തിരുവനന്തപുരം: ഹലാലല്ലാത്ത ഭക്ഷണം കഴിക്കുമോ എന്ന് ലീഗ് പ്രതിനിധിയായ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയോട് നിങ്ങള്‍ക്ക് ചോദിക്കാന്‍ കഴിയുമോ എന്ന ബി.ജെ.പി പ്രതിനിധി പ്രഫുല്‍ കൃഷ്ണയുടെ ചോദ്യത്തിന്, സൗകര്യമില്ലെന്ന് മറുപടി നല്‍കി അവതാരക ഷാനി പ്രഭാകര്‍. മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയിലായിരുന്നു സംഭവം.
‘ഭക്ഷണത്തില്‍ വിഭാഗീയത കലര്‍ത്തുന്നതാര്’ എന്ന തലക്കെട്ടിലായിരുന്നു ചര്‍ച്ച. സി.പി.ഐ.എം പ്രതിനിധിയായി ഡി.വൈ.എഫ്.ഐ നേതാവ് എം. ഷാജര്‍ രാഷ്ട്രീയ നിരീക്ഷകനായി അഷ്‌റഫ് കടക്കല്‍, മുസ്‌ലിം ലീഗ് പ്രതിനിധിയായി എം. ഷംസുദ്ദീന്‍, ബി.ജെ.പിയെ പ്രതിനിധീകരിച്ച് പ്രഫുല്‍ കൃഷ്ണ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഭക്ഷണത്തിന്റെ ചുമതലയുണ്ടായിരുന്ന പഴയിടം നമ്പൂതിരിയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച. ഇതിനിടയിലാണ് സ്‌കൂള്‍ കലോത്സവത്തില്‍ നോണ്‍ വെജ് വിളമ്പുന്നത് സംബന്ധിച്ച് ആരെങ്കിലും അഭിപ്രായമുന്നയിച്ചാല്‍ അതെങ്ങനെ പ്രശ്‌നമാകുമെന്ന് ബി.ജെ.പി. പ്രതിനിധിയോട് അവതാരക ഷാനി പ്രഭാകര്‍ ചോദിക്കുന്നത്.
ഇതിന് ഹലാലല്ലാത്തത് ഷംസുദ്ദീന്‍ കഴിക്കുമോയെന്നത് ചോദിക്കാമോ എന്ന് ഷാനിയോട് ഇയാള്‍ തിരിച്ച് ചോദിക്കുകയായിരുന്നു. അപ്പോഴാണ് ‘ഭക്ഷണത്തില്‍ വിഭാഗീയത കലര്‍ത്തുന്നതാര്’ എന്ന ചര്‍ച്ചയില്‍ പാനലിസ്റ്റിന്റെ മതം നോക്കി ചോദ്യം ചോദിക്കാന്‍ സൗകര്യമില്ലെന്ന് ഷാനി തിരിച്ചടിച്ചത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കൊടുവില്‍, ഭക്ഷണത്തിന്റെ ചുമതലയുണ്ടായിരുന്ന പഴയിടം നമ്പൂതിരി കലോത്സവ പാചകത്തിന് ഇനിയില്ലെന്ന് പ്രസ്താവിച്ചിരുന്നു.
തന്നെ ഭയം പിടികൂടിയതായും, അതുകൊണ്ടുതന്നെ അടുക്കള നിയന്ത്രിക്കുന്നത് പ്രയാസമാകുമെന്നുമാണ് പഴയിടം നമ്പൂതിരി പറഞ്ഞത്. ഈ വിഷയത്തില്‍ പഴയിടത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ട്.
ഭക്ഷണത്തില്‍ ‘ജാതി കലര്‍ത്തി’യതുകൊണ്ടാണ് പഴിയിടം സ്‌കൂള്‍ കലോത്സവത്തിന്റെ പാചകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പിന്മാറിയതെന്നാണ് അദ്ദേഹത്തെ പിന്തുണക്കുന്നവരുടെ വാദം. എന്നാല്‍ ഭൂരിപക്ഷം കുട്ടികളും നോണ്‍ വെജായ കലോത്സവത്തില്‍ അത് ഉള്‍പ്പെടുത്തിക്കൂടെ എന്ന് പറയാനുള്ള അഭിപ്രായ സ്വാതന്ത്രമില്ലേ എന്നാണ് ഇതിനുള്ള മറുപടി ഉയരുന്നത്.