| Saturday, 30th November 2024, 1:22 pm

എസ്.ഡി.പി.ഐ പിന്തുണയോടെ സി.പി.ഐ.എം ഭരണമെന്ന് വാര്‍ത്ത; മനോരമക്കെതിരെ വക്കീല്‍ നോട്ടീസയച്ച് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍.ഡി.എഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ നാലിടങ്ങളില്‍ എസ്.ഡി.പി.ഐ പിന്തുണയുണ്ടെന്ന് മലയാള മനോരമ ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് സി.പി.ഐ.എം. മലയാളമനോരമയുടെ അധികൃതര്‍ക്കെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

മലയാള മനോരമ കമ്പനി, പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ മാമന്‍ മാത്യു, ചീഫ് എഡിറ്റര്‍ മാമന്‍ മാത്യു, എഡിറ്റര്‍ ഫിലിപ് മാത്യു, മേനേജിങ് എഡിറ്റര്‍ ജേക്കബ് മാത്യു, എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം എന്നിവര്‍ക്കെതിരെയാണ് അഡ്വക്കറ്റ് എം. രാജഗോപാലന്‍ നായര്‍ മുഖേന വക്കീല്‍ നോട്ടീസ് അയച്ചത്.

വക്കീല്‍ നോട്ടീസ് കൈപ്പറ്റി മൂന്നുദിവസത്തിനകം പ്രസിദ്ധീകരിച്ച വാര്‍ത്ത തിരുത്തുകയോ പിന്‍വലിക്കുകയോ ചെയ്തില്ലെങ്കില്‍ സിവില്‍- ക്രിമിനല്‍ നടപടികളിലേക്ക് കടക്കുമെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

തിരുവനന്തപുരം നഗരൂര്‍ ഗ്രാമപഞ്ചായത്ത്, പത്തനംതിട്ട നഗരസഭ, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത്, പാലക്കാട് ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ എസ്.ഡി.പി.ഐ പിന്തുണയോടെയാണ് സി.പി.ഐ.എം ഭരിക്കുന്നതെന്നായിരുന്നു വാര്‍ത്ത. നവംബര്‍ 26ന് മലയാള മനോരമ ദിനപത്രത്തില്‍ നല്‍കിയ വാര്‍ത്തയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. വസ്തുതകളും വിശദാംശങ്ങളും മനസിലാക്കാതെയാണ് മനോരമ വാര്‍ത്ത നല്‍കിയതെന്നാണ് എല്‍.ഡി.എഫ് ഉന്നയിക്കുന്ന വിമര്‍ശനം.

നഗരൂരും ഓങ്ങല്ലൂരും എല്‍.ഡി.എഫിന് ഭൂരിപക്ഷമുള്ള പ്രദേശങ്ങളാണ്. പത്തനംതിട്ട നഗരസഭയില്‍ സ്വതന്ത്രരാണ് എല്‍.ഡി.എഫിനെ പിന്തുണച്ചത്. കോട്ടാങ്ങലില്‍ രണ്ടുതവണ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നപ്പോഴും എസ്.ഡി.പി.ഐ പിന്തുണച്ചതിനാല്‍ വിജയികളായ എല്‍.ഡി.എഫ് പ്രതിനിധികള്‍ രാജിവച്ചു. മൂന്നാമതും രാജിവച്ചാല്‍ തൊട്ടടുത്തയാള്‍ ജയിച്ചതായി കണക്കാക്കുമെന്ന് ഹൈക്കോടതി വിധിയുണ്ട്. തൊട്ടടുത്തയാള്‍ ബി.ജെ.പി പ്രതിനിധിയാണ്. ബി.ജെ.പിക്ക് ഭരണം ലഭിക്കരുതെന്നത് എല്‍.ഡി.എഫിന്റെ രാഷ്ട്രീയ നിലപാടാണെന്നും നോട്ടീസില്‍ പറയുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സി.പി.ഐ.എം ഭരണം നടത്തുന്നത് ജമാഅത്തെ ഇസ്‌ലാമി എസ്.ഡി.പി.ഐ എന്നിവരുടെ പിന്തുണയോടെയാണെന്ന പ്രചാരണം തെറ്റാണെന്ന് സി.പി.ഐ.എം നേരത്തെ പറഞ്ഞിരുന്നു. വര്‍ഗീയതയ്ക്കെതിരെ എല്ലായ്പ്പോഴും സി.പി.ഐ.എം ശക്തമായ നിലപാടുകള്‍ ആണ് സ്വീകരിച്ചിട്ടുള്ളതെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

Content Highlight: News that CPIM is ruling with SDPI support; C.P.I.M sent a lawyer notice against Manorama

We use cookies to give you the best possible experience. Learn more