കണ്ണൂര്‍: പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സി.പി.ഐ.എമ്മും പോപ്പുലര്‍ ഫ്രണ്ടും പരസ്യമായ രാഷ്ട്രീയ സഖ്യത്തിലേക്ക് പോകുന്നത് വരും ദിവസങ്ങളില്‍ കാണാന്‍ സാധിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പാലക്കാട് നടന്നത് സമാധാന യോഗമല്ല. പാലക്കാട് സമാധാനം തകര്‍ത്തത് പോപ്പുലര്‍ ഫ്രണ്ടാണ്. പൊലീസ് പാലക്കാട് നിഷ്‌ക്രിയമായിരുന്നു. സി.പി.ഐ.ഐ.എമ്മാണ് പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കുന്നത്. കോടിയേരിയും മുഖ്യമന്ത്രിയും മിണ്ടുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ബി.ജെ.പി സമാധാന യോഗത്തില്‍ പങ്കെടുത്തുകൊണ്ട് പാര്‍ട്ടിയുടെ നിലപാട് പറഞ്ഞിട്ടുണ്ട്. സമാധാനത്തെക്കുറിച്ച് വെറുതെ സംസാരിക്കുന്നതാണെന്നും, സി.പി.ഐ.എം നേതൃത്വം നല്‍കുന്ന സര്‍വകക്ഷി സമാധാനം ആഗ്രഹിക്കുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിനെ നിലയ്ക്ക് നിര്‍ത്തിയാല്‍ കേരളത്തില്‍ സമാധാനം ഉണ്ടാകും. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെടേണ്ടത് കേരള സര്‍ക്കാറാണ്. കേരളത്തിലെത്തുന്ന അമിത് ഷായുമായി ഇക്കാര്യം സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിനെ ഘടക കക്ഷിയാക്കാനാണ് സി.പി.ഐ.എമ്മിന്റെ ശ്രമം. എം.വി. ഗോവിന്ദന്റെയും കെ.ഇ.എന്നിന്റെയും പ്രസ്താവന അതാണ് സൂചിപ്പിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഭരണ കക്ഷിയായ സി.പി.ഐ.എമ്മും മതഭീകരവാദ സംഘടനായ പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള സഖ്യം കൂടുതല്‍ ശക്തമാവുകയാണ്. എസ്.ഡി.പി.ഐക്കും സി.പി.ഐ.എമ്മിനും ഒരേ വേവ്‌ലങ്ങ്ത്താണ്. പോപ്പുലര്‍ ഫ്രണ്ടിനെ പരസ്യമായി സ്വാഗതം ചെയ്യുകയാണ് സി.പി.ഐ.എം എന്നും സുരേന്ദ്രന്‍ പറഞ്ഞു.
സത്യം തുറന്നുപറഞ്ഞതിന്റെ പേരില്‍ ജോര്‍ജ് എം. തോമസിനെ പുറത്താക്കാന്‍ പോവുകയാണ് സി.പി.ഐ.എം. മുസ്‌ലിം തീവ്രവാദത്തിന് മുന്നില്‍ മുട്ടിലിഴയുകയാണ് സി.പി.ഐ.എമ്മെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഒരു കൊലപാതക കേസിലെ പ്രതികള്‍ക്കും ഞങ്ങള്‍ സംരക്ഷണം നല്‍കുന്നില്ലെന്നും സി.പി.ഐ.എം അല്ല ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച വാഹനം പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റേതാണ്. വാഹനത്തെ സംബന്ധിച്ച് മറുപടി പറയണമെന്നും ധാര്‍മികത ഉണ്ടെങ്കില്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രൈവറ്റ് കാര്‍ ടാക്‌സിയായി ഉപയോഗിക്കാനാകില്ലെന്നും പറഞ്ഞ സുരേന്ദ്രന്‍ രാഷ്ട്രപതി ഇതേ കാര്‍ ഉപയോഗിച്ചത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുരേന്ദ്രന്‍ വിദഗ്ധമായി ഒഴിഞ്ഞുമാറി.
Content Highlight: K. Surendran Says SDPI and CPIM on the same wave; When Amit Shah arrives in Kerala, there are some things to discuss