| Saturday, 5th March 2022, 9:03 am

വാര്‍ത്താവിലക്കിന് പിന്നാലെ റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തി ബി.ബി.സിയും സി.എന്‍.എന്നും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കീവ്: യുദ്ധവാര്‍ത്തകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തി വാര്‍ത്താ ചാനലുകള്‍.

ബി.ബി.സിയും സി.എന്‍.എന്നും റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ബ്ലൂംബെര്‍ഗ് ന്യൂസും പ്രവര്‍ത്തനം നിര്‍ത്തിയിട്ടുണ്ട്.

വാര്‍ത്താവിലക്കേര്‍പ്പെടുത്തിയ റഷ്യയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നതിനിടെയാണ് വാര്‍ത്ത ചാനലുകളുടെ നടപടി.

സൈനിക നടപടിയെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ നല്‍കിയാല്‍ കഠിനമായ ജയില്‍ ശിക്ഷ നടപ്പാക്കുമെന്നാണ് റഷ്യയുടെ താക്കീത്. ഇത് നടപ്പാക്കുന്ന നിയമത്തില്‍ പുടിന്‍ ഒപ്പ് വെച്ചിരുന്നു.സൈന്യത്തെ കുറിച്ച് നല്‍കുന്ന വ്യാജ വാര്‍ത്തകളുടെ രീതിയനുസരിച്ച് ജയില്‍ ശിക്ഷയിലും പിഴയിലും വ്യത്യാസമുണ്ടാവുമെന്നും നിയമത്തില്‍ പറയുന്നു.

ഉക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ പുറത്തുവരാതിരിക്കാനാണ് പുതിയ നിയമം എന്നാണ് വിമര്‍ശനം.

ഉക്രൈനിലെ റഷ്യന്‍ അധിനിവേശവും ആക്രമണവും തുടരുന്നതിനിടെ റഷ്യക്കെതിരെ നടപടിയുമായി അമേരിക്കന്‍ ഓണ്‍ലൈന്‍ സ്ട്രീമിങ് ഭീമനായ നെറ്റ്ഫ്ളിക്സ് രംഗത്തെത്തിയിരുന്നു.

റഷ്യയില്‍ നിന്നുള്ള കണ്ടന്റുകള്‍ക്ക് പ്ലാറ്റ്ഫോം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇനി റഷ്യന്‍ കണ്ടന്റുകള്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് തീരുമാനം.

റഷ്യയില്‍ നിന്നുള്ള കണ്ടന്റുകളുമായുള്ള ഭാവി പ്രൊജക്ടുകളും കമ്പനി നിര്‍ത്തിവെച്ചു.

Content Highlights: News channels stopped broadcasting in Russia

We use cookies to give you the best possible experience. Learn more