എസ്.ബി.ടി അറ്റാദായത്തില്‍ വന്‍ ലാഭം
Big Buy
എസ്.ബി.ടി അറ്റാദായത്തില്‍ വന്‍ ലാഭം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th January 2013, 1:39 pm

മുംബൈ : 2012-13  വര്‍ഷത്തെ മൂന്നാംത്രൈമാസത്തില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അറ്റാദായത്തില്‍ 31 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 101 കോടിയുടെ സ്ഥാനത്ത് 31 ശതമാനം വര്‍ദ്ധിച്ച് 132 കോടിയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്.

വര്‍ഷാനുവര്‍ഷം 14.04% വളര്‍ച്ചയോടെ അസല്‍ പലിശവരുമാനം 1325 കോടി രൂപയില്‍ നിന്ന് 1511 കോടി രൂപയായി. സാമ്പത്തികവര്‍ഷ മൂന്നാം
ത്രൈമാസാന്ത്യത്തില്‍ ബാങ്കിന്റെ അസല്‍ പ്രവര്‍ത്തനവരുമാനം വര്‍ഷാനുവര്‍ഷം 9.75 ശതമാനം വര്‍ധനയോടെ 1799 കോടിരൂപയില്‍ നിന്നു 1975 കോടിരൂപയായി.

ബാസല്‍ 2 ചട്ടക്കൂടിന് കീഴിലെ മൂലധനനഷ്ടസാധ്യതാ ആസ്തി അനുപാതം സാമ്പത്തികവര്‍ഷ മൂന്നാംത്രൈമാസാന്ത്യത്തില്‍ 11.40% ത്തില്‍ നില്‍ക്കുന്നു. ആകെ നിഷ്‌ക്രിയാസ്തികള്‍ മുന്‍വര്‍ഷ സമാനകാലയളവിലെ 2.82 ശതമാനത്തില്‍ നിന്നു വര്‍ധിച്ച് 3.04 ശതമാനമായി.

145000 കോടി രൂപ കടന്ന് ബാങ്കിന്റെ മൊത്തം ബിസിനസ് 2012 ഡിസംബര്‍ അന്ത്യത്തില്‍ 145603 കോടിരൂപയായി. നിക്ഷേപങ്ങള്‍ ഒരു വര്‍ഷം മുമ്പത്തെ 66079 കോടി രൂപയുടെ സ്ഥാനത്ത് 21 ശതമാനം വളര്‍ച്ചയോടെ 80043 കോടിരൂപയായി. പ്രവാസി നിക്ഷേപങ്ങളില്‍ 4518 കോടിരൂപയുടെവര്‍ദ്ധനവാണ് ഉണ്ടായത്.

വര്‍ഷാനുവര്‍ഷാടിസ്ഥാനത്തില്‍ ബാങ്കിന്റെ ലാഭം 25 ശതമാനം വളര്‍ച്ചയോടെ മുന്‍വര്‍ഷത്തിലെ ആദ്യത്തെ ഒന്‍പതു മാസത്തെ 357 കോടി രൂപയില്‍ നിന്നു 449 കോടി രൂപയായി. വായ്പകളിലെ വളര്‍ച്ചയിലൂടെ കൈവന്ന വര്‍ധിത പലിശ വരുമാനം അറ്റാദയവളര്‍ച്ചയ്ക്കു സഹായകമായെന്നു റിപ്പോര്‍ട്ട് അവതരിപ്പിച്ച് കൊണ്ട എസ്ബിടി മാനേജിംഗ് ഡയറക്ടര്‍ പി.നന്ദകുമാരന്‍ പറഞ്ഞു. സ്‌റ്റേറ്റ്ബാങ്ക് ഗ്രൂപ്പ് ചെയര്‍മാന്‍ പ്രദീപ് ചൗധരി യോഗത്തില്‍  അധ്യക്ഷത വഹിച്ചു.