തിരുവനന്തപുരത്ത് നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; വിവാഹം നടന്നത് രണ്ട് മാസം മുന്‍പ്
തിരുവനന്തപുരം: നെടുമങ്ങാട് നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അരുവിക്കര സ്വദേശി രേഷ്മയാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.
ജൂണ്‍ 12നാണ് ആറ്റിങ്ങല്‍ പൊഴികമുക്ക് സ്വദേശിയായ രേഷ്മ അരുവിക്കര സ്വദേശിയായ അക്ഷയ് രാജുമായി വിവാഹിതയാകുന്നത്. സംഭവ സമയത്ത് ഭര്‍ത്താവ് അക്ഷയ് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അക്ഷയ് പുറത്ത് പോയ സമയത്താണ് വീട്ടിലെ ബെഡ്‌റൂമിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ രേഷ്മയെ കണ്ടെത്തുന്നത്. തുടര്‍ന്ന് കുടുംബം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഭര്‍ത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നുവെന്ന സംശയം രേഷ്മക്കുണ്ടായിരുന്നതായാണ് വിവരം. ഇതിന്റെ മനോവിഷമത്താലാണ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന.
ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികളെല്ലാം പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടം നടന്നതിന് ശേഷമായിരിക്കും സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുക.
Content Highlights: Newlywed bride found hanged in Thiruvananthapuram