ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന്റെ എഡിറ്റോറിയല്‍. ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും മോദി മൗനം തുടരുകയാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് എഴുതിയത്.
എല്ലാ കാര്യത്തിനും ട്വീറ്റ് ചെയ്യുകയും സ്വയം ഒരു വാഗ്മിയാണെന്ന് കരുതുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സ്ത്രീകളും ന്യൂനപക്ഷങ്ങളും ഭീഷണി നേരിടുമ്പോള്‍ നിശബ്ദനായിരിക്കുകയാണെന്നാണ് എഡിറ്റോറിയല്‍ പറയുന്നത്.
കത്വയില്‍ 8 വയസുള്ള കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ടതിന് രാജ്യം മുഴുവന്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. എന്നാല്‍ മോദി അദ്ദേഹത്തിന്റെ പാര്‍ട്ടി ഉള്‍പ്പെട്ട ഈ സംഭവത്തില്‍ മൗനം പാലിച്ചു. കഴിഞ്ഞ ആഴ്ച അവസാനം വരെ അദ്ദേഹം ആ മൗനം തുടര്‍ന്നുവെന്നും പത്രം ആഞ്ഞടിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി രാജ്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ എന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി അംഗങ്ങള്‍ തന്നെ കുറ്റാരോപിതരായിട്ടുള്ള കേസിനെ അദ്ദേഹം വിശേഷിപ്പിച്ചത്. മോദിയുടെ രാഷ്ട്രീയത്തിന് ഒപ്പം നില്‍ക്കുന്നവര്‍ ഉള്‍പ്പെട്ട മുന്‍ കേസുകളിലും മൗനം തന്നെയായിരുന്നു മോദിക്കെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറഞ്ഞത്.
Read | നോട്ട് ക്ഷാമം: 500 രൂപ നോട്ടുകളുടെ അച്ചടി അഞ്ചിരട്ടി വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
മോദിയുടെ മൗനം നിരാശാജനകവും അത്ഭുതകരവുമാണെന്നും ദല്‍ഹി ബലാത്സംഗ കേസില്‍ മൗനം പാലിച്ച കഴിഞ്ഞ സര്‍ക്കാരില്‍ നിന്ന് മോദി പാഠം ഉള്‍ക്കൊള്ളാന്‍ പരാജയപ്പെട്ടുവെന്നും എഡിറ്റോറിയല്‍ വിലയിരുത്തി.