ന്യൂദൽഹി: ന്യൂസ്‌ക്ലിക്ക് സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബീർ പുർകായസ്തയുടെ റിമാൻഡ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൽ അറസ്റ്റിന്റെ കാരണം വ്യക്തമാക്കിയിട്ടുണ്ടോ എന്ന് ദൽഹി ഹൈക്കോടതി.
യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിനും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനും റിമാൻഡിനുമെതിരെ പുർകായസ്‌തയും ന്യൂസ്‌ക്ലിക്കിന്റെ എച്ച്.ആർ അമിത് ചക്രവർത്തിയും നൽകിയ ഹരജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
‘റിമാൻഡിനുള്ള അപേക്ഷയിൽ അറസ്റ്റിനുള്ള കാരണങ്ങൾ വ്യക്തമാക്കിയിട്ടുണ്ടോ എന്ന് നിങ്ങൾ പറഞ്ഞിട്ടില്ല. സുപ്രീംകോടതിയിൽ നിന്ന് കണ്ണുതുറപ്പിക്കുന്ന വിധിയാണ് ഇന്ന് വന്നിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥർ കൃത്യമായി ആശയവിനിമയം നടത്തേണ്ടത് അനിവാര്യമാണെന്നാണ് സുപ്രീം കോടതി പറയുന്നത്,’ ജസ്റ്റിസ് തുഷാർ റാവു ഗെഡേലയുടെ സിംഗിൾ ബെഞ്ച് പറഞ്ഞു.
റിമാൻഡ് ഓർഡറിൽ എന്തോ ഒന്ന് മിസ്സിങ് ആണെന്ന് ചൂണ്ടിക്കാട്ടിയ ദൽഹി ഹൈക്കോടതി, കീഴ്കോടതിയിൽ പുർകായസ്‌തയുടെ വാദം കേട്ടിട്ടില്ല എന്നും നിരീക്ഷിച്ചു.
എന്നാൽ, പൊലീസിന്റെ മറുപടി കേൾക്കാതെ ഇടക്കാല മോചനം അനുവാദിക്കാനാകില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി. പുർകായസ്തയുടെയും ചക്രവർത്തിയുടെയും ഇടക്കാലമോചനം ആവശ്യപ്പെട്ടുള്ള അപേക്ഷയ്ക്ക് മറുപടി നൽകണമെന്നും ദൽഹി പോലീസിനോട് കോടതി നിർദേശിച്ചു.
ചൈനയുടെ പ്രൊപഗാണ്ട പ്രചരിപ്പിക്കുവാൻ ന്യൂസ്ക്ലിക്കിന് ഫണ്ട് ലഭിച്ചുവെന്ന ആരോപണത്തിലാണ് പുർകായസ്തയേയും ചക്രവർത്തിയേയും അറസ്റ്റ് ചെയ്തത്.
CONTENT HIGHLIGHT: Newsclick; Delhi Highcourt raises grounds on arrest