ന്യൂസ് ക്ലിക്ക് കേസ്; അമേരിക്കന്‍ വ്യവസായി നെവില്‍ റോയ് സിംഘത്തിന് സമന്‍സ് അയച്ച് ദല്‍ഹി പൊലീസ്
national news
ന്യൂസ് ക്ലിക്ക് കേസ്; അമേരിക്കന്‍ വ്യവസായി നെവില്‍ റോയ് സിംഘത്തിന് സമന്‍സ് അയച്ച് ദല്‍ഹി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th May 2024, 9:55 am

ന്യൂദല്‍ഹി: ന്യൂസ് ക്ലിക്കിനെതിരായ ഫണ്ടിങ് കേസില്‍ അമേരിക്കന്‍ വ്യവസായി നെവില്‍ റോയ് സിംഘത്തിന് സമന്‍സ് അയച്ച് ദല്‍ഹി പൊലീസ്. നെവില്‍ റോയ് സിംഘം ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ദല്‍ഹി പൊലീസ് നോട്ടീസ് അയച്ചത്.

നെവില്‍ റോയിയുടെ ബിസിനസ് പങ്കാളിയായ ജേസണ്‍ ഫെച്ചര്‍, തിങ്ക് ടാങ്ക് ട്രൈകോണ്ടിനെന്റലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിജയ് പ്രസാദ്, ന്യൂസ്‌ക്ലിക്ക് മാധ്യമപ്രവര്‍ത്തകരായ ആനന്ദ് മംഗ്നാലെ, പവന്‍ കുല്‍ക്കര്‍ണി എന്നിവര്‍ക്കാണ് ദല്‍ഹി പൊലീസ് നോട്ടീസ് അയച്ചത്.

ന്യൂസ് ക്ലിക്കിനെതിരെ തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് ദല്‍ഹി പൊലീസ് കേസെടുത്തത്. ഏപ്രില്‍ 30നാണ് ദല്‍ഹി പൊലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മെയ് 30ന് കേസില്‍ വാദം കേല്‍ക്കുന്നത് ആരംഭിക്കും.

കേസ് കെട്ടിച്ചമച്ചതാണെന്നും അതിനെ കോടതിയില്‍ നേരിടുമെന്നും ന്യൂസ് ക്ലിക്ക് പറഞ്ഞു. മെയ് 15ന് സുപ്രീം കോടതി ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീര്‍ പുര്‍കയസ്തക്ക് ജാമ്യം നല്‍കിയിരുന്നു. ചൈന അനുകൂല പ്രചരണം നടത്തിയതിന് പണം കൈപ്പറ്റിയെന്ന കേസില്‍ ദല്‍ഹി കോടതിയും അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.

അടുത്തിടെ ഇ.ഡിയും നെവില്‍ റോയ്ക്ക് സമന്‍സ് അയച്ചിരുന്നു. വിദേശകാര്യ മന്ത്രാലയം വഴിയാണ് ഇ.ഡി അദ്ദേഹത്തിന് സമന്‍സ് അയച്ചത്.

എഫ്.സി.ആര്‍.എ വ്യവസ്ഥകള്‍ ലംഘിച്ച് നാല് വിദേശ സ്ഥാപനങ്ങള്‍ വഴി ന്യൂസ് ക്ലിക്ക് ഏകദേശം 28.46 കോടി രൂപ സ്വീകരിച്ചുവെന്നാണ് ഇ.ഡിയുടെ കേസ്. നെവില്‍ റോയ്‌ക്കെതിരായ ആരോപണങ്ങളില്‍ നിലവില്‍ ഇ.ഡി, ദല്‍ഹി പൊലീസ്, സി.ബി.ഐ, ആദായനികുതി വകുപ്പ് എന്നിവരാണ് അന്വേഷണം നടത്തുന്നത്.

ഒക്ടോബര്‍ മൂന്നിനാണ് ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍ക്കയസ്തയെയും സ്ഥാപനത്തിന്റെ ഹ്യൂമന്‍ റിസോഴ്‌സ് മേധാവി അമിത് ചക്രവര്‍ത്തിയെയും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

തീവ്രവാദ വിരുദ്ധ നിയമപ്രകാരമായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ പരാമാധികാരവും, ഐക്യവും, അഖണ്ഡതയും തകര്‍ക്കാന്‍ ഇവര്‍ ഗൂഢാലോചന നടത്തിയെന്നും എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നു. ദല്‍ഹി പൊലീസ് വിഷയത്തില്‍ കേസെടുത്തതിന് പിന്നാലെയാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.

Content Highlight: NewsClick case: Delhi Police summons to Neville Roy Singham