മുംബൈ: സ്വന്തം അഭിപ്രായങ്ങളും വാര്‍ത്തകളും തമ്മില്‍ കൂട്ടികലര്‍ത്തുന്നത് അപകടകരമാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. ഏറ്റുമുട്ടല്‍ രാഷ്ട്രീയത്തിന്റെയും മത്സര പത്രപ്രവര്‍ത്തനത്തിന്റെയും കൂട്ടികലര്‍ത്തലിനെക്കാളും മാരകമായ മറ്റൊന്നും ജനാധിപത്യത്തിനെതിരായി ഉണ്ടാകില്ലെന്നും ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു.
മുംബൈയില്‍ പത്രപ്രവര്‍ത്തന രംഗത്തെ മികവിനുള്ള റെഡ് ഇങ്ക് അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
‘മാധ്യമപ്രവര്‍ത്തകര്‍ ഒരു അര്‍ത്ഥത്തില്‍ ജഡ്ജിമാരെപ്പോലെയാണ്. പ്രത്യയശാസ്ത്രങ്ങളും പ്രിയപ്പെട്ട വിശ്വാസങ്ങളും പരിഗണിക്കാതെയും സ്വാധീനത്തില്‍പ്പെടാതെയും മാധ്യമപ്രവര്‍ത്തകര്‍ കടമ നിര്‍വഹിക്കണം. പൂര്‍ണ്ണവും കൃത്യവുമായ ഒരു ചിത്രം നല്‍കുന്നതിന് നിങ്ങള്‍ വസ്തുതകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യണം’ എന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.
ഭാഗികമായി മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നതും വിഷയത്തിന് ഒരു പ്രത്യേക നിറം നല്‍കുന്നതും വലിയ പ്രശ്‌നമാണ്. ചെറി പിക്കിംഗ് പോലെ ഒരു പ്രത്യേക അജണ്ടയ്ക്ക് അനുയോജ്യമായ രീതിയില്‍ ഒരു സംഭാഷണത്തിന്റെ തെരഞ്ഞെടുത്ത ഭാഗങ്ങള്‍ മാത്രം സന്ദര്‍ഭത്തിന് അനുയോജ്യമല്ലാത്ത രീതിയില്‍ ഹൈലൈറ്റ് ചെയ്യാറുണ്ട്. എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു പത്രപ്രവര്‍ത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഒരാളെന്ന നിലയില്‍, മാധ്യമപ്രവര്‍ത്തകരുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എനിക്ക് മനസ്സിലാക്കാന്‍ കഴിയും. അധികാര കേന്ദ്രങ്ങളോട് സത്യം പറയുകയും സമൂഹത്തിന് മുന്നില്‍ കണ്ണാടിയാവുകയും ചെയ്യുക എന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്, അത് നിറവേറ്റാന്‍ വളരെ പ്രയാസമാണ്. എന്നും അദ്ദേഹം പറഞ്ഞു.
സമകാലിക ലോകത്ത്, ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിങ്ങളുടെ കടമ നിര്‍വഹിക്കുന്നത് റേസറിന്റെ അരികില്‍ നൃത്തം ചെയ്യുന്നതിന് തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വക്കീല്‍ തൊഴില്‍ മാന്യമായ ഒരു തൊഴിലാണെന്ന് പലപ്പോഴും പറയാറുണ്ട്. മാധ്യമപ്രവര്‍ത്തകന്റെ ജോലി മഹത്തായതും ജനാധിപത്യത്തില്‍ അഭിവാജ്യവുമാണെന്ന് തനിക്ക് പറയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ജഡ്ജിയെ പോലെ , ഒരു മാധ്യമപ്രവര്‍ത്തകനും ശക്തമായ ധാര്‍മ്മികത ഉണ്ടായിരിക്കണം. ഈ തൊഴിലില്‍ മനസ്സാക്ഷിയാണ് മാധ്യമപ്രവര്‍ത്തകരുടെ വഴികാട്ടിയെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ദീഖിക്കും കൊവിഡ് കാലത്ത് മരിച്ച മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്കും ചീഫ് ജസ്റ്റിസ് പ്രസംഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
News and Views Cocktail by journalists is a dangerous move; Chief Justice NV Ramana