| Thursday, 21st April 2022, 10:15 am

മോദി ഭക്തിയോ അതോ അന്വേഷണത്തെ പേടിയോ; ഇളയരാജയുടെ മോദി സ്തുതിക്ക് പിന്നില്‍ സേവന നികുതി കേസെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജ നരേന്ദ്ര മോദിയെ അംബേദ്കറിനോടുപമിച്ചതും പുകഴ്ത്തിയതും സേവന നികുതി കേസില്‍ സമന്‍സ് ലഭിച്ചതിനെ തുടര്‍ന്നാണെന്ന് ആരോപണം.

ജി.എസ്.ടി. ഡയറക്ടറേറ്റ് ഇന്റലിജന്‍സ് വിഭാഗം ഇളയരാജയ്ക്ക് അയച്ച സമന്‍സിന്റെ പകര്‍പ്പ് പുറത്തായതിനെത്തുടര്‍ന്നാണ് ആരോപണം ശക്തമായത്.

നികുതി അടവ് വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഹാജരാവാന്‍ ആവശ്യപ്പെട്ടുകൊണ്ട് രണ്ടുതവണ ഇളയരാജയ്ക്ക് സമന്‍സ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്സ് ഐഡിയാസ് പെര്‍ഫോമേഴ്സ് ഇംപ്ലിമെന്റേഷന്‍ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ മോദിയെ പുകഴ്ത്തിയതെന്നാണ് ആരോപണം.

ഫെബ്രുവരി 28നാണ് ഇളരാജയ്ക്ക് ഹാജരാകാനാവശ്യപ്പെട്ടുകൊണ്ടുള്ള സമന്‍സ് ആദ്യമായി ലഭിക്കുന്നത്. മാര്‍ച്ച് 10ന് നേരിട്ട് ഹാജരാകാനും നികുതി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനുമായിരുന്നു നിര്‍ദേശം.

എന്നാല്‍, ഇളയരാജ ജി.എസ്.ടി. ഡയറക്ടറേറ്റിന് മുമ്പില്‍ ഹാജരായിരുന്നില്ല. ഇതിന് പിന്നാലൊണ് മാര്‍ച്ച് 21ന് വീണ്ടും സമന്‍സ് നല്‍കിയത്.

മാര്‍ച്ച് 28ന് ഹാജരാകാനായിരുന്നു രണ്ടാമത്തെ സമന്‍സില്‍ നിര്‍ദേശമെങ്കിലും ഇളയരാജ അന്നും ഹാജരായിരുന്നില്ല. ഇതിനുപിന്നാലെയാണ് പുസ്തകത്തില്‍ മോദിയെ പുകഴ്ത്തി മുഖപ്രസംഗം എഴുതിയത്.

ഇളയരാജയുടെ ചെയ്തികളില്‍ തമിഴ്നാട്ടില്‍ വിവാദം കൊഴുക്കുന്നതിനിടെ മോദി അദ്ദേഹത്തെ ഫോണില്‍വിളിച്ച് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. അംബേദ്കറുമായി തന്നെ താരതമ്യം ചെയ്തത് വലിയ അംഗീകാരമായി കരുതുന്നുവെന്നായിരുന്നു ഇളയരാജയോട് മോദി പറഞ്ഞത്.

അതേസമയം, ഇളയരാജയ്ക്ക് ഭാരതരത്‌ന നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി തമിഴ്‌നാട് ഘടകവും രംഗത്തെത്തിയിരുന്നു. ഇളയരാജയ്ക്ക് രാജ്യത്തെ ഏറ്റവും വലിയ ബഹുമതി നല്‍കേണ്ടത് അത്യാവശ്യമാണെന്നായിരുന്നു ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ വാദം.രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്ന 12 പേരുടെ കൂട്ടത്തില്‍ ഇളയരാജയെയും രാഷ്ട്രപതി ഉള്‍പ്പെടുത്തുകയാണെങ്കില്‍ അത് അദ്ദേഹത്തിന് നല്‍കുന്ന ആദരമാണെന്നും അണ്ണാമലൈ പറഞ്ഞു.

ഇളയരാജ ബി.ജെ.പി അംഗമല്ല. തമിഴ്‌നാടിന്റെയാകെ ആളാണ് ഇളയരാജ. ഇളയരാജയ്ക്ക് ഭാരതരത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തെഴുതുമെന്നും അണ്ണാമലൈ അറിയിച്ചു.

Content highlight: It is alleged that Ilayaraja praised Narendra Modi after he was summoned in a service tax case.
We use cookies to give you the best possible experience. Learn more