ആനത്തലവട്ടം വിടപറയുമ്പോള്‍ സി.പി.ഐ.എം എന്ന രാഷ്ട്രീയ പാര്‍ട്ടിയേക്കാളേറെ നഷ്ടങ്ങള്‍ നേരിടേണ്ടി വരുന്നത് തൊഴിലാളി വര്‍ഗത്തിനാണ്. തൊഴിലാളി വര്‍ഗത്തിന്റെ അവകാശങ്ങള്‍ക്കായി നിരന്തരം പോരാടുകയും അവരുടെ ശബ്ദവമായി മാറുകയും ചെയ്ത ആനത്തലവട്ടം ആനന്ദന്റെ വിയോഗം രാഷ്ട്രീയ കേരളത്തില്‍ വലിയൊരു വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്.
തൊഴിലാളിവര്‍ഗ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന അവസാന കണ്ണികളിലൊരാള്‍ രാഷ്ട്രീയ കേരളത്തോട് വിട പറഞ്ഞിരിക്കുന്നു. ചാനല്‍ മുറികളിലും തെരുവുകളിലും തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെ വക്താവായ ആനത്തലവട്ടം എന്നും തൊഴിലാളികള്‍ക്കൊപ്പമായിരുന്നു. തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകള്‍ ഏതൊരാളുടെ മുഖത്ത് നോക്കിയും പറയാന്‍ അദ്ദേഹം മടി കാണിച്ചിരുന്നില്ല.
കേരളത്തില്‍ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ സഖാവ് ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയപ്പോള്‍ തൊഴിലാളി വര്‍ഗത്തിന്റെ അവകാശങ്ങള്‍ക്കായി ആ സര്‍ക്കാരിനെതിരെ സമരമുഖത്തിറങ്ങിയത് അതേ പാര്‍ട്ടിയുടെ തന്നെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തിരുന്ന ആനന്ദന്‍ തന്നെയായിരുന്നു.
”അംബാസഡറില്‍ കയറാനല്ല, ഡണ്‍ലെപ് മെത്തയില്‍ കിടക്കാനല്ല, ആഴക്കരിയുടെ കഞ്ഞികുടിക്കാനാണീ സമരം. അതിനാണീ അതിനാണീ സമരം..” എന്ന മുദ്രാവാക്യമായിരുന്നു മുഴങ്ങിക്കേട്ടത്. തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളില്‍ സമരമുഖത്തിറങ്ങിയ തൊഴിലാളി നേതാവിനെ ഭരണകൂടമോ അതിന്റെ നേതാക്കളോ തെല്ലും ഭയപ്പെടുത്തിയിരുന്നില്ല.
1954ല്‍ പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ പ്രഖ്യാപിച്ച കയര്‍ തൊഴിവാളികളുടെ കൂലി വര്‍ധന 1957ലെ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും മുതലാളിമാര്‍ നടപ്പാക്കാത്തതിനാലായിരുന്നു സമരം. സ്ത്രീകളുള്‍പ്പെടെ ആയിരത്തിലധികം പേരാണ് തങ്ങളുടെ തൊഴിലാളി നേതാവിന് പിറകില്‍ സമരമുഖത്ത് അണിനിരന്നത്.
ഈ സമരം പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചയായപ്പോള്‍ സഖാവ് ഇ.എം.എസ് തന്നെ സംസ്ഥാന കമ്മിറ്റിയില്‍ ഇതേക്കുറിച്ച് വിശദീകരിച്ചു.
ഭരണവും സമരവും ഒരുമിച്ചുകൊണ്ടുപോകണം. സര്‍ക്കാരിന് എല്ലാ വിഭാഗങ്ങളുടെയും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയില്ല. സര്‍ക്കാര്‍ മാറ്റമേ ഉണ്ടായിട്ടുള്ളൂ. ഭരണകൂടമാറ്റം ഉണ്ടായിട്ടില്ല. പരിമിതമായ അധികാരമുള്ള സര്‍ക്കാരായതുകൊണ്ട് തൊഴിലാളികളും കൃഷിക്കാരും ജനവിഭാഗങ്ങളും അവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി സമരം ചെയ്ത് അവ നിറവേറ്റപ്പെടണം. അല്ലെങ്കില്‍ സംഘടന ഇല്ലാതായിപ്പോകും എന്നായിരുന്നു ഇ.എം.എസ് വിശദീകരണം നല്‍കിയത്.
70 വര്‍ഷത്തോളം നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തില്‍ അസാധാരണമാം വിധം സംയമനം പാലിച്ചിരുന്ന വ്യക്തിത്വമായിരുന്നു ആനത്തലവട്ടം ആനന്ദന്‍. എന്നാല്‍ തൊഴിലാളി വര്‍ഗത്തിനെതിരെ നിലകൊള്ളുന്നവര്‍ക്കെതിരെ അദ്ദേഹത്തിന്റെ ശബ്ദം അതിരൂക്ഷമായി തന്നെ ഉയര്‍ന്നിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പോലും സഖാവ് ദേഷ്യപ്പെട്ടത് തൊഴിലാളി വിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ മാത്രമായിരുന്നു.
‘പണിയെടുക്കാന്‍ ഞങ്ങള്‍ക്കവകാശമുണ്ടെങ്കില്‍ പണിമുടക്കാനും ഞങ്ങള്‍ക്ക്, തൊഴിലാളിവര്‍ഗത്തിന് അവകാശമുണ്ട്. ഞങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പണിമുടക്കരുതെന്ന് പറയാന്‍ കോടതിയാര്?’
‘യോഗ്യതയും ആരോഗ്യവുമുള്ള ആര്‍ക്കും ലോഡിങ്, അണ്‍ലോഡിങ് ജോലി നിഷേധിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. ഇപ്പോള്‍ ഈ ജഡ്ജിമാര്‍ ഇരിക്കുന്ന കസേരയില്‍ ഇരിക്കാന്‍ എത്ര അഭിഭാഷകര്‍ക്ക് യോഗ്യതയുണ്ട്? അവരെ അവിടെ ഇരിക്കാന്‍ അനുവദിക്കുമോ? അവര്‍ (അഭിഭാഷകര്‍) നിങ്ങള്‍ വളരെക്കാലം അവിടെ ഇരുന്നു, ഇപ്പോള്‍ ഞങ്ങളുടെ ഊഴമാണെന്ന് പറഞ്ഞാലോ? ഈ വിധി തെറ്റാണ്, ഞങ്ങള്‍ അത് അംഗീകരിക്കുന്നില്ല’ ഇടിനാദം പോലെയായിരുന്നു ആ ശബ്ദം കേരളമൊന്നാകെ മുഴങ്ങിക്കേട്ടത്.
തൊഴിലാളിവര്‍ഗമെന്ന സ്വത്വബോധം അദ്ദേഹം എക്കാലവും ഉയര്‍ത്തിപ്പിടിച്ചു. ചുമട്ടുതൊഴിലാളി, കയര്‍ തൊഴിലാളി, ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കിടയിലും അദ്ദേഹം പ്രവര്‍ത്തിച്ചു.
തൊഴിലാളികളെ സംഘടിപ്പിച്ചു. സമരം ചെയ്തു. വിട്ടുവീഴ്ചയില്ലാത്ത ആയിരക്കണക്കിന് സമരങ്ങള്‍. സമരങ്ങളിലൂടെ കൂലിവര്‍ധനവും ബോണസും അവധി ദിനങ്ങളുമടക്കമുള്ള അവകാശങ്ങള്‍ നേടിയെടുത്തു. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സമുന്നത നേതാവായി മാറിയതും ഈ നേതൃപാടവത്തിലൂടെ തന്നെ.
പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴും പാര്‍ലമെന്ററി രാഷ്ട്രീയമെന്ന അപ്പക്കഷ്ണത്തില്‍ അദ്ദേഹം ഒട്ടും അഭിരമിച്ചിരുന്നില്ല. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടി സഖാവ് ആനത്തലവട്ടം ആനന്ദനെ സ്ഥാനാര്‍ഥിയായി ആലോചിച്ചിരുന്നു. മത്സരിച്ചിരുന്നെങ്കില്‍ ഒരു സുനിശ്ചിതമായ സീറ്റും സുപ്രധാന വകുപ്പിന്റെ മന്ത്രിസ്ഥാനവും ഉറപ്പായിരുന്നു.
എന്നാല്‍ ആനത്തലവട്ടം അത് സ്‌നേഹപൂര്‍വം നിരസിക്കുകയും പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് മാറി തൊഴിലാളി സംഘടനയുടെ നേതൃസ്ഥാനം ഏറ്റെടുക്കുകയുമായിരുന്നു. പാര്‍ലമെന്ററി അധികാരത്തേക്കാള്‍ സുപ്രധാനണെന്ന് വിശ്വസിച്ച സംഘടനാ ചുമതല, ട്രേഡ് യൂണിയന്റെ നേതൃപദവി. മരിക്കും വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു.
തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തെ അത്യുച്ചത്തില്‍ മുന്നോട്ട് കൊണ്ട് പോകുമ്പോഴും തന്റെ പാര്‍ട്ടിയുടെ വക്താവായി ആരോഗ്യം പോലും വകവെക്കാതെ ആവശ്യമുള്ളപ്പൊഴൊക്കെ അയാള്‍ പൊതുമധ്യത്തില്‍ വന്നു.
ചാനല്‍ ചര്‍ച്ചകളില്‍ ആകര്‍ഷകമായ ശൈലിയിലല്ലെങ്കിലും തന്റെയും തന്റെ പാര്‍ട്ടിയുടെ ആശയം വസ്തുനിഷ്ഠതയോടെ ഉറച്ചു പറഞ്ഞു. അതിന്റെ പേരില്‍ യാതൊരു കാര്യവുമില്ലാതെ തന്നെ വലതുപക്ഷം നിര്‍ലജ്ജം അദ്ദേഹത്തെ പരിഹസിച്ചു. ആ ട്രോളുകളും പരിഹാസവും ഉച്ചത്തില്‍ മുഴങ്ങുമ്പോഴും അതിലുമുച്ചത്തില്‍ തൊഴിലാളിവര്‍ഗ രാഷ്ട്രീയം ആനത്തലവട്ടം പറഞ്ഞുകൊണ്ടേയിരുന്നു.
തൊഴിലാളിവര്‍ഗത്തിന്റെ നിലയ്ക്കാത്ത ശബ്ദമാണ് ഇപ്പോള്‍ വിടവാങ്ങിയിരിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് പോലും ഉയര്‍ന്നുകേട്ട ആ ശബ്ദത്തിന്റെ പ്രതിധ്വനി കേരള രാഷ്ട്രീയത്തില്‍ ഇനിയും ഉയര്‍ന്നുകേള്‍ക്കുക തന്നെ ചെയ്യും.
Content highlight: News story about Anathalavattam Anandan