'അന്ധവിശ്വാസം പ്രചരിപ്പിച്ചു'; ധീരേന്ദ്ര ശാസ്ത്രിയുമായുള്ള വിവാദ അഭിമുഖം പിന്‍വലിക്കാന്‍ ന്യൂസ് 18 ഇന്ത്യ
national news
'അന്ധവിശ്വാസം പ്രചരിപ്പിച്ചു'; ധീരേന്ദ്ര ശാസ്ത്രിയുമായുള്ള വിവാദ അഭിമുഖം പിന്‍വലിക്കാന്‍ ന്യൂസ് 18 ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th November 2024, 9:15 pm

ന്യൂദല്‍ഹി: സ്വയംപ്രഖ്യാപിത ആള്‍ദൈവം ധീരേന്ദ്ര ശാസ്ത്രിയുമായുള്ള അഭിമുഖം പിന്‍വലിക്കാന്‍ തീരുമാനിച്ച് ന്യൂസ് 18 ഇന്ത്യ. അഭിമുഖത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് നീക്കം.2023 ജൂലൈ 10നാണ് ന്യൂസ് 18 ധീരേന്ദ്ര ശാസ്ത്രിയുമായി അഭിമുഖം നടത്തിയത്.

വിമർശനങ്ങൾക്ക് പിന്നാലെ അഭിമുഖം പിന്‍വലിക്കാന്‍ മുകേഷ് അംബാനിയുടെ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ചാനലിന് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ആന്റ് ഡിജിറ്റല്‍ അസോസിയേഷന്റെ നിര്‍ദേശം നല്‍കുകയായിരുന്നു. പൂനെയിലെ ആക്ടിവിസ്റ്റ് ഇന്ദ്രജിത് ഘോര്‍പഡെയുടെ പരാതിയിലാണ് നടപടി.

ഹിന്ദു രാഷ്ട്രം രൂപീകരിക്കുന്നതിനെ കുറിച്ചും രാഷ്ട്രീയ ഫലങ്ങള്‍ പ്രവചിക്കാനുള്ള ശക്തിയെ കുറിച്ചും പരാമര്‍ശിക്കുന്ന ശാസ്ത്രിയുടെ അഭിമുഖം ആക്ഷേപകരമാണെന്ന് ഇന്ദ്രജിത് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അന്ധവിശ്വാസം പ്രചരിപ്പിക്കും വിധത്തിലുള്ള പരാമര്‍ശങ്ങളാണ് ധീരേന്ദ്ര ശാസ്ത്രി നടത്തിയതെന്ന് അഭിമുഖത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ധീരേന്ദ്ര ശാസ്ത്രി സമൂഹത്തില്‍ അസഹിഷ്ണുത ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നും വിമര്‍ശനമുണ്ട്.

ഇന്ത്യയില്‍ ജീവിക്കാന്‍ രാമായണ പാരായണം നിര്‍ബന്ധമാക്കണമെന്ന് ധീരേന്ദ്ര ശാസ്ത്രി അഭിമുഖത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. മുസ്‌ലിങ്ങളെ അധിക്ഷേപിച്ചും ലൗ ജിഹാദിനെ കുറിച്ചും ശാസ്ത്രി പരാമര്‍ശം നടത്തിയിരുന്നു.

ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആളുകളില്‍ വിദ്വേഷം വളര്‍ത്തുമെന്നും ഭയത്തിന് കാരണമാകുമെന്നും എന്‍.ബി.ഡി.എസ്.എ ചൂണ്ടിക്കാട്ടി.

മാധ്യമസ്ഥാപനങ്ങള്‍ക്ക് എഡിറ്റോറിയല്‍ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ ചാനല്‍ സെഷനുകളിലെ ഏതൊരു ഉള്ളടക്കത്തിനും സ്ഥാപനം ഉത്തരവാദികളായിരിക്കുമെന്നും എന്‍.ബി.ഡി.എസ്.എ പറഞ്ഞു. അതിഥികളുടെ പരാമര്‍ശങ്ങളും സ്ഥാപനത്തിന് ഉത്തരവാദിത്തമുണ്ടെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.

എന്‍.ബി.ഡി.എസ്.എ താക്കീത് നല്‍കിയതിനെ തുടര്‍ന്നാണ് അഭിമുഖം പിന്‍വലിക്കാന്‍ ന്യൂസ് 18 ഉത്തരവിട്ടത്. യൂട്യൂബ് ഉള്‍പ്പെടെ എല്ലാ പ്ലാറ്റ്ഫോമുകളില്‍ നിന്നും അഭിമുഖം പിന്‍വലിക്കാനാണ് അതോറിറ്റിയുടെ നിര്‍ദേശം. ഏഴ് ദിവസത്തെ സമയമാണ് ഇതിനായി ന്യൂസ് 18 ന് എന്‍.ബി.ഡി.എസ്.എ നല്‍കിയിരിക്കുന്നത്.

വിവാദങ്ങളില്‍ ന്യായീകരണവുമായി ന്യൂസ് 18 പ്രതികരിക്കുകയും ചെയ്തിരുന്നു. ധീരേന്ദ്ര ശാസ്ത്രി പൊതുവേദികളും മാധ്യമസ്ഥാപനങ്ങളിലും സജീവ സാന്നിധ്യം ആണെന്നായിരുന്നു സ്ഥാപനത്തിന്റെ വാദം.

എന്നാല്‍ കമ്പനിയുടെ വാദം എന്‍.ബി.ഡി.എസ്.എ ഉള്‍പ്പെടെ തള്ളിയത് ചാനലിന് തിരിച്ചടിയായി. ഇത് അഭിമുഖം പിന്‍വലിക്കാന്‍ സ്ഥാപനത്തിന്മേല്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു.

Content Highlight: News18 India to retract controversial interview with Dhirendra Shastri