വാഷിംഗ്ടണ്‍: പഠനകാലത്ത് ഫലസ്തീനിന് അനുകൂലമായി ട്വീറ്റ് ചെയ്തതിന്റെ പേരില്‍ ജൂതവംശജയായ മാധ്യമപ്രവര്‍ത്തകയെ പുറത്താക്കിയ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി അസോസിയേറ്റഡ് പ്രസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മാധ്യമപ്രവര്‍ത്തക എമിലി വൈല്‍ഡര്‍ ഫലസ്തീന്‍ അനുകൂലിയാണെന്ന് പറഞ്ഞുകൊണ്ട് തീവ്ര വലതുപക്ഷക്കാര്‍ ആരംഭിച്ച വിദ്വേഷ പ്രചാരണത്തെ തുടര്‍ന്നായിരുന്നു അസോസിയേറ്റഡ് പ്രസ് ഇവരെ പുറത്താക്കിയത്.
സോഷ്യല്‍ മീഡിയ പോളിസികള്‍ ലംഘിച്ചുവെന്നാണ് തന്നെ പുറത്താക്കാനുള്ള കാരണമായി അസോസിയേറ്റഡ് പ്രസ് പറഞ്ഞതെന്നും എന്നാല്‍ ഏത് ട്വീറ്റുകളാണ് ഇതിന് കാരണമായതെന്ന് വ്യക്തമാക്കിയില്ലെന്നും എമിലി വൈല്‍ഡര്‍ പറഞ്ഞു. ജൂതവംശജയായ എമിലി വൈല്‍ഡര്‍ ഫലസ്തീനികളുടെ മനുഷ്യവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ഇസ്രാഈല്‍ അധിനിവേശത്തിനെതിരെ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
മെയ് മൂന്നിനാണ് 22കാരിയായ എമിലി ജോലിയില്‍ പ്രവേശിച്ചത്. മസ്ജിദുല്‍ അഖ്‌സയിലും ഗാസയിലും ഇസ്രാഈല്‍ ആക്രമണം ആരംഭിച്ചതിന്റെ കൂടി പശ്ചാത്തലത്തില്‍ എമിലി പഠിച്ച സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ തീവ്ര വലതുപക്ഷക്കാരായ ചിലര്‍ ഇവര്‍ക്കെതിരെ ക്യാംപെയ്ന്‍ ആരംഭിക്കുകയായിരുന്നു.
എമിലി ഇസ്രഈല്‍ വിരുദ്ധയും ജൂതവിരുദ്ധയുമാണെന്ന് മുന്‍കാല ട്വീറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ട് ട്വിറ്ററില്‍ ചിലര്‍ വിദ്വേഷപ്രചരണം അഴിച്ചുവിട്ടു. ചില വലതുപക്ഷ അനുകൂല മാധ്യമങ്ങള്‍ ഇത് ചര്‍ച്ചയാക്കുക കൂടി ചെയ്തതോടെ അസോസിയേറ്റഡ് പ്രസ് എമിലിയെ പുറത്താക്കുകയായിരുന്നു.
ഫലസ്തീന്‍ – ഇസ്രാഈല്‍ വിഷയത്തില്‍ പക്ഷപാതപരമായ നിലപാടുകണ്ടാകരുതെന്നും ആ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന തങ്ങളുടെ മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷക്ക് ഭീഷണിയാകരുതെന്നുമുള്ള ഉദ്ദേശങ്ങളാണ് നടപടിക്ക് പിന്നിലെന്നാണ് അസോസിയേറ്റഡ് പ്രസിന്റെ വാദം.
My statement on my termination from The Associated Press. pic.twitter.com/kf4NCkDJXx
— emily wilder (@vv1lder) May 22, 2021
എന്നാല്‍ താന്‍ അന്താരാഷ്ട്ര റിപ്പോര്‍ട്ടിങ്ങ് വിഭാഗത്തിലല്ലായിരുന്നു ജോലി ചെയ്തിരുന്നതെന്നും അതുകൊണ്ട് തന്നെ പക്ഷപാതപരമായ റിപ്പോര്‍ട്ടിങ്ങിന്റെ സാധ്യത പോലും നിലനില്‍ക്കുന്നില്ലെന്നും എമിലി ചൂണ്ടിക്കാട്ടുന്നു. തികച്ചും അന്യായമായ നടപടിയാണ് തനിക്കെതിരെ ഉണ്ടായിരിക്കുന്നതെന്നും എമിലി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
എമിലിക്കെതിരെയുണ്ടായ നടപടിയില്‍ അസോസിയേറ്റഡ് പ്രസിനെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. ഫലസ്തീന്‍ അനുകൂല കാഴ്ചപ്പാടിന്റെ പേരില്‍ ഒരാളെ ജോലിയില്‍ നിന്നും പുറത്താക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് നിരവധി മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.
A clear message sent by the AP to aspiring journalists passionate about making the world a better, more just place: there is no place for you in our newsroom https://t.co/as0yNvmFrM
— Wesley (@WesleyLowery) May 22, 2021
വസ്തുതാപരം, നിഷ്പക്ഷം എന്നീ ആശയങ്ങളെ കുറിച്ച് അമേരിക്കന്‍ മാധ്യമലോകം പുനര്‍വിചിന്തനം നടത്തേണ്ട സമയമാണിതെന്നും ഈ ആശയങ്ങള്‍ മാറ്റങ്ങളില്ലാതെ തുടരാന്‍ മാത്രമാണ് സഹായിക്കുന്നതെന്ന് മുന്‍ അമേരിക്കന്‍ നഗര വികസന വകുപ്പ് സെക്രട്ടറി ജൂലിയന്‍ കാസ്‌ട്രോ പറഞ്ഞു. വസ്തുതയും നിഷ്പക്ഷതയുമൊക്കെ ആര്‍ക്കാണ് ഇത്രയും നാള്‍ പ്രയോജനം ചെയ്തത് എന്നുകൂടി ആലോചിക്കണമെന്നും ജൂലിയന്‍ കാസ്‌ട്രോ കൂട്ടിച്ചേര്‍ത്തു.
ലോകത്തില്‍ കൂടുതല്‍ ന്യായവും നീതിയും പുലരാനായി പ്രവര്‍ത്തിക്കണം എന്ന് ആഗ്രഹിക്കുന്ന യുവ മാധ്യമ പ്രവര്‍ത്തകര്‍ക്ക് തങ്ങള്‍ക്കിടയില്‍ സ്ഥാനമില്ലെന്ന് അസോസിയേറ്റഡ് പ്രസ് വ്യക്തമാക്കിയിരിക്കുകയാണെന്നും സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ പറയുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: News Agency AP slammed for sacking reporter Emily Wilder for supporting Palestine