തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയെ ഗോഡൗണില്‍ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസിലെ പ്രതി ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി കിരണിനെ തിങ്കളാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. മര്‍ദിക്കുന്നതിന്റെയും ബലാത്സംഗം ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ കിരണ്‍ തന്നെ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ഫോണ്‍ ഫൊറന്‍സിക് പരിശോധനക്കായി കോടതിയില്‍ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
കേസില്‍ കിരണിനെതിരെ ഇതിനോടകം നിരവധി തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ മെഡിക്കല്‍ എവിഡന്‍സുകളെ ആശ്രയിക്കാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി കിരണിനെ വിശദമായ വൈദ്യപരിശോധനക്ക് വിധേയമാക്കും.
കിരൺ
പീഡനം നടന്ന ഗോഡൗണില്‍ കിരണ്‍ സ്ഥിരമായി എത്താറുണ്ട്. ഹോട്ടലില്‍ നിന്ന് പെണ്‍കുട്ടിയ ഭീഷണിപ്പെടുത്തി ഗോഡൗണിലേക്ക് കൊണ്ടുപോകാന്‍ കിരണ്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതായാണ് പൊലീസിന്റ നിഗമനം.
പെണ്‍കുട്ടി തന്നെ ചതിച്ചു എന്ന തരത്തിലുള്ള മൊഴികളാണ് കിരണ്‍ പറയുന്നത്. എന്നാല്‍ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. കേവലം ഒരു സുഹൃത്ത് ബന്ധത്തിനപ്പുറം ഒന്നുമില്ലെന്നാണ് യുവതിയുടെ മൊഴി. ആശുപത്രിയിലായിരുന്ന യുവതിയെ ഇന്ന് വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്ക് പൂര്‍ണമായും സുഖപ്പെടാത്തതിനാല്‍ തുടര്‍ചികിത്സ വേണ്ടിവരുമെന്നും പൊലീസ് അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരമാണ് യുവതിയെ ബൈക്കില്‍ കയറ്റികൊണ്ടുപോയി ഗോഡൗണിലിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കിരണിന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തോട് ചേര്‍ന്ന ഗോഡൗണിലേക്കാണ് രാത്രി യുവതിയെ കൊണ്ടുപോയത്.