തൃശൂർ: തൃശൂർ ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നുവെന്ന വാർത്ത വ്യാജമാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
കടലേറ്റമുണ്ടാകുന്ന സമയത്ത് അപകടം ഒഴിവാക്കാൻ ബ്രിഡ്ജിലേക്കുള്ള പ്രവേശനം തടഞ്ഞ് ബ്രിഡ്ജിലെ ഘടകങ്ങൾ അഴിച്ചുമാറ്റുമെന്നും ഇതുകണ്ട ചിലർ പാലം തകർന്നതായി പ്രചരിപ്പിച്ചുവെന്നും മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.
ഈ പ്രചാരണം കേട്ടപാതി മനോരമ ഏറ്റുപിടിച്ച് വാർത്ത കൊടുക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
‘ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നതായി തെറ്റായ വാർത്ത ശ്രദ്ധയിൽ പെട്ടു. ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ രൂപകൽപന തന്നെ ഫ്ലെക്സിബിളായിട്ടാണ്. കടലിൽ ഒഴുകി നടക്കുന്നതിനൊപ്പം തന്നെ കടലേറ്റത്തിന്റെ സമയത്ത് അത് പെട്ടെന്ന് അഴിച്ചു മാറ്റാനും ഉതകുന്ന വിധത്തിൽ ഭാരം കുറഞ്ഞ പല ഘടകങ്ങൾ കൂട്ടിയോജിപ്പിച്ചാണ് അത് നിർമിച്ചിരിക്കുന്നത്.
തൃശൂർ ചാവക്കാട് വേലിയേറ്റ മുന്നറിയിപ്പ് ഉണ്ടായപ്പോൾ തന്നെ ബ്രിഡ്ജിലേക്കുള്ള പ്രവേശനം തടയുകയും അഴിച്ചു മാറ്റാൻ നടപടി തുടങ്ങുകയും ചെയ്തു. അതു കണ്ട ചിലർ പാലം തകർന്നതായി പ്രചരിപ്പിച്ചു. ഇതു കേട്ടപാതി മനോരമ അത് ഏറ്റുപിടിച്ചു. പ്രചരിക്കുന്ന ദൃശ്യങ്ങൾ ബ്രിഡ്ജ് തകർന്നതിന്റേതല്ല, സുരക്ഷിതമായി അഴിച്ചു മാറ്റുന്നതിന്റേതാണ്,’ റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പാലം തകർന്നതായുള്ള ദൃശ്യങ്ങൾ പ്രചരിച്ചപ്പോൾ തന്നെ ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് ഡയറക്ടർമാരിൽ ഒരാളായ ശരത് വേലിയേറ്റം കാരണം പാലം അഴിച്ചതാണെന്ന് വിശദീകരിച്ച് വീഡിയോ പുറത്തുവിട്ടിരുന്നു. പാലം തകർന്നെന്ന് പ്രചരിപ്പിച്ച പോസ്റ്റുകളിലെല്ലാം ഈ വീഡിയോ കമന്റ് ആയി പങ്കുവെച്ചെങ്കിലും വ്യാജ പ്രചാരണം തുടരുകയായിരുന്നു.
80 ലക്ഷം വെള്ളത്തിലായെന്നും ചാവക്കാട് ബീച്ചിൽ രണ്ട് മാസം മുമ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നുവെന്നും മനോരമ വാർത്തയും കാർട്ടൂണും നൽകിയിരുന്നു.
ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് രണ്ടായി വേർപെട്ടുവെന്നും അവധി ദിനം അല്ലാത്തതിനാൽ വൻ അപകടം ഒഴിവായെന്നും ഏഷ്യാനെറ്റ് ന്യൂസും വാർത്ത നൽകിയിരുന്നു
Content Highlight: News about Floating bridge in Chavakkad broken is fake says PA Muhammed Riyas