യോനീ കവാടം; കല രാഷ്ട്രീയത്തില്‍ കക്ഷി ചേരുന്നു
Gender Equity
യോനീ കവാടം; കല രാഷ്ട്രീയത്തില്‍ കക്ഷി ചേരുന്നു
അനുശ്രീ
Wednesday, 16th January 2019, 5:04 pm

“സ്ത്രീയുടെ ഏത് ശരീര ഭാഗത്തെയാണോ അയിത്തമായ് കണക്കാക്കുന്നത് അതിന്റെ ശാസ്ത്രീയ വശത്തെക്കുറിച്ചും സൗന്ദര്യാത്മക വശത്തെക്കുറിച്ചും സംസാരിക്കുക എന്ന ഉദ്ദേശമായിരുന്നു വജൈന മാതൃകയിലുള്ള കവാടത്തിനു പിന്നില്‍ ”

സ്ത്രീ ശരീരവും ശരീരത്തിന്റെ അവകാശങ്ങളും ആര്‍ത്തവവുമെല്ലാം പൊതു സമൂഹം അതിന്റെ ഏറ്റവും സൂക്ഷമമായ തലത്തില്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് കൊച്ചിയില്‍ കലാകകക്ഷി ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ ഭാഗമായി യോനീ കവാടം ഉയര്‍ത്തുന്നത്. ആര്‍ത്തവമെന്ന വാക്ക് പരസ്യമായി പറയാന്‍ മടിച്ചിരുന്ന ഒരു കാലത്തു നിന്ന് ആര്‍ത്തവ അയിത്തത്തിനെതിരായ ഒരു സമരപരിപാടിയിലേക്ക്
യോനീ കവാടത്തിലൂടെ പ്രവേശിക്കാനായി എന്നത് പുരോഗമന കേരളത്തിന്റെ രാഷ്ട്രീയ നേട്ടം തന്നെയാണ്.

 

കലയുടെ സമകാലിക രാഷ്ട്രീയ പ്രയോഗത്തിന്റെ മനോഹരമായ ഉദാഹരണമായി മാറി കലാകക്ഷി നിര്‍മിച്ച യോനീ കവാടം. കലാകക്ഷിയിലെ എല്ലാ മെമ്പര്‍മാരും വിഷ്വല്‍ ആര്‍ട്ടിസ്റ്റുകള്‍. 2004 ല്‍ രൂപീകരിച്ച കൂട്ടായ്മ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് സമൂഹത്തിലേക്ക് ഇറങ്ങുന്നത്. എല്ലാത്തിനെയും കലയിലൂടെ പ്രതിഷേധിക്കുക എന്നതാണ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം. ശബരിമലവിഷയത്തിന് മുന്‍പും കലാകക്ഷി പലപ്രതിഷേധങ്ങളുടെയും ഭാഗമായിട്ടുണ്ട്. ആര്‍പ്പോ ആര്‍ത്തവം വേദിയില്‍ കലാകക്ഷി നടത്തിയ പ്രതിരോധത്തെക്കുറിച്ച് കലാകക്ഷി ജനറല്‍കണ്‍വീനര്‍ പി.എസ് ജലജ ഡൂള്‍ ന്യൂസിനോട് സംസാരിച്ചു.

“”ശരീരഭാഗങ്ങളായ കണ്ണോ മൂക്കോ കയ്യോ കാലോ പോലെ സ്ത്രീകളുടെ വജൈനയെയും കാണാന്‍ ആളുകള്‍ക്ക് കഴിയുന്നില്ല. അതിനെ ലൈംഗികതയുമായ് ബന്ധപ്പെടുത്തി ഒളിച്ചുവെക്കേണ്ടതാണെന്ന ധാരണയില്‍ യോനിയെക്കുറിച്ച് രഹസ്യമായ് സംസാരിക്കുകയാണ്. എന്നാല്‍ യോനിയെ ലൈംഗിതയുമായ് മാത്രം കാണേണ്ട ആവശ്യമില്ല. അതു കൊണ്ടുതന്നെ ആര്‍ത്തവായിത്തത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതിനെ ഒരു ബിംബമായി മുന്നോട്ട് വെക്കുകയാണ്.

ഒരു യോനി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ തുല്യനീതിയെകുറിച്ചും ആര്‍ത്തവം അയിത്തമല്ലെന്ന കാര്യത്തെകുറിച്ചുമാണ്. സോഷ്യല്‍മീഡിയയില്‍ അടക്കം അതിന്റെ രാഷ്ട്രീയം ചര്‍ച്ചചെയ്യുന്നതിന് പകരം ആ ഒരു ശരീര ഭാഗത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. അതിലെ വൈകൃതം എന്തെന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്.””

 

ഇന്ത്യയിലെമ്പാടുമുള്ള ആരാധനാലയങ്ങളിലെ കലാവിഷ്‌കാരങ്ങള്‍ പരിശോധിച്ചാല്‍ മനുഷ്യ ശരീരത്തിന്റെയും ലൈംഗികതയുടേയും പലതരം ആവിഷ്‌കാരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതു കാണാം. ലിംഗാരാധന മത വിശ്വാസത്തിന്റെ ഭാഗമായ ഒരു സംസ്‌കാരം നിലനില്‍ക്കുന്ന രാജ്യത്താണ് യോനീ കവാടം വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നതെന്നതാണ് വിചിത്രം.

“” ശിവലിംഗത്തെ കാണുന്നത് ഇത്തരത്തിലല്ല. സ്ത്രീകളുടെ വജൈനയെ സെക്കണ്ടറിയായിട്ടാണ് കാണുന്നത്. എല്ലാവര്‍ക്കും തുല്ല്യ നീതി നല്‍കേണ്ട സമൂഹത്തില്‍ സ്ത്രീ ശരീരം അയിത്തമാണെന്ന് പറയുന്നത് ഭരണ ഘടനാ വിരുദ്ധമാണ്.

വജൈന മോഡല്‍ കവാടം നിര്‍മ്മിച്ചപ്പോള്‍ പലതരത്തിലുള്ള പ്രതികരണമാണ് ലഭിച്ചത്.
യോനി ഒരു ശരീര ഭാഗമാണെന്നും അതിന്റെ ധര്‍മ്മങ്ങള്‍ എന്തൊക്കെയാണെന്നും കൃത്യമായ ധാരണയുള്ളവരുടെ ഭാഗത്തുനിന്ന് വളരെ പോസിറ്റീവ് ആയിട്ടുള്ള പ്രതികരണമാണ് ലഭിച്ചത്. കുലപുരുഷന്മാരുടെയും കുല സ്ത്രീകളുടെയും ബ്രാഹ്മണിക്കള്‍ ചിന്താഗതിയുള്ള സമൂഹത്തിന്റയും ഭാഗത്തു നിന്ന് അത്ര നല്ല പ്രതികരണമായിരുന്നില്ല. അത് പ്രതീക്ഷിക്കുന്നുമില്ല. അവര്‍ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ഇല്ലെന്നറിഞ്ഞു കൊണ്ടു തന്നെയാണ് ഇത്തരത്തിലുള്ള ഒരു പ്രതിരോധം തീര്‍ത്തതും.””

യോനീ കവാടം ഒറ്റയാളുടെ കലാ ചിന്തയായിരുന്നില്ല. ഒറ്റയാളുടെ കലാപ്രതിഷേധമോ കലാ പ്രതിരോധമോ ആയിരുന്നില്ല. അതൊരു കൂട്ടായ ചിന്തയും തീരുമാനവുമായിരുന്നു. പി. എസ്. ജലജ പറയുന്നു.

“”വജൈന മോഡലിലുള്ള കവാടം കലാകക്ഷിയിലുള്ള അംഗങ്ങളുടെ കൂട്ടായ ചര്‍ച്ചയിലൂടെ ഉയര്‍ന്നിട്ടുള്ള ഐഡിയയാണ്.

 

ഒരു ജനാധിപത്യരാജ്യത്ത് ഓരോ പൗരനും ഭരണഘടനാ അവകാശങ്ങള്‍ ഉണ്ട്. അത് ലംഘിക്കപ്പെടുന്നു എന്നത് ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ നമ്മളെക്കൊണ്ട് കഴിയുന്നരീതിയില്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കും. സ്ത്രീകള്‍ക്ക് തുല്യനീതി ലഭിക്കാത്ത ഈയൊരു സമൂഹത്തില്‍ കലാപരമായിട്ട് അതിനെ പ്രതിരോധിക്കാന്‍ കഴിയും എന്ന ചിന്തയിലാണ് ആര്‍പ്പോ ആര്‍ത്തവം പരിപാടി സംഘടിപ്പിക്കുന്നത്.

ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും എന്ന അറിവ് തന്നെയായിരുന്നു അന്നേദിവസം ഉച്ചവരെയും ഉണ്ടായിരുന്നത്. ആര്‍പ്പോ ആര്‍ത്തവത്തിന്റെ സംഘാടകര്‍ തീവ്രസ്വഭാവമുള്ള ആളുകളായത് കൊണ്ടാണ് മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത് എന്നാണ് വാര്‍ത്തകളിലൂടെ അറിയാന്‍ കഴിഞ്ഞത്.

ആര്‍ത്തവ അയിത്തത്തിനെതിരെ പ്രതികരിക്കുന്ന സ്ത്രീകളെല്ലാം തീവ്രചിന്താഗതിയോ തീവ്രവാദികളോ ആണെങ്കില്‍ കേരളത്തിലെ 50% ആളുകളും തീവ്രവാദികളാണെന്ന് പറയേണ്ടി വരും. കലാകക്ഷി കേരളത്തിലെ ജനകീയ സമരങ്ങളില്‍ ഇടപൊടാന്‍ തുടങ്ങിയത് എറണാകുളത്ത് സംഘടിപ്പിച്ച മനുഷ്യസംഗമത്തിന് ശേഷമാണ്. പിന്നീട് പുതുവയ്പ്പ് ഐ.ഒ.സി പ്ലാന്റിനെതിരെയുള്ള സമരം, കന്യാസ്ത്രീസമരം തുടങ്ങിയവയിലും പങ്കെടുത്തു. കൃത്യമായ രാഷ്ട്രീയബോധ്യം ഉള്ളതുകൊണ്ടാണ് ഇതിലൊക്കെ ഇടപെടുന്നത്. ” ജലജ വിശദീകരിച്ചു.

ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ ആര്‍ത്തവ ശരീരം എന്ന സയന്‍സ് എക്‌സിബിഷനും വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു.

അനുശ്രീ
ഡൂൾ ന്യൂസിൽ സബ് എഡിറ്റർ ട്രെയിനി. ജേർണലിസത്തിൽ പി. ജി ഡിപ്ലോമ