| Thursday, 26th October 2017, 9:11 pm

ദളിത് പ്രയോഗം നിരോധിച്ചിട്ടില്ലെന്ന് പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ദളിത് എന്ന വാക്ക് പ്രയോഗിക്കരുതെന്ന് സംസ്ഥാന പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ഉത്തരവിട്ടിട്ടില്ലെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഡോ.പി.എന്‍ വിജയകുമാര്‍. നേരത്തെ ദളിത് എന്ന പ്രയോഗം നിരോധിക്കാന്‍ സംസ്ഥാന പട്ടികജാതി കമ്മീഷന്‍ ഉത്തരവിട്ടതായുള്ള മാധ്യമവാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ വിശദീകരണം.

വിദ്യാഭ്യാസ ആനുകൂല്യത്തിനര്‍ഹായവരുടെ പട്ടിക പ്രസിദ്ധീകരിക്കുമ്പോള്‍ ദളിത് വിദ്യാര്‍ഥികള്‍ എന്ന് പ്രയോഗിക്കരുതെന്നും സര്‍ക്കാര്‍ ഇതു നിരോധിച്ചതാണെന്നും കാണിച്ച് ചില പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികള്‍ കമ്മീഷനു പരാതി നല്‍കിയിരുന്നു. ദേശീയ പട്ടികജാതി കമ്മീഷനാണ് 2007 നവംബര്‍ 5ന് ദളിത് പ്രയോഗം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.


Also Read: രാജ്യത്തെ നയിക്കാന്‍ രാഹുല്‍ഗാന്ധി പ്രാപ്തനെന്ന് ശിവസേന എം.പി സഞ്ജയ് റൗട്ട്; മോദി തരംഗം ഇല്ലാതായി


വിദ്യാഭ്യാസ ആനുകൂല്യം പോലുള്ള സര്‍ക്കാര്‍ ധനസഹായ പദ്ധതികളില്‍ പട്ടികജാതി, പട്ടികവര്‍ഗം എന്നതിനു പകരമായി ദളിത് എന്ന് പ്രയോഗിക്കരുതെന്നും ഭരണഘടനയിലേതു പോലെ പ്രയോഗിക്കണമെന്നുമാണ് ദേശീയ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളത്. അതുകൊണ്ട് ഭാഷാ പ്രയോഗങ്ങളില്‍ ഇടപെടാന്‍ സംസ്ഥാനകമ്മീഷന് അധികാരമില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

ഭരണാഘടനാപരമായി പട്ടികജാതി പട്ടികവര്‍ഗം എന്നതിനു പകരമായി ദളിത് എന്നു പ്രയോഗിക്കരുതെന്നു മാത്രമേ ദേശീയ കമ്മീഷന്‍ ഉദ്ദേശിച്ചിട്ടുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് ഈ മാസം 30 ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗില്‍ വാദം കേട്ട ശേഷം അന്തിമ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more