| Monday, 15th June 2020, 10:43 pm

സുശാന്ത് സിംഗിന്റെ മരണത്തില്‍ മോശമായി വാര്‍ത്ത നല്‍കി; ആജ് തക്ക് ചാനലിനെതിരെ നിയമ നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത് മരണത്തെക്കുറിച്ച് മോശമായി വാര്‍ത്ത നല്‍കിയ ഇന്ത്യാ ടുഡെയുടെ നേതൃത്വത്തിലുള്ള ആജ് തക്ക് ചാനലിനെതിരെ നിയമ നടപടിയുമായി അഭിഭാഷകന്‍.

ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനാണ് ഇന്ത്യാ ടുഡേ ചെയര്‍മാനും എഡിറ്റര്‍ ഇന്‍ ചീഫുമായ അരൂണ്‍ പുരിക്ക് വക്കീല്‍ നോട്ടീസ് അയച്ചത്. ദില്ലി ഹൈക്കോടതിയിലെ പ്രാക്ടീസ് അഭിഭാഷകന്‍ മോഹിത് സിങ്ങാണ് കേസ് ഫയല്‍ ചെയ്തതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞായറാഴ്ചയാണ് 34 കാരനായ സുശാന്ത് സിംഗ് രജ്പുത് മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടില്‍ വച്ച് ആത്മഹത്യ ചെയ്തത്.തുടര്‍ന്ന് മരണ വാര്‍ത്ത കൊടുക്കുന്നതിനിടെ ആജ് തക് ചാനലില്‍ എഴുതി കാണിച്ചത് സുശാന്തിന്റെ ‘വിക്കറ്റ് തെറിച്ചത്’ എങ്ങിനെയാണ് എന്നായിരുന്നു.

അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തിയാണിതെന്നും ഇത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 500 പ്രകാരം ശിക്ഷാര്‍ഹമാണെന്നും നോട്ടീസ് അയച്ച മോഹിത് ലൈവ് ലോയോട് പറഞ്ഞു.

സംഭവത്തില്‍ നിരുപാധികമായ ക്ഷമാപണം നടത്തണമെന്ന് അഭിഭാഷകന്‍ ഇന്ത്യ ടുഡേ ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്,

‘ഈ ക്ഷമാപണത്തില്‍ നിങ്ങളുടെ ചാനല്‍ ചെയ്ത തെറ്റിന്റെ പൂര്‍ണ ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുക്കണമെന്നും ആത്മഹത്യയെക്കുറിച്ചുള്ള വാര്‍ത്ത പൊലീസിന്റെ വെറും അഭിപ്രായമാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുന്നുവെന്നും മോഹിത് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്.

സീ ന്യൂസും സമാനമായ തരത്തില്‍ ഹെഡിംഗ് നല്‍കിയിരുന്നു. ഇരുചാനലുകള്‍ക്കുമെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. ട്വിറ്ററില്‍ ഇരുചാനലുകള്‍ക്കുമെതിരെ #ShameOnAajTak, #ShameOnZee News എന്നീ ഹാഷ് ടാഗുകളിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more