| Thursday, 21st June 2018, 8:44 am

അഭയാര്‍ത്ഥി കുഞ്ഞുങ്ങളെ തടവിലിട്ടിരിക്കുന്ന സംഭവം; ബ്രേക്കിംഗ് ന്യൂസ് വായിക്കുന്നതിനിടെ കരച്ചിലടക്കാനാവാതെ വാര്‍ത്താവതാരക (വീഡിയോ)

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: അഭയാര്‍ത്ഥികളായി കടന്ന് വരുന്നവരുടെ കുട്ടികളെ രക്ഷിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്തി തടവിലിട്ടിരിക്കുന്ന വാര്‍ത്ത വായിക്കുന്നതിനിടെ തേങ്ങിക്കരഞ്ഞ വാര്‍ത്താ അവതാരകയുടെ വീഡിയോ വൈറലാകുന്നു.

അമേരിക്കയിലെ വാര്‍ത്താ ചാനലുകളില്‍ ഒന്നായ എം.എസ്.എന്‍.ബി.സിയിലെ അവതാരകയായ റേച്ചല്‍ മാഡോയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. അഭയാര്‍ത്ഥികളായി കടന്ന് വരുന്ന കുടിയേറ്റക്കാരായ കുഞ്ഞുങ്ങളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്തി തടവിലിട്ടിരിക്കുന്ന വാര്‍ത്ത വായിക്കുകയായിരുന്നു റേച്ചല്‍.

വാര്‍ത്ത വായിക്കുന്നതിനിടെ ബ്രേക്കിംഗ് ന്യൂസ് ആയി ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം റേച്ചലിന് ലഭിക്കുകയായിരുന്നു. മാതാപിതാക്കളില്‍നിന്ന് കുട്ടികളെ നിര്‍ബന്ധപൂര്‍വം വേര്‍പെടുത്തുന്നതായുള്ള വാര്‍ത്ത വായിക്കുന്നതിനിടെ റേച്ചല്‍ കരഞ്ഞു പോകുകയായിരുന്നു. തുടര്‍ന്ന് വാര്‍ത്ത പൂര്‍ണമാക്കാന്‍ കഴിയാതെ റിപ്പോര്‍ട്ടറോട് വിശദാശംങ്ങള്‍ പറയാന്‍ റേച്ചല്‍ പറയുകയായിരുന്നു.


Also Read ‘ആ കരച്ചിലുകള്‍ വേദനിപ്പിക്കുന്നു; ഈ ക്രൂരതയ്ക്ക് ഒരു ന്യായീകരണവുമില്ല’ ട്രംപിന്റെ അഭയാര്‍ത്ഥി നയത്തിനെതിരെ പൊട്ടിത്തെറിച്ച് ജെറമി കോര്‍ബിന്‍


അഭയാര്‍ത്ഥി നയത്തിന്റെ പേരില്‍ മാതാപിതാക്കളില്‍ നിന്നും വേര്‍പ്പെടുത്തിയ കുട്ടികളെ തടവിലിട്ടിരിക്കുന്നത് ടെക്സാസിലെ ലാ പെരേരയെന്ന് അഭയാര്‍ത്ഥികള്‍ വിളിക്കുന്ന കേന്ദ്രത്തില്‍ ആണ് ഇവിടെ വലിയ കൂടുകള്‍ക്കുള്ളിലാണ് മാതാപിതാക്കള്‍ക്കിടയില്‍ നിന്നും വേര്‍പെടുത്തിയ കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നത്.അഭയാര്‍ത്ഥികള്‍ കഴിയുന്ന തടവറയുടെ ദൃശ്യങ്ങള്‍ യു.എസിലെ കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി കഴിഞ്ഞ ദിവസം ഷെയര്‍ ചെയ്തിരുന്നു.

മാതാപിതാക്കളില്‍ നിന്ന് കുട്ടികളെ അകറ്റിനിര്‍ത്തുന്ന അമേരിക്കയുടെ അഭയാര്‍ത്ഥി നയത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ലോകത്തിന്റെ പലഭാഗത്തുനിന്നും ഉയരുന്നത്.
മറ്റ് രാജ്യങ്ങളെപ്പോലെ അമേരിക്കയെ ഒരു അഭയാര്‍ത്ഥി ക്യാമ്പായി മാറ്റാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് ഈ ക്രൂരതയെ ന്യായീകരിക്കുന്നത്.

ഏപ്രിലില്‍ തുടങ്ങിയ നടപടിയുടെ ഭാഗമായി 2000ത്തോളം കുട്ടികളെയാണ് മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്തി ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇവരുടെ മാതാപിതാക്കളെ സുരക്ഷാ സേന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്യുന്നുണ്ട്.


ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.

We use cookies to give you the best possible experience. Learn more