| Friday, 6th October 2023, 8:37 am

ന്യൂസ്ക്ലിക്കിനെതിരെയുള്ള ആരോപണം; ന്യൂയോർക്ക് ടൈംസിന് മുമ്പിൽ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോർക്ക്: വാർത്താ പോർട്ടൽ ന്യൂസ്‌ക്ലിക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ന്യൂയോർക്ക് ടൈംസ് ഓഫീസിന് മുമ്പിൽ ന്യൂയോർക്കിലെ നിരവധി മാധ്യമപ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും പ്രതിഷേധം.

ആഗസ്റ്റിൽ ചൈനയിൽ നിന്ന് ന്യൂസ്‌ക്ലിക്കിന് ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ആരോപിക്കുന്ന ‘അന്വേഷണ റിപ്പോർട്ട്’ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് യു.എ.പി.എ ചുമത്തി ന്യൂസ്ക്ലിക്ക് മാധ്യമപ്രവർത്തകരുടെ വീടുകളിൽ ദൽഹി പോലീസ് റെയ്ഡ് നടത്തിയതും എഡിറ്റർ പ്രബീർ പുർകായസ്തയേയും എച്ച്.ആറിനെയും അറസ്റ്റ് ചെയ്തതും.

‘ന്യൂയോർക്ക് ടൈംസിന്റെ നുണകൾ പ്രസിനെതിരെ മോദിയുടെ ആക്രമണത്തിലേക്ക് നയിച്ചു,’ ‘ന്യൂസ്‌ക്ലിക്കിൽ നിന്നും സ്വതന്ത്ര മാധ്യമങ്ങളിൽ നിന്നും കൈയെടുക്കുക’ തുടങ്ങിയ വാചകങ്ങൾ എഴുതിയ മഞ്ഞ പ്ലക്കാർഡുകൾ പിടിച്ചായിരുന്നു പ്രതിഷേധം. മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള മോദി സർക്കാരിന്റെ കടന്നുകയറ്റത്തിനെതിരെയും അവർ പ്രതിഷേധിച്ചു.

ചൈനീസ് പ്രൊപഗണ്ട പ്രചരിപ്പിക്കുവാൻ യു.എസിലെ ശതകോടീശ്വരൻ നെവിൽ റോയ് സിങ്കം ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലെ മാധ്യമ സ്ഥാപനങ്ങൾക്കും ദക്ഷിണാഫ്രിക്കയിലെ രാഷ്ട്രീയ പാർട്ടിക്കും ഫണ്ട് നൽകി എന്നായിരുന്നു ന്യൂയോർക്ക് ടൈംസിന്റെ ആരോപണം. ഇന്ത്യയിൽ ന്യൂസ്‌ക്ലിക്കിനാണ് നെവിൽ റോയിയുടെ നെറ്റ്‌വർക്ക് ഫണ്ടുകൾ ലഭ്യമാക്കിയത് എന്നും ആരോപിച്ചു.

ഇ.ഡിക്കും ദൽഹി പൊലീസിനും ആദായ നികുതി വകുപ്പിനും മുഴുവൻ രേഖകളും ഇടപാടുകളും പരിശോധിച്ചിട്ടും റെയ്ഡ് നടത്തിയിട്ടും തെളിവുകൾ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നും ന്യൂയോർക്ക് ടൈംസിന്റെ വ്യാജവാർത്തയുടെ പേരിലാണ് തങ്ങൾക്കെതിരെ യു.എ.പി.എ ചുമത്തിയത് എന്നും കഴിഞ്ഞ ദിവസം ന്യൂസ്ക്ലിക്ക് പ്രസ്താവനയിൽ പറഞ്ഞിരുന്നു.

അതേസമയം, ചൈനീസ് ബന്ധമുള്ള മൂന്ന് സ്ഥാപനങ്ങളിൽ നിന്ന് ന്യൂസ്ക്ലിക്ക് ഫണ്ട് സ്വീകരിച്ചു എന്ന് ദൽഹി പോലീസിന്റെ എഫ്.ഐ.ആറിലെ ആരോപണം. കേന്ദ്രസർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ന്യൂസ് മോശമായി ചിത്രീകരിച്ചു എന്നും എഫ്.ഐ.ആറിൽ ആരോപണമുണ്ട്.

പ്രബീർ പുർകായസ്തക്കും അമിത് ചക്രവർത്തിക്കും എഫ്.ഐ.ആറിന്റെ പകർപ്പ് കൈമാറണമെന്ന് പോലീസിന് ദൽഹി കോടതി നിർദ്ദേശം നൽകി.

Content Highlight: NewsClick raids: Journos call out New York Times for ‘investigative report’

We use cookies to give you the best possible experience. Learn more