വര്‍ഗീയത, വിദ്വേഷം, ലൗജിഹാദ് ആരോപണം: ടൈംസ് നൗ, ന്യൂസ് 18 ഇന്ത്യ, ആജ് തക്, നവഭാരത് ചാനലുകള്‍ക്കെതിരെ നടപടി
India
വര്‍ഗീയത, വിദ്വേഷം, ലൗജിഹാദ് ആരോപണം: ടൈംസ് നൗ, ന്യൂസ് 18 ഇന്ത്യ, ആജ് തക്, നവഭാരത് ചാനലുകള്‍ക്കെതിരെ നടപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st March 2024, 1:41 pm

ന്യൂദൽഹി: വിദ്വേഷം പ്രചരിപ്പിക്കുന്നതും സാമുദായിക സൗഹാർദം നശിപ്പിക്കുന്നതുമായ ടെലിവിഷൻ വാർത്താ പരിപാടികൾ നീക്കം ചെയ്യണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ് അതോറിറ്റി. ഇത്തരം പരിപാടികൾ അവതരിപ്പിച്ച ചാനലുകളിൽ നിന്ന് പിഴ ഈടാക്കുമെന്നും അതോറിറ്റി അറിയിച്ചു.

വിരമിച്ച സുപ്രീം കോടതി ജഡ്ജി എ.കെ സിക്രിയാണ് എൻ.ബി.ഡി.എസ്.എയുടെ നിലവിലെ തലവൻ. ടൈംസ് നൗ നവഭാരത് ചാനലിന് ഒരു ലക്ഷം രൂപയും, ന്യൂസ് 18 ഇന്ത്യക്ക് 50,000 രൂപയുമാണ് പിഴ ചുമത്തിയത്. വിഷയത്തിൽ ഓൺലൈനിൽ സംപ്രേക്ഷണം ചെയ്ത പരിപാടികൾ ഏഴ് ദിവസത്തിനുള്ളിൽ നീക്കം ചെയ്യാൻ മൂന്ന് ചാനലുകളോടും സംഘടന ആവശ്യപ്പെട്ടു.

അതേസമയം, വിദ്വേഷപരമായ പരിപാടികൾ സംപ്രേക്ഷണം ചെയ്യരുതെന്ന് ആജ് തക്ക് ചാനലിന് എൻ.ബി.ഡി.എസ്.എ മുന്നറിയിപ്പ് നൽകി. ആക്ടിവിസ്റ്റ് ഇന്ദ്രജിത് ഘോർപഡെയുടെ വർഗീയവും പ്രകോപനപരവുമായ പരിപാടികൾക്കെതിരെ ലഭിച്ച പരാതിയെ തുടർന്നാണ് ചാനലുകൾക്കതിരെ നടപടിയെടുത്തത്.

ടൈംസ് നൗ നവഭാരതിന്റെ അവതാരകൻ ഹിമാൻഷു ദീക്ഷിത് മുസ്‌ലിങ്ങളെ ലക്ഷ്യമിട്ട് പരസ്പര വിശ്വാസത്തോടെയുള്ള പ്രണയ ബന്ധങ്ങളെ ലൗജിഹാദെന്ന് വിശേഷിപ്പിച്ചതാണ് ചാനലിന് പിഴ ചുമത്താൻ കാരണമായത്. മുകേഷ് അംബാനിയുടെ ഗ്രൂപ്പിന്റെ ഭാഗമായ ന്യൂസ് 18 ഇന്ത്യക്ക് ചാനലിൽ സംപ്രേക്ഷണം ചെയ്ത മൂന്ന് പരിപാടിയുടെ പേരിലാണ് പിഴ ചുമത്തിയത്.

അവയിൽ രണ്ടെണ്ണം അമൻ ചോപ്രയും ഒന്ന് അമീഷ് ദേവ്ഗനും അവതരിപ്പിച്ച പരിപാടികളാണ്. ശ്രദ്ധ വാക്കർ വധക്കേസിനെ ലൗജിഹാദാക്കി വർഗീയവൽക്കരിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ന്യൂസ് 18 ഇന്ത്യക്ക് പിഴ ചുമത്തിയത്. രാമനവമി ആഘോഷത്തിനിടെ മുസ്‌ലിങ്ങളെ ലക്ഷ്യമിട്ട് നടന്ന അക്രമ സംഭവങ്ങളെ അവതാരകൻ സുധീർ ചൗധരി നിസാരവൽകിച്ച് നടത്തിയ പരാമർശമാണ് ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ ഭാഗമായ ആജ് തക്കിന് മുന്നറിയിപ്പ് ലഭിക്കാൻ കാരണമായത്.

കോഡ് ഓഫ് എത്തിക്‌സ് ആൻഡ് ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേർഡ്‌സുമായി ബന്ധപ്പെട്ടുള്ള നിഷ്പക്ഷത, വസ്തുനിഷ്ഠത, കൃത്യത എന്നിവ ഈ ചാനലുകൾ ലംഘിച്ചതായി കമ്മിറ്റി ചൂണ്ടിക്കാട്ടി. വിദ്വേഷ പ്രസംഗം തടയുന്നതും ചാനൽ പരിപാടികളിൽ വർഗീയ പരാമർശങ്ങൾ ഒഴിവാക്കുന്നതിനായുള്ള മാർഗ നിർദേശങ്ങളും ചാനലുകൾ ലംഘിച്ചെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.

ടൈംസ് നവഭാരതിന്റെ പരിപാടിക്കിടയിൽ ശ്രദ്ധ വാക്കറിന്റെ കൊലപാതകത്തെ അവതാരക ലവ് ജിഹാദെന്ന് മുദ്രകുത്തി പ്രതിയുടെ മതത്തെ മുൻനിർത്തി മുൻവിധിയോടെ വിഷയത്തെ സമീപിച്ചെന്ന് കമ്മിറ്റി കണ്ടെത്തിയതായും എൻ.ബി.ഡി.എസ്.എ വ്യക്തമാക്കി. എന്നാൽ വിഷയവുമായി ബന്ധപ്പെട്ട് ചാനലിൽ നടന്ന ചർച്ചക്കിടെ അവതാരകന്റെ പ്രസ്താവനയെ മറ്റ് അം​ഗങ്ങൾ എതിർത്തപ്പോൾ ശബ്ദമുയർത്തി അദ്ദേഹത്തെ തടയുകയാണ് അവതാരകൻ ചെയ്തതെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.

എന്നാൽ പരസ്പര വിശ്യാസത്തോടെയുള്ള പ്രണയ ബന്ധങ്ങളെ ലൗജിഹാദായി ചിത്രീകരിക്കരുതെന്ന് എൻ.ബി.ഡി.എസ്.എയുടെ ഉത്തരവിൽ പറഞ്ഞു. ഓരോ പൗരനും അവർ ഏത് മതത്തിൽ പെട്ടവരാണെങ്കിലും ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാൻ അവർക്ക് അവകാശമുണ്ടെന്നും ഉത്തരവിൽ കൂട്ടിച്ചേർത്തു.

രാജ്യത്തെവിടെയും ലൗജിഹാദിന്റെ പേരിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് 2020 ഫെബ്രുവരി നാലിന് ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ രേഖാമൂലം മറുപടി നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള മിശ്ര വിവാഹങ്ങളുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ എന്‍.ഐ.എ അന്വേഷിച്ചിട്ടും ലൗ ജിഹാദുമായി ബന്ധപ്പെട്ട ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ലെന്നത് കേന്ദ്ര സര്‍ക്കാര്‍ തന്നെ പാര്‍ലമെന്റില്‍ സമ്മതിച്ചതാണ്. കേരള ഹൈക്കോടതി ഉള്‍പ്പടെയുള്ള വിവിധ കോടതികള്‍ ഇത് ശരിവെക്കുകയും ചെയ്തതാണെന്ന് എന്‍.ബി.ഡി.എസ്.എയുടെ ഉത്തരവില്‍ പറഞ്ഞു.

ഗൗരവമേറിയ ആത്മപരിശോധനക്ക് ശേഷം മാത്രമേ ഭാവിയിൽ ലൗജിഹാദെന്ന വാക്ക് ചാനലുകളിൽ ഉപയോഗിക്കാൻ പാടുള്ളൂ. കുറച്ച് വർഷങ്ങളായി ഇന്ത്യയിലെ വാർത്താ ചാനലുകളിൽ വിദ്വേഷപരമായ വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നത് ആശങ്കാജനകമായ കാര്യമാന്നെും ഉത്തരവിൽ പറഞ്ഞു.

2023ലും മൂന്ന് വാർത്താ ചാനലുകളോട് അവരുടെ പരിപാടികൾ നീക്കം ചെയ്യാൻ കമ്മിറ്റി ഉത്തരവിട്ടിരുന്നു. ന്യൂസ് 18 ഇന്ത്യയും ടൈംസ് നൗ ചാനലും കഴിഞ്ഞ വർഷവും ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു.

Contant Highlight: News Broadcasting Authority Orders Times Now Navbharat, News 18 India, Aaj Tak to Take Down 3 TV Shows