national news
മോദിയെക്കുറിച്ചുള്ള വാര്‍ത്ത നല്‍കി; ദക്ഷിണാഫ്രിക്കന്‍ വാര്‍ത്താ പോര്‍ട്ടലിന് ഇന്ത്യയില്‍ നിന്നും സൈബര്‍ അറ്റാക്ക്
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഇന്ത്യയില്‍ നിന്നും സൈബര്‍ അറ്റാക്ക് നേരിട്ടതായി സൗത്ത് ആഫ്രിക്കന്‍ ന്യൂസ് വെബ്‌സൈറ്റ്. ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ഒരു കാബിനറ്റ് മന്ത്രിയെ മാത്രമേ സ്വീകരിക്കാന്‍ അയച്ചുള്ളൂവെന്നതിന്റെ പേരില്‍ മോദി തന്റെ എയര്‍ക്രാഫ്റ്റില്‍ നിന്നും ഇറങ്ങാന്‍ വിസമ്മതിച്ചുവെന്ന വാര്‍ത്ത നല്‍കിയ ഡിജിറ്റല്‍ ന്യൂസ് വെബ്‌സൈറ്റായ ഡെയ്‌ലി മവേറിക്കിനാണ് ഇന്ത്യയില്‍ നിന്നും സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നതെന്ന് സ്‌ക്രോള്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡി.ഡി.ഒ.എസിന് തങ്ങള്‍ വിധേയരായെന്ന് ഡെയ്‌ലി മവേറിക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റൈലി ഷരാംലംബസ് അറിയിച്ചു. ഒരു വെബ്‌സൈറ്റിനെയോ സെര്‍വറിനെയോ തകര്‍ക്കാനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു തരം സൈബര്‍ ആക്രമണമാണ് ഡിസ്ട്രിബ്യൂട്ടഡ് ഡിനിയല്‍ സര്‍വീസ് അഥവാ ഡി.ഡി.ഒ.എസ്.
‘കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പ് സൈറ്റ് പെട്ടെന്ന് പ്രവര്‍ത്തനരഹിതമായി. ഞങ്ങള്‍ വളരെ വേഗത്തില്‍ സൈറ്റിനെ വീണ്ടെടുക്കുകയും ഡി.ഡി.ഒ.എസ് ആക്രമണമാണ് നടന്നതെന്ന് മനസിലാക്കുകയും ചെയ്തു. അന്വേഷിച്ചപ്പോള്‍ അത് ഇന്ത്യയില്‍ നിന്നുള്ള സെര്‍വറുകളില്‍ നിന്നാണെന്ന് മനസിലായി,’ ഡെയ്‌ലി മവെറിക് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയിലെ ജനങ്ങള്‍ ഈ വാര്‍ത്തകള്‍ വായിക്കാതിരിക്കലാണ് ആക്രമണത്തിന്റെ പിന്നിലുള്ള ലക്ഷ്യമെന്ന് എഡിറ്റര്‍ ഇന്‍ ചീഫ് ബ്രാങ്കോ ബ്രിക്കിക് പറഞ്ഞു. സൈറ്റിന്റെ സമഗ്രത സംരക്ഷിക്കാന്‍ ഇന്ത്യയിലെ മുഴുവന്‍ ഡൊമൈനുകളും തടയുകയല്ലാതെ വേറൊരു വഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു മോദി സൗത്ത് ആഫ്രിക്കയിലെത്തിയത്. പ്രെടോറിയയിലെ വാട്ടര്‍ക്ലൂഫ് എയര്‍ ഫോഴ്‌സ് ബേസിലെ എയര്‍ക്രാഫ്റ്റില്‍ നിന്നും ഇറങ്ങി വരാന്‍ മോദി വിസമ്മതിച്ചതായി ഡെയ്‌ലി മെവെറിക് ഓഗസ്റ്റ് 22ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രമഫോസ ഡെപ്യൂട്ടി പ്രസിഡന്റായ പോള്‍ മാഷറ്റെലിനെ അദ്ദേഹത്തെ സ്വീകരിക്കാന്‍ അയക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എന്നാല്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തിങ്കളാഴ്ച രാത്രി എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ സിറില്‍ നേരിട്ട് ടാര്‍മാര്‍ക്കിലെത്തിയെന്നും ഡെയ്‌ലി മെവെറിക് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഡെയ്‌ലി മവെറിക് പറയുന്നത് കളവാണെന്ന് ഡെപ്യൂട്ടി പ്രസിഡന്റിന്റെ ഓഫീസ് ഇന്ത്യന്‍ ന്യൂസ് ചാനലായ ഡബ്ല്യു.ഐ.ഒ.എന്നിനോട് പറഞ്ഞു.
‘ ഇന്ത്യന്‍ പ്രധാനമന്ത്രി എത്തുമെന്നും അദ്ദേഹത്തെ സ്വീകരിക്കുമെന്നും വൈസ് പ്രസിഡന്റിന് നേരത്തെ അറിയാം. പ്രധാനമന്ത്രി പുറത്തേക്കിറങ്ങുന്നതിന് മുമ്പേ അദ്ദേഹം അവിടെയുണ്ടായിരുന്നു,’ അവര്‍ പറഞ്ഞു.
എന്നാല്‍ ഈ വാര്‍ത്തയില്‍ ഉറച്ച് നില്‍ക്കുന്നതായും ഇനിയുണ്ടാകുന്ന സംഭവവികാസങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയും ചെയ്യുമെന്നും ഡെയ്‌ലി മെറിക് പറഞ്ഞു.
content highlights: News about Modi was given; Cyber attack on South African news portal from India