| Tuesday, 25th June 2024, 9:23 am

ഹരിയാനയിൽ പൊലീസ് സംരക്ഷണം തേടിയ നവദമ്പതികൾ കൊല്ലപ്പെട്ടു; ഒരു മാസത്തിൽ നടക്കുന്ന മൂന്നാമത്തെ ദുരഭിമാനക്കൊല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഛത്തീസ്‌ഗഢ്: ഹരിയാനയിൽ പോലീസ് സംരക്ഷണം തേടിയ നവദമ്പതികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹരിയാനയിലെ ഹിസാർ ജില്ലയിൽ നിന്നുള്ള ദമ്പതികളായ തേജ്‌വീർ സിങ്ങും ഭാര്യ മീനയുമാണ് കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞ പിറ്റേ ദിവസം ഇവർ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് എത്തിയിരുന്നു. എന്നാൽ പിന്നീട് അപേക്ഷ പിൻവലിക്കുകയായിരുന്നു.

ദമ്പദികൾ ലാല ഹുക്കും ചന്ദ് ജെയിൻ പാർക്കിൽ ഇരിക്കുമ്പോൾ മുഖംമൂടിധാരികളായ രണ്ടുപേർ ബൈക്കിൽ വന്ന് വെടിയുതിർക്കുകയായിരുന്നു. അക്രമികൾ ഏഴ് തവണ വെടിയുതിർത്തിരുന്നു . ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇവരുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിനായി സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇരുവരുടെയും കൊലപാതകം ദുരഭിമാനക്കൊലയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

തേജ്‌വീർ ഹരിയാനയിലെ ബട്ല ഗ്രാമത്തിൽ നിന്നും മീന ഹാൻസിയിലെ സുൽത്താൻപൂരിൽ നിന്നുമാണ്. വിവാഹത്തെ പെൺകുട്ടിയുടെ കുടുംബം എതിർത്തിരുന്നു. തുടർന്ന് ഏപ്രിൽ 22 ണ് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വെച്ച് ഇരുവരും രഹസ്യമായി വിവാഹിതരായെന്ന് പൊലീസ് പറഞ്ഞു.

Also Read: 50 വർഷം പഴക്കമുള്ള അടിയന്തരാവസ്ഥക്ക് പകരം ഇന്നത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെക്കുറിച്ച് സംസാരിക്കൂ; മോദിയോട് ഖാർഗെ

‘പെൺകുട്ടിയുടെ കുടുംബം വിവാഹത്തിൽ അതൃപ്തരാണ് . അതിനാൽ തന്നെ ഇതൊരു ദുരഭിമാനക്കൊലപാതകമാകാനുള്ള സാധ്യതകൾ ഏറെയാണ്. ഞങ്ങൾ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്,’ ഹാൻസി പൊലീസ് സൂപ്രണ്ട് മഖ്‌സൂദ് അഹമ്മദ് ദി പ്രിന്റിനോട് പറഞ്ഞു.

കൊലപാതകികൾക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 302 പ്രകാരം പൊലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ട്. കൊലപാതക വിവരം പൊലീസ് ഇരു വീട്ടുകാരെയും അറിയിച്ചിരുന്നെങ്കിലും പെൺകുട്ടിയുടെ വീട്ടിൽ നിന്ന് ആരും വന്നില്ല.

വിവാഹത്തിന് തൊട്ടുപിന്നാലെ ഇവർ പൊലീസിൽ സംരക്ഷണം ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം സുരക്ഷിതരെന്ന് തോന്നിയതിനു പിന്നാലെ അപേക്ഷ പിൻവലിക്കുകയും ചെയ്തിരുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞ് രണ്ട് മാസം മാത്രമേ ആയിരുന്നുള്ളു.

Also Read: ജലക്ഷാമത്തില്‍ നിരാഹാരസമരം അഞ്ചാം ദിവസം; ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മന്ത്രി അതിഷിയെ ഹോസ്പിറ്റലിലേക്ക് മാറ്റി

ഹരിയാനയിൽ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ദുരഭിമാനക്കൊലയാണിത്. ജൂൺ 18ന് മൂത്ത സഹോദരിയെ സന്ദർശിക്കാനെന്ന വ്യാജേനെ വീട്ടിൽ എത്തിയ പ്രായപൂർത്തിയാകാത്ത സഹോദരൻ തന്റെ സഹോദരിയെയും ഭർത്താവിനെയും വെടി വെച്ച് കൊന്നിരുന്നു.

കൊലപാതകം നടന്ന ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ഇയാൾ ഇൻസ്റ്റഗ്രാമിൽ ലൈവിൽ വരികയും കൊലപാതകവിവരം പറയുകയും ചെയ്തിരുന്നു. പിന്നാലെ പൊലീസിൽ കീഴടങ്ങുകയും ചെയ്തു.

പെൺകുട്ടിയുടെ വീട്ടുകാരായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത് തുടർന്ന് പ്രായപൂർത്തിയാകാത്ത സഹോദരനോട് കൊല നടത്താൻ ആവശ്യപ്പെടുകയായിരുന്നു. മരിച്ച കോമള റാണി, ഗുജ്ജർ സമുദായത്തിൽ നിന്നുള്ള പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട യുവാവിലെ വിവാഹം കഴിച്ചിരുന്നു. അതെ തുടർന്നുള്ള വീട്ടുകാരുടെ എതിർപ്പാണ് കൊലപാതകത്തിലേക്ക് എത്തിയത്.

ആൺകുട്ടിയോട് ഫോണിൽ സംസാരിച്ചതിന് സ്വന്തം മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണ് മറ്റൊരു കേസ്. മകൾ സവജീത് കൗറിനെയാണ് 65 കാരനായ പിതാവ് ജഗദീഷ് സിങ് ജൂൺ 19ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഹൃദയാഘാതമാണ് മരണകരണമെന്നായിരുന്നു വീട്ടുകാർ പുറത്തു പറഞ്ഞിരുന്നത്. പിന്നീട് സാമൂഹിക പ്രവർത്തകനായ കർത്താർ സിങ്ങിന് മരണത്തിൽ സംശയം തോന്നുകയും പൊലീസിൽ അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് ജഗദീഷ് സിങ്ങിനെ അറസ്റ്റ് ചെയ്തു.

Content Highlight: Newlyweds who sought police cover shot dead in Haryana in 3rd case of ‘honour killing’ this month

We use cookies to give you the best possible experience. Learn more