ന്യൂസ്‌ക്ലിക്ക് കേസ്: ദല്‍ഹി പൊലീസിന് സുപ്രീം കോടതിയുടെ നോട്ടീസ്, മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം
NEWS CLICK
ന്യൂസ്‌ക്ലിക്ക് കേസ്: ദല്‍ഹി പൊലീസിന് സുപ്രീം കോടതിയുടെ നോട്ടീസ്, മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th October 2023, 12:49 pm

ന്യൂദല്‍ഹി: യു.എ.പി.എ ചുമത്തിയ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ന്യൂസ്‌ക്ലിക്ക് അധികൃതരുടെ ഹരജിയില്‍ ദല്‍ഹി പൊലീസിന് സുപ്രീം കോടതിയുടെ നോട്ടീസ്. മൂന്നാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ഈ മാസം 30ന് കേസ് വീണ്ടും പരിഗണിക്കും.

ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത, എച്ച്.ആര്‍. മേധാവി അമിത് ചക്രബര്‍ത്തി എന്നിവരാണ് കേസ് റദ്ദാക്കണമെന്ന് കാണിച്ച് രണ്ട് ഹരജികള്‍ നല്‍കിയിട്ടുള്ളത്. സമാന സ്വഭാവമുള്ള പരജികള്‍ നേരത്തെ ദല്‍ഹി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബലാണ് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.

പ്രബീര്‍ പുരകായസ്തിന്റെ പ്രായം കണക്കിലെടുത്ത് കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. നാളെ കോടതി അവധിക്കായി പിരിയുകയാണ്. ഇനി ഏറ്റവും അടുത്ത പ്രവര്‍ത്തി ദിവസം ഒക്ടോബര്‍ മുപ്പതാണ്. അന്ന് കേസ് പരിഗണിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. 71 വയസ്സ് പ്രായമുള്ള പ്രബീര്‍ പുരകായസ്ത നിലവില്‍ ജയിലിലാണ്.

ചൈനയില്‍ നിന്നും ഫണ്ട് സ്വീകരിച്ചു എന്ന് കാണിച്ചാണ് കര്‍ഷക സമരമുള്‍പ്പടെയുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച ന്യൂസ് ക്ലിക്കിനെതിരെ നടപടികള്‍ ആരംഭിച്ചത്. ന്യൂസ് ക്ലിക്ക് മേധാവികളുടെയും ജീവനക്കാരുടെയും മുന്‍ജീവനക്കാരുടെയും വസതികളിലും ഓഫീസുകളിലും ഇ.ഡി. ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്തിയത്. കേരളത്തിലും റെയ്ഡിന്റെ ഭാഗമായി ഇ.ഡിയെത്തിയിരുന്നു.

content highlights: News Click case: Supreme Court notice to Delhi Police, report within three weeks