| Saturday, 7th March 2020, 8:23 pm

'വാര്‍ത്താ വിതരണ മന്ത്രിയറിയാതെ മാധ്യമങ്ങള്‍ക്കെങ്ങനെ വിലക്ക് വന്നു'? അന്വേഷണം നടത്തണമെന്ന് എന്‍.ബി.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ വിതരണ മന്ത്രി പ്രകാശ് ജാവ്‌ദേകര്‍ അറിയാതെ എങ്ങനെയാണ് കേരളത്തിലെ രണ്ട് മാധ്യമങ്ങള്‍ക്ക് വിലക്ക് വന്നതെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യ. വാര്‍ത്താ വിതരണ മന്ത്രിയെയോ പ്രധാനമന്ത്രിയെയോ അറിയിക്കാതെ ഇത്തരം ഒരു തീരുമാനം ഉദ്യോഗസ്ഥര്‍ എങ്ങനെയെടുത്തു എന്നതിനെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും എന്‍.ബി.എ പറഞ്ഞു.

ഏഷ്യാനെറ്റിനും മീഡിയാവണിനും വടക്കു കിഴക്കന്‍ ദല്‍ഹിയിലെ കലാപം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് 48 മണിക്കൂര്‍ നേരത്തേക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിയെ എന്‍.ബി.എ അപലപിക്കുകയും ചെയ്തു.

വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ പരാതികളും പരിഗണിക്കേണ്ടത് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോരിറ്റിയാണെന്നും എന്‍ബിഎയുടെ പ്രസ്താവനയില്‍ വിശദീകരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസത്തേതു പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന എ കെ സിക്രി അധ്യക്ഷനായ സമിതി തന്നെ ഇത്തരം പരാതികള്‍ പരിഗണിക്കണമെന്നും എന്‍.ബി.എ ആവശ്യപ്പെട്ടു.

മാര്‍ച്ച് ആറാം തീയ്യതിയായിരുന്നു ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും 48 മണിക്കൂര്‍ നേരത്തേക്ക് സംപ്രേക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തി മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് ഉത്തരവിറക്കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ചാനലുകളെ 48 മണിക്കൂര്‍ വിലക്കിയതെന്നാണ് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more