| Tuesday, 5th June 2018, 1:01 pm

മാധ്യമപ്രവര്‍ത്തകനായി ബി.ജെ.പി വക്താവ് സംപിത് പത്ര; അതിഥികളെ വാ തുറക്കാന്‍ സമ്മതിക്കാതെ അവതരണം;അര്‍ണബിന്റെ ക്ലാസ് കിട്ടിക്കാണുമെന്ന് സോഷ്യല്‍മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളേയും വക്താക്കളേയും പിടിച്ച് മാധ്യമപ്രവര്‍ത്തകരാക്കിയാല്‍ എങ്ങിനിരിക്കും. പ്രത്യേകിച്ചും ഒരു ചാനല്‍ ചര്‍ച്ച അവതരിപ്പിക്കാന്‍ അവസരം കൊടുത്താല്‍. സംശയമൊന്നും വേണ്ട പ്രതിപക്ഷത്ത് നിന്നെത്തിയവരുടെ വാ തുറക്കാന്‍ അനുവദിക്കില്ല. അവര്‍ തന്നെ എല്ലാം പറഞ്ഞ് ചര്‍ച്ചയെ മുന്നോട്ടുകൊണ്ടുപോകും.

ഇത് തന്നെയായിരുന്നു കഴിഞ്ഞ ദിവസം ദേശീയ വാര്‍ത്താ ചാനലായ ഇന്ത്യാ ടുഡേയിലും സംഭവിച്ചത്. വാരാന്ത്യ ചാനല്‍ ചര്‍ച്ച അവതരിപ്പിക്കാനായിരുന്നു ഇന്ത്യാ ടുഡെയും ആജ് തകും അതിഥി അവതാരകരായി രാഷ്ട്രീയ പാര്‍ട്ടി വക്താക്കളെ ക്ഷണിച്ചത്.

ബി.ജെ.പിയുടെ സംപിത് പത്ര, ബാബുല്‍ സുപ്രിയോ കോണ്‍ഗ്രസിന്റെ അഭിഷേക് മനു സിഗ് വി തുടങ്ങിയവരായിരുന്നു അവതാരകരുടെ റോളില്‍ എത്തിയത്.

പ്രതിപക്ഷ ഐക്യം മോദിയ്ക്ക് യഥാര്‍ത്ഥത്തില്‍ വെല്ലുവിളിയാണോ എന്ന വിഷയത്തിലായിരുന്നു കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നത്. നിഷ്പക്ഷമായും മുന്‍വിധിയില്ലാതെയും ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകണമെന്നായിരുന്നു സംപിത് പത്രയ്ക്ക് നല്‍കിയ നിര്‍ദേശം. പാനലിലെ ഓരോ അംഗങ്ങള്‍ക്കും സംസാരിക്കാന്‍ തുല്യ അവസരം നല്‍കുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ടായിരുന്നു സംപിത് പത്ര ചര്‍ച്ച ആരംഭിച്ചത്. എന്നാല്‍ ചര്‍ച്ച തുടങ്ങിയതോടെ സംഗതി കൈ വിട്ടുപോയി.


Dont Miss എടപ്പാള്‍ പീഡനം: തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത നടപടി തെറ്റ്: പൊലീസിനെതിരെ കോടിയേരി


കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞ ചില കാര്യങ്ങളെ കുറിച്ചുള്ള തന്റെ ചോദ്യത്തിന് മറുപടി പറയാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് പ്രിയങ്ക ചതുര്‍വേദിയെ ക്ഷണിച്ചുകൊണ്ടായിരുന്നു സംപിത് പത്ര ചര്‍ച്ച ആരംഭിച്ചത്.

എന്നാല്‍ പ്രിയങ്ക ചതുര്‍വേദി സംസാരം തുടങ്ങിയതോടെ മാധ്യമപ്രവര്‍ത്തകന്റെ റോളിലാണ് താനെന്ന കാര്യം സംപിത് പത്ര മറന്നു. ഒരു വാചകം പോലും പറഞ്ഞ് പൂര്‍ത്തീകരിക്കാന്‍ പ്രിയങ്കയെ അനുവദിക്കാതെ അതിനിടയില്‍ കയറി സംസാരിക്കുകയായിരുന്നു ബി.ജെ.പി വക്താവ്.

മാധ്യമപ്രവര്‍ത്തകന്‍ നിഷ്പക്ഷനായിരിക്കണമെന്ന് ചതുര്‍വേദി ഓര്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ലോകത്തെ ഏറ്റവും നിഷ്പക്ഷനായ മാധ്യമപ്രവര്‍ത്തകന്‍ താനാണെന്ന് പറഞ്ഞ് ന്യായീകരിക്കുകയായിരുന്നു അദ്ദേഹം. മാത്രമല്ല മാധ്യമപ്രവര്‍ത്തകരോട് അങ്ങോട്ട് ചോദ്യം ചോദിക്കാന്‍ പാടില്ലെന്നും ഇതാണ് രാഷ്ട്രീയക്കാരുടെ പ്രശ്‌നം എന്ന് കൂടി പറഞ്ഞ് തന്റെ ഭാഗം അദ്ദേഹം ഒന്നുകൂടി ന്യായീകരിച്ചു.

ഇതിന് പിന്നാലെ സംപിത് പത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ ട്വിറ്ററില്‍ എത്തി.

ഇന്ത്യാ ടുഡേയില്‍ സ്ഥിരം മാധ്യമപ്രവര്‍ത്തനായി ബി.ജെ.പി വക്താവ് സംപിത് പത്രയെ നിയമിച്ചാല്‍ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിന് അത് വലിയ തിരിച്ചടിയാകുമെന്ന രീതിയിലായിരുന്നു ചില കമന്റുകള്‍. “സംപിത് പത്രയെ അവതാരകാനാക്കൂ.. റിപ്പബ്ലിക് ടിവിയെ തറപറ്റിക്കാം” എന്നായിരുന്നു എന്നായിരുന്നു ഒരു കമന്റ്.

“”നല്ലൊരു ജോക്കറിനെയാണ് ഇന്ത്യാ ടുഡേക്ക് ലഭിച്ചിരിക്കുന്നത്. സംപിത് പത്രയെപ്പോലൊരു ആള്‍ക്ക് ഒരിക്കലും നിഷ്പക്ഷനായി സംസാരിക്കാന്‍ കഴിയില്ല. അദ്ദേഹം ആരേയും സംസാരിക്കാന്‍ അനവദിക്കുന്നുണ്ടായിരുന്നില്ല. 15 മിനുട്ട് നേരം ചര്‍ച്ച കണ്ടെങ്കിലും അവര്‍ എന്തൊക്കെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് മനസിലായില്ല. എല്ലാവരും തമ്മില്‍ തല്ലുന്ന കാഴ്ചയായിരുന്നു കണ്ടത് “”എന്നായിരുന്നു ഒരാളുടെ പ്രതികരണം

“”സംപിത് പത്രയ്ക്ക് അര്‍ണബ് ഗോസ്വാമി ട്രെയിനിങ് കൊടുത്തോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രണ്ട് പേരും തമ്മില്‍ വ്യത്യാസം ഒന്നും കണ്ടില്ല. ഏതോ സര്‍ക്കാര്‍ കൂടാരത്തില്‍ നിന്നും നേരിട്ട് ചാനല്‍ സ്റ്റുഡിയോയില്‍ എത്തിയ ജോക്കറെപ്പോലെയാണ് തോന്നിയത്. നന്നായി ചര്‍ച്ച കൊണ്ടുപോകുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു എന്നായിരുന്നു മറ്റൊരു കമന്റ്””.

We use cookies to give you the best possible experience. Learn more