ന്യൂദല്‍ഹി: ഭീകരര്‍ക്കെതിരായ അതീവ രഹസ്യമായ ഓപ്പറേഷന് വേണ്ടി പുറപ്പെടുന്ന സൈനിക വാഹനത്തില്‍ ന്യൂസ് 18 മാധ്യമപ്രവര്‍ത്തകയെ പ്രവേശിപ്പിച്ച നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. സൈന്യത്തിന്റെയും ജമ്മുകാശ്മീര്‍ പൊലീസിന്റെയും സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ടീമിനൊപ്പം അവരുടെ വാഹനത്തില്‍ ഓടിക്കയറിക്കൊണ്ട് കഴിഞ്ഞ ദിവസം ന്യൂസ് 18 ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
അതീവ രഹസ്യമായ ഇത്തരം ഓപ്പറേഷനുകള്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് ആരാണ് മാധ്യമങ്ങളെ പ്രവേശിപ്പിച്ചതെന്നും ആരുടെ ഇമേജ് സംരക്ഷിക്കാനാണ് ഇത്തരം നാടകത്തിന് അവസരമൊരുക്കിയതെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. സൈനിക ഓപ്പറഷന്‍ എങ്ങനെയാണ് ഇതുപോലെ പരസ്യമാക്കാന്‍ കഴിയുക എന്നും, എന്ത് കൊണ്ടാണ് സുരക്ഷാസേനയെ ഇതുപോലെ പരിഹാസ പാത്രങ്ങളാക്കുന്നത് എന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.
ദല്‍ഹിയില്‍ നടന്ന ഉന്നതതല യോഗത്തിലെ തിരക്കഥ പ്രകാരം അരങ്ങേറിയ നാടകമായിരുന്നോ ഈ റിപ്പോര്‍ട്ടിങ്ങെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ‘ജമ്മു കാശ്മീരില്‍ കഴിഞ്ഞ 68 ദിവസത്തിനിടെ 17 ഭീകരാക്രമങ്ങള്‍ നടക്കുകയും 18 സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവിടെ ഇപ്പോഴും ഇത്തരം നാടകങ്ങളാണ് നടക്കുന്നത്. കെട്ടിപ്പൊക്കിയ കള്ളപ്പേര് സംരക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ നാടകം കളിക്കുകയാണ്’, കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ये वीडियो देखिए 👇🏼
अपनी झूठी साख बचाने के लिए मोदी सरकार ड्रामेबाजी पर उतर आई है।
जम्मू-कश्मीर में 68 दिनों में 17 आतंकी हमले हुए, जिसमें 18 जवान शहीद हो गए, लेकिन यहां नौटंकी की जा रही है। क्या यह करवाकर ध्यान भटकाने का प्रयास है?
सवाल है 👇
▫️ ये नौटंकी किसकी ‘छवि’ बचाने… pic.twitter.com/ufKrTxX2Vh
— Congress (@INCIndia) August 15, 2024
കഴിഞ്ഞ ദിവസമാണ് ജമ്മു കാശ്മീര്‍ പൊലീസിന്റെയും സൈന്യത്തിന്റെയും ഒരു സ്‌പെഷ്യന്‍ ഓപ്പറേഷന്‍ നടക്കുന്നത് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തത്. ഓപ്പറേഷന് വേണ്ടി പുറപ്പെടുന്ന വാഹനത്തിന് പുറത്തുനിന്നാണ് റിപ്പോര്‍ട്ടിങ് ആരംഭിച്ചതെങ്കിലും വാഹനം പുറപ്പെടാന്‍ തുടങ്ങിയതോടെ സൈന്യത്തിലുള്ളവര്‍ വനിത റിപ്പോര്‍ട്ടറെ വാഹനത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.
അവര്‍ അല്‍പ നേരം വാഹനത്തിന് പിറകെ നടന്നുകൊണ്ടും റിപ്പോര്‍ട്ടിങ് തുടര്‍ന്നു. അവര്‍ക്ക് വേണ്ടി വാഹനം പതുക്കെ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നീട് ഓപ്പറേഷന് വേണ്ടി പുറപ്പെടുന്ന വാഹനത്തിലേക്ക് ചാടിക്കയറി വാഹനത്തിന്റെ കതകിന് പുറത്ത് തൂങ്ങിയിരുന്ന് കൊണ്ടും അവര്‍ റിപോര്‍ട്ടിങ് തുടര്‍ന്നു. ഈ സമയത്തെല്ലാം ക്യാമറ അവരെ പിന്തുടരുകയും ചെയ്യുന്നുണ്ട്.
ഈ രീതിയില്‍ റിപോര്‍ട്ടിങ് തുടരാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുന്ന സൈനികനെയും ദൃശ്യത്തില്‍ കാണാം. ചലിക്കുന്ന വാഹനത്തില്‍ തൂങ്ങിയിരുന്ന് കൊണ്ടാണ് പിന്നീടുള്ള അവരുടെ റിപോര്‍ട്ടിങ് തുടര്‍ന്നത്. അതീവ രഹസ്യമായി നടക്കേണ്ട ഈ ഓപ്പറേഷന്‍ മുഴുവന്‍ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയതിനെയും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നുണ്ട്. ഈ റിപ്പോര്‍ട്ടിങിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിട്ട് കൊണ്ടാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
content highlights: News 18 reporting jumped into military operation vehicle, criticized Congress