് എളിയ ജീവിതം നയിക്കുന്നവനാണെന്ന് വിശേഷിപ്പിക്കാറുള്ള വെന്‍ ജിയബാഓയുടെ 90 വയസ്സുള്ള അമ്മക്ക് 12 കോടി ഡോളറിന്റെ ആസ്തിയുള്ളതായി ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയുടെ ഭാര്യ, മകന്‍, മകള്‍ സഹോദരങ്ങള്‍ തുടങ്ങിയ ഉറ്റബന്ധുക്കളുടെ ആസ്തി 270 കോടി ഡോളര്‍ കവിയുമെന്നും പത്രം പറയുന്നു. വന്‍കിട കമ്പനികളില്‍ ഓഹരിയായും ബിനാമി സ്വത്തായുമാണ് ഇവയത്രയും സ്വരൂപിക്കപ്പെട്ടതത്രെ.
1998ലാണ് വെന്‍ ഉപപ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന്, 2003ല്‍ അദ്ദേഹം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ബന്ധുക്കള്‍ അവിഹിത സ്വാധീനം ഉപയോഗിച്ച് സ്വത്ത് സമ്പാദിക്കുന്നതില്‍ റെക്കോഡ് വര്‍ധന ഉണ്ടാക്കിയതായും ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വെന്നിന്റെ ഭാര്യ സാങ് ബില്ലി, ദേശീയ രത്‌ന കമ്പനി മാനേജര്‍ എന്ന നിലയില്‍ ബന്ധുക്കള്‍ക്ക് അഴിമതിയുടെ വാതിലുകള്‍ തുറന്നുകൊടുത്തതായും ആരോപണമുണ്ട്.
എന്നാല്‍, ചൈനക്ക് ദുഷ്‌പ്പേരുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് പത്രം ഇത്തരം റിപ്പോര്‍ട്ടുകള്‍ കൊണ്ടുവന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹോങ്‌ലി കുറ്റപ്പെടുത്തി. ഇതിനുപിന്നിലെ ഗൂഢലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ് പത്രത്തിന്റെ സൈറ്റുകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
ഏത് തരത്തിലുള്ള അന്വേഷണത്തേയും നേരിടാന്‍ താന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി വെന്‍ ജിയാബാ ഓ യും വ്യക്തമാക്കി.