ക്വട്ടേഷന്‍ നേതാവ് ന്യൂസ്18 കേരളയുടെ ചര്‍ച്ചയില്‍; വിഷയം 'ഗുണ്ടകളുടെ വളര്‍ച്ചയ്ക്ക് കൊടി പിടിക്കുന്നതാര്'
Kerala News
ക്വട്ടേഷന്‍ നേതാവ് ന്യൂസ്18 കേരളയുടെ ചര്‍ച്ചയില്‍; വിഷയം 'ഗുണ്ടകളുടെ വളര്‍ച്ചയ്ക്ക് കൊടി പിടിക്കുന്നതാര്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th May 2024, 3:10 pm

തിരുവനന്തപുരം: ക്വട്ടേഷന്‍ സംഘം നേതാവിനെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ച് ന്യൂസ്18 കേരള. സംസ്ഥാനത്ത് ഗുണ്ടകളുടെ വളര്‍ച്ചയ്ക്ക് കൊടി പിടിക്കുന്നതാര് എന്ന വിഷയത്തില്‍ ആയിരുന്നു ചാനല്‍ ചര്‍ച്ച. നിലവില്‍ മാധ്യമ സ്ഥാപനത്തിന്റെ നീക്കത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുകയാണ്.

മുന്‍ എസ്.പി ജോര്‍ജ് ജോസഫ്, രാഷ്ട്രീയ നിരീക്ഷകന്‍ എം.എന്‍. കാരശ്ശേരി, സാമൂഹിക പ്രവര്‍ത്തകരായ കൊഞ്ചിറവിള വിനോദ്, ആല്‍ബിന്‍ എന്നിവരോടൊപ്പമാണ് ക്വട്ടേഷന്‍ സംഘത്തിലെ അംഗം ചര്‍ച്ചയില്‍ പങ്കെടുത്തത്. ഗുണ്ടയായ ഔറംഗസേബ് എന്ന വ്യക്തിയെയാണ് ന്യൂസ്18 കേരള ചാനല്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയത്.

സംഭവം വിവാദമായതോടെ നിരവധി ആളുകളാണ് ന്യൂസ്18 കേരള ന്യൂസ് ചാനലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ക്വട്ടേഷന്‍ സംഘത്തിലെ ക്രിമിനലിന് ചര്‍ച്ചയില്‍ സ്‌പേസ് കൊടുത്ത ഇവരൊക്കെ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു.

ഇതുസംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. മുഖ്യധാര മാധ്യമങ്ങളെ പരിഹസിച്ചുകൊണ്ട് ട്രോള് പേജുകള്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നുമുണ്ട്.

‘അടുത്ത ചര്‍ച്ച കൂടോത്രം, ആഭിചാരം എന്നിവയെ കുറിച്ചാണ്. ചര്‍ച്ചക്കായി കുട്ടിച്ചാത്തനെ ആണ് ചാനല്‍ വിളിക്കുന്നത് എന്ന് കേട്ടൂ,’ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഒരാള്‍ പങ്കുവെച്ച കമന്റ്. അതിപ്പോ സംസാരിക്കുന്ന വിഷയത്തെ കുറിച്ച് അറിവ് ഉള്ളവര്‍ വേണ്ടേ പരിപാടിയില്‍ പങ്കെടുക്കാനെന്നും മറ്റൊരാള്‍ ചോദിച്ചു.

‘വീരപ്പന്‍ തട്ടിപ്പോയി അല്ലെങ്കില്‍ അരിക്കൊമ്പന്‍ വിഷയത്തില്‍ സംസാരിക്കേണ്ട ആളാ,’ എന്ന് മറ്റൊരാള്‍ കുറിച്ചു. ഔറംഗസേബിന് പകരം മലയാള സിനിമയായ ആവേശം സിനിമയിലെ കഥാപാത്രമായ അമ്പാനെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചാല്‍ മതിയായിരുന്നുവെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.


‘ഹാ ബെസ്റ്റ്, പുരോഗതി ആണ്. ഇത് ഗാന്ധിജി സ്വപ്നം കണ്ട കിനാശ്ശേരി,’ എന്നും മറ്റൊരാള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ക്വട്ടേഷന്‍ സംഘ അംഗത്തെയും ഒരു സാമൂഹിക പ്രവര്‍ത്തകന്‍ എന്ന് ബ്രാക്കറ്റില്‍ ഇട്ട് ആദരിക്കാമായിരുന്നുവെന്നും വിമര്‍ശകര്‍ പറയുന്നു.

Content Highlight: News18 Kerala with the participation of Quotation group leader in the channel discussion