പുതിയ സാങ്കേതിക വിദ്യകള്‍ സ്വാംശീകരിക്കുമ്പോഴും വാര്‍ത്തയുടെ മൂല്യം നഷ്ടമാകാതെയുള്ള പ്രവര്‍ത്തനരീതിയായിരിക്കും സൗത്ത് ലൈവിന്റേതെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്തെ പോലെ മാധ്യമ സെന്‍സര്‍ഷിപ്പ് ഇപ്പോള്‍ സാധ്യമല്ലെങ്കിലും നവമാധ്യമങ്ങളുടെ ഇടപടെലുകളെ നിയന്ത്രിക്കാനുള്ള ചില പരീക്ഷണങ്ങള്‍ നടക്കുന്ന കാലഘട്ടമാണിത്. അത്തരം നിയന്ത്രണങ്ങളെ മറികടക്കാനാവുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. നവമാധ്യമങ്ങളുടെ ഇടപടെലുകളെ നിയന്ത്രിക്കാനുള്ള ചില പരീക്ഷണങ്ങള്‍ നടക്കുന്ന കാലഘട്ടമാണിതെന്നും അത്തരം നിയന്ത്രണങ്ങളെ മറികടക്കാനാവുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
നാടിന്റെ യഥാര്‍ത്ഥ ചരിത്രത്തെ മാറ്റി പുതിയത് പ്രതിഷ്ഠിക്കാന്‍ ശ്രമം നടക്കുമ്പോള്‍ ചരിത്രത്തെയും പൈതൃകത്തെയും ഓര്‍മ്മിപ്പിക്കേണ്ടത് വര്‍ത്തമാനകാലത്തിന്റെ ആവശ്യമായി മാറുകയാണെന്ന് തിരക്കഥാകൃത്ത് ജോണ്‍പോള്‍ പറഞ്ഞു. ഇന്ത്യാവിഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എം.പി ബഷീറാണ് സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും എഡിറ്റര്‍ ഇന്‍ചീഫും. ഇന്ത്യാവിഷനിലെ വിവിധ ടെലിവിഷന്‍ പരിപാടികളുടെ നിര്‍മാതാവായ സാജ് കുര്യനാണ് സൗത്ത് ലൈവിന്റെ മാനേജിങ് ഡയറക്ടര്‍.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുന്‍ എഡിറ്റോറിയല്‍ ഇന്‍ചാര്‍ജ്ജും ഇന്ത്യാവിഷന്റെ ആവിഷ്‌കാരഘട്ടം മുതല്‍ അസോസിയേറ്റ് എഡിറ്ററുമായിരുന്ന എ സഹദേവനാണ് സൗത്ത് ലൈവിന്റെ കണ്‍സള്‍ട്ടിങ് എഡിറ്റര്‍. ഇന്ത്യാവിഷനിലെ അഴിമതി ചൂണ്ടിക്കാണിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു എ സഹദേവന്‍ ഇന്ത്യാവിഷനില്‍ നിന്ന് വിരമിച്ചത്.
മാനേജ്‌മെന്റുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യാവിഷന്‍ വിട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ മാധ്യമ നിരീക്ഷകനും പ്രസ്‌കൗണ്‍സില്‍ അംഗവുമായിരുന്ന ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ നേതൃത്വത്തിലാണ് പുതിയ മാധ്യമസംരംഭം ആരംഭിച്ചിരിക്കുന്നത്. ഇന്ത്യാവിഷന്‍ വാര്‍ത്താ വിഭാഗം കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ വി ഉണ്ണിക്കൃഷ്ണന്‍, സീനിയര്‍ ന്യൂസ് എഡിറ്റര്‍ എന്‍.കെ ഭൂപേഷ്, ഇന്ത്യാവിഷന്‍ ഓണ്‍ലൈനിലെ പി. മന്‍സൂര്‍, സിപി സത്യരാജ് എന്നിവര്‍ ഉള്‍പ്പടെയുള്ള സംഘമാണ് നവമാധ്യമ രംഗത്തെ പുതിയ സംരംഭത്തിന്റെ നേതൃനിരയിലുള്ളത്.
ഇന്ത്യാവിഷന്‍ മാനേജ്‌മെന്റിന്റെ അഴിമതിയും കെടുകാര്യസ്ഥതയും അന്വേഷിക്കണമെന്ന് എം.പി ബഷീറിന്റെ നേതൃത്വത്തിലുള്ള വാര്‍ത്താ വിഭാഗം ഡറക്ടര്‍ ബോര്‍ഡില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രതികാര നടപടികള്‍ ആരംഭിച്ചതിനെ തുടര്‍ന്നാണ് വാര്‍ത്താ വിഭാഗത്തിലെ വലിയ സംഘം മാര്‍ച്ച് 13ന് ഇന്ത്യാവിഷന്‍ വിട്ടത്.
വിനയ് കുമാര്‍, കെ. വേണുഗോപാല്‍, കുക്കു പരമേശ്വരന്‍, അഡ്വ ജയശങ്കര്‍, ജോഷി സിറിയക് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.