| Sunday, 9th June 2019, 2:15 pm

യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്ന സ്ത്രീയുടെ ആരോപണം റിപ്പോര്‍ട്ട് ചെയ്തതില്‍ വീണ്ടും പ്രതികാര നടപടി; ടിവി ചാനല്‍ മേധാവിയും എഡിറ്ററും അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്ന സ്ത്രീയുടെ ആരോപണം റിപ്പോര്‍ട്ട് ചെയ്തതില്‍ വീണ്ടും അറസ്റ്റ്. ദല്‍ഹിയിലെ പ്രാദേശിക ചാനലാണ് നാഷന്‍ ലൈവിന്റെ മേധാവി ഇഷിത സിങും എഡിറ്റര്‍ അനൂജ് ശുക്ലയുമാണ് അറസ്റ്റിലാണ്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് ജഗദീഷ് കനൂജിയെ ശനിയാഴ്ച യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കണമെന്ന് യുവതി പറയുന്ന ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തതിനാണ് ഇഷിത സിങിനെയും അനൂജ് ശുക്ലയെയും യുപി പൊലീസ് അറസ്റ്റ് ചെയ്തത്. മാനഹാനി വരുത്തുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഒരു സ്ത്രീ, തനിക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തെ വിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ട് സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു ദ വയറിന്റെ മുന്‍ റിപ്പോര്‍ട്ടറും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ പ്രശാന്തിനെ അറസ്റ്റ് ചെയ്തത്.

ആദിത്യനാഥുമായി കാലങ്ങളായി വീഡിയോ ചാറ്റ് ചെയ്യാറുണ്ടെന്നും അദ്ദേഹം തന്നെ വിവാഹം കഴിക്കാന്‍ തയ്യാറാണോ എന്ന് അറിയണമെന്നും സ്ത്രീ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

ദല്‍ഹിയിലെ വീട്ടില്‍ നിന്ന് ശനിയാഴ്ചയാണ് പൊലീസ് പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ലഖ്‌നൗവിലേക്ക് കൗണ്ടുപോയി. ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. യുപി മുഖ്യമന്ത്രിക്കെരിതെ അധിക്ഷേപാര്‍ഹമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് അറസ്റ്റ്. ഐടി ആക്ടിലെ സെക്ഷന്‍ 500, 66 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കൂടുതല്‍ വകുപ്പുകള്‍ ഇയാള്‍ക്ക് മേല്‍ ചുമത്തിയെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് വനിതാ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ നെറ്റ്‌വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ(എന്‍.ഡബ്ലൂ.എം.ഐ) ആവശ്യപ്പെട്ടു. അറസ്റ്റ് മാധ്യമ സ്വാതന്ത്രത്യത്തിന്റെ ലംഘനമാണെന്നും നിയമങ്ങള്‍ അട്ടിമറിക്കപ്പെടുകയാണെന്നും സംഘടന ആരോപിച്ചു. മാധ്യമപ്രവര്‍ത്തകനെതിരായ നടപടി അഭിപ്രായ സ്വാതന്ത്രത്തിനും രാജ്യത്തെ നിയമ വ്യവസ്ഥയ്ക്കും മേലുള്ള കടന്ന് കയറ്റമാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥ് വരദ രാജന്‍ പ്രതികരിച്ചു. അറസ്റ്റ് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകള്‍ ട്വിറ്ററിലും പ്രതിഷേധം കനക്കുകയാണ്.

We use cookies to give you the best possible experience. Learn more