|

ജയിലില്‍ നിന്ന് തനിക്ക് സന്ദേശമയച്ചുവെന്നുള്ള വാര്‍ത്ത തെറ്റെന്ന് രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്
chennithala-01കോഴിക്കോട്: ജയിലില്‍ നിന്ന് തനിക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സന്ദേശം വന്നുവെന്നുള്ള വാര്‍ത്ത തെറ്റെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.”നിയമസഭയില്‍ നടന്ന അനിഷ്ടസംഭവത്തെ അപലപിച്ചുകൊണ്ട് ജയിലില്‍ കിടക്കുന്ന ഒരാള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി എനിക്ക് മെസ്സേജ് അയച്ചു എന്നതരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത ശരിയല്ല.” രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതി തനിക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സന്ദേശയമച്ചുവെന്നാണ് താന്‍ പറയാന്‍ ഉദ്യേശിച്ചതെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. തെറ്റായി പ്രസംഗിച്ചതില്‍ അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു.

“നേരത്തെ സെന്‍ട്രല്‍ ജയിലില്‍ കിടന്നിരുന്ന കൊലക്കേസ് പ്രതി എനിക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി മെസ്സേജ് അയച്ചു എന്നാണ് ഞാന്‍ യു.ഡി.എഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പ്രസംഗിച്ചപ്പോള്‍ ഉദ്ദേശിച്ചത്. അല്ലാതെ ജയിലില്‍ കിടക്കുന്ന ആള്‍ എനിക്ക് മെസ്സേജ് അയച്ചു എന്ന തരത്തില്‍ തെറ്റായി പ്രസംഗിച്ചതില്‍ ഖേദിക്കുന്നു.”

കൊലക്കേസില്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി തനിക്ക് മൊബൈല്‍ സന്ദേശമയച്ചുവെന്ന് ചെന്നിത്തല പറഞ്ഞുവെന്നാണ് വാര്‍ത്ത വന്നിരുന്നത്. യു.ഡി.എഫ് പൊതു യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. “നിയമസഭയിലെ സംഭവങ്ങളില്‍ ലജ്ജിക്കുന്നു”വെന്നാണ് സന്ദേശം എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.