Kerala News
'മക്കളുടെ മുന്നിലിട്ട് അടിക്കല്ലേ'; മകളുടെ മുന്നിലിട്ട് അച്ഛന് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മര്‍ദനം; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Sep 20, 09:14 am
Tuesday, 20th September 2022, 2:44 pm

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയില്‍ മകളുടെ മുന്നിലിട്ട് അച്ഛന് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ക്രൂരമര്‍ദനം. മകളുടെ കണ്‍സഷന്‍ ടിക്കറ്റ് എടുക്കാന്‍ വന്ന പിതാവിനെയാണ് ജീവനക്കാര്‍ മര്‍ദിച്ചത്.

പഞ്ചായത്ത് ജീവനക്കാരനായ കാട്ടാക്കട ആമച്ചല്‍ സ്വദേശി പ്രേമനാണ് മര്‍ദനമേറ്റത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ പ്രേമന്റെ മകളുടെ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് കൗണ്ടറില്‍ ഇരുന്ന ജീവനക്കാരന്‍ ആവശ്യപ്പെടുകയും എന്നാല്‍, കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വീണ്ടും നല്‍കാതെ കണ്‍സെഷന്‍ തരാന്‍ കഴിയില്ലെന്ന് ജീവനക്കാരന്‍ പറഞ്ഞതോടെ വാക്കുതര്‍ക്കമുണ്ടാകുകയും മായിരുന്നു. തുടര്‍ന്ന് പ്രേമനെ മര്‍ദിക്കുകയുമായിരുന്നു. മകളും സുഹൃത്തും പ്രേമനൊപ്പമുണ്ടായിരുന്നു. പ്രേമന്‍ കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

പ്രേമനെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മര്‍ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം പ്രചരിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ പ്രേമനെ വലിച്ചുകൊണ്ടുപോയി തൊട്ടടുത്തുള്ള മുറിയിലിട്ട് മര്‍ദിക്കുന്നതാണ് വീഡിയോയിലുള്ളത്. മകളുടെ മുന്നിലിട്ട് അടിക്കല്ലേയെന്ന് പ്രേമനും അച്ചനെ തല്ലല്ലേയെന്ന് മകളും പറയുന്നത് വീഡിയോയില്‍ കാണാം.