കൊച്ചി: എമേര്‍ജിങ് താന്‍ പൂര്‍ണമായി പിന്തുണച്ചുവെന്ന തരത്തില്‍ സെപ്റ്റംബര്‍ 8,9 തീയ്യതികളില്‍ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത അര്‍ധസത്യമാണെന്ന് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍. മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്മേല്‍ മാത്രമാണ് പദ്ധതിയെ പിന്തുണച്ചത്. നാടിന്റെ താത്പര്യങ്ങളെ ചൂഷണം ചെയ്യുന്ന പദ്ധതികളെ എതിര്‍ക്കുമെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചു.[]
പത്രപ്രസ്താവനയുടെ പൂര്‍ണരൂപം
എമേര്‍ജിങ് കേരളയ്ക്ക് ഞാന്‍ പൂര്‍ണ്ണമായും അനുകാലമാണെന്ന് സെപ്റ്റംബര്‍ 8,9 തീയ്യതികളില്‍ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത അര്‍ധ സത്യമാണ്. ഒരിഞ്ചുപോലും നാടിന്റെ ഭൂമി കുത്തക കമ്പനിക്കാര്‍ക്ക് വിട്ടുകൊടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത് സ്വാഗതാര്‍ഹമാണ്. അന്തരീക്ഷം മലിനീരിക്കില്ലെന്ന് ഉറപ്പ് നല്‍കി അത്തരം പ്രോജക്ടുകള്‍ മാത്രമേ അംഗീകരിക്കുകയുള്ളുവെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
രാജ്യതാത്പര്യങ്ങള്‍ക്കും തൊഴിലാളിവര്‍ഗത്തിനും നന്മ നല്‍കുന്ന പ്രോജക്ടുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന തത്വം പാലിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലുള്ള ഇത്തരം വികസനത്തിനും ജനങ്ങളുടെ അഭിവൃദ്ധിക്കും മാത്രമുതകുന്ന പരിപാടികളെ എമേര്‍ജിങ് കേരള മേളയില്‍ സ്വീകരിക്കുകയുള്ളുവെന്ന ഉറപ്പ് കൂടി മുഖ്യമന്ത്രി എനിക്ക് നല്‍കിയിട്ടുണ്ട്. ഈ അടിസ്ഥാനത്തിലാണ് ഞാന്‍ എമേര്‍ജിങ് കേരളയെ പ്രതികൂലമായി ഭവിക്കുമോ എന്ന് പരിശോധിച്ചത്. ചര്‍ച്ചചെയ്ത് വിദഗ്ധന്‍മാരുടെ അഭിപ്രായം ആരാഞ്ഞാല്‍ മാത്രമേ ഞാന്‍ അനുകൂലിക്കുകയുള്ളൂ. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ല.
രാജ്യം മുതലാളിമാര്‍ക്ക് വിട്ടുകൊടുക്കുന്ന, നാടിന്റെ താത്പര്യങ്ങള്‍ ചൂഷണം ചെയ്യുന്ന പരിപാടികള്‍ ഞാന്‍ എതിര്‍ക്കുക തന്നെ ചെയ്യും. അത്തരം പരിപാടികളോട് എന്റെ പ്രതിഷേധം അറിയിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു. എന്റെ നിലപാടിനെ കുറിച്ച് ജനങ്ങള്‍ ശങ്കിക്കേണ്ടതില്ല. വില്‍പനയ്ക്കുപകരം ദീര്‍ഘകാല ചാര്‍ത്ത് നല്‍കുന്ന ശക്തമായ നയം സര്‍ക്കാര്‍ സൗജന്യമായി അംഗീകരിക്കണം. സ്ത്രീ വിഭാഗത്തിന് പ്രോത്സാഹനം നല്‍കുന്ന വിധത്തില്‍ സര്‍ക്കാര്‍ നയം രൂപീകരണം നടത്തണം. ഇതാണ് സോഷ്യലിസ്റ്റ് വര്‍ഗരഹിത ഭരണക്രമം.
ഇത് നമ്മുടെ ഭരണഘടനയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ ആമുഖത്തില്‍ സാമൂഹ്യ നീതിയുടെ പേരില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല പണ്ഡിറ്റ് നെഹ്‌റു ഇന്ത്യയുടെ വിമോചന ദിനമായ 1947 ആഗസ്റ്റ് 15ാം തീയ്യതി അദ്ദേഹത്തിന്റെ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തില്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതില്‍ നിന്നും വ്യതിയാനം പാടില്ല. പൂര്‍ണ്ണ സ്വരാജിന്റെ അര്‍ത്ഥം ഇതാണ്.
സുധീരനടക്കം പല കോണ്‍ഗ്രസ്സുകാരും എന്റെ അര്‍ധ വിയോജിപ്പ് അതേ സ്വരത്തില്‍ അറിയിച്ചിട്ടുള്ളതായി ഞാന്‍ മനസ്സിലാക്കുന്നു.
എമേര്‍ജിങ് കേരളക്കെതിരായ ജനകീയ കൂട്ടായ്മയുടെ രക്ഷാധികാരി എന്ന നിലയില്‍ കൂട്ടായ്മയുടെ വിമര്‍ശനം കൂടി ഞാനിതില്‍ കൂട്ടിച്ചേര്‍ക്കുന്നു. നാടിനേയും ജനങ്ങളേയും ഗുരുതരമായി ബാധിക്കുന്ന തോട്ടം ഭൂമിയിലെ ഇക്കോ ടൂറിസം പദ്ധതികള്‍, 200 പേര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാന്‍ 1.408 ലക്ഷം കോടി രൂപ മുതല്‍മുടക്കി പതിനായിരങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടുള്ള റെയില്‍വേ ഇടനാഴി, പ്രതിമാസം ഒരുലക്ഷം രൂപ ഫീസുവാങ്ങി ഫിനാന്‍ഷ്യല്‍ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തീരവും ദേശവും സ്വകാര്യ മൂലധനത്തിന് ദീര്‍ഘകാലം പാട്ടത്തിന് നല്‍കി പതിമൂവായിരം ഏക്കര്‍ ഭൂമിയില്‍ ദേശീയ മാനുഫാക്ചറിങ് മേഖല തുടങ്ങിയ നിരവധി പദ്ധതികള്‍ എമേര്‍ജിങ് കേരളയില്‍ തുടരുന്നു.
സ്വാതന്ത്ര്യം ലഭിച്ച് 65 വര്‍ഷം കഴിഞ്ഞിട്ടും യഥാര്‍ത്ഥ വികസനം ഉണ്ടായിട്ടില്ല. വിദേശമൂലധനത്തെ ആശ്രയിച്ചുള്ള വികസനത്തിന് ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിയുന്നതുമല്ല. മാത്രവുമല്ല ആശ്രിതത്വവും അസമാനതകളും കൂടുതല്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നു.
മുതലാളിത്ത വികസനം പിന്തുടരുന്ന അമേരിക്ക പോലും വ്യവസ്ഥാ പ്രതിസന്ധിയിലാണെന്ന് കാണാം. അത്തരം വികസന നയങ്ങളെ പിന്തുടരുന്ന, സ്വാശ്രയത്വത്തെ ഇല്ലാതാക്കുന്ന പദ്ധതികളാണ് എമേര്‍ജിങ് കേരള മുതല്‍ മുടക്കുമേള അവതരിപ്പിക്കുന്നത്. വികസനം സ്വാശ്രിതവും ദേശീയവും സമഗ്രവും സന്തുലിതവും ആയിരിക്കണം. അത് സോഷ്യലിസത്തിലേയ്ക്കുള്ള പ്രയാണത്തിന് അനുകൂല സാഹചര്യം ഒരുക്കേണ്ടതാകണം. മേല്‍ പറഞ്ഞ വിമര്‍ശനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. അതിനുശേഷം മാത്രമേ സര്‍ക്കാരിന്റെ അഭിപ്രായത്തോടുള്ള എന്റെ അഭിപ്രായവും വ്യക്തമാക്കാന്‍ സാധിക്കുകയുള്ളു. ജനാധിപത്യത്തില്‍ ചര്‍ച്ചയാണ് പ്രധാനം.